Kerala
ബി ജെ പിയുടെ ഔദാര്യത്തിലാണ് പിണറായി മുഖ്യമന്ത്രിയായതെന്ന് കെ സുധാകരന്‍
ഇന്ത്യാ സഖ്യത്തിന് വേണ്ടി പ്രചാരണത്തിനിറങ്ങാത്ത ഏക ബി ജെ പിയിതര മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ആരോപണം

തിരുവനന്തപുരം | ബി ജെ പിയുടെ ഔദാര്യത്തിലാണ് പിണറായി മുഖ്യമന്ത്രിയായതെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ ആരോപണം. കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പിണറായി വിജയനെ ആര്‍ എസ് എസ് പ്രചാരകാക്കണമെന്ന് കെ സുധാകരന്‍ പരിഹസിച്ചു. ബി ജെ പിയെ ഫാസിസ്റ്റ് എന്ന് വിളിക്കാന്‍ മുഖ്യമന്ത്രിയുടെ നാക്ക് പൊങ്ങുന്നില്ല. ഇന്ത്യാ സഖ്യത്തിന് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ്സിനെ മുഖ്യമന്ത്രി വളഞ്ഞിട്ട് ആക്രമിക്കുകയാണ്. മോദിയെയോ ബി ജെ പിയെയോ ഫാസിസ്റ്റ് എന്ന് വിളിക്കാന്‍ സി പി എമ്മിനെ മുഖ്യമന്ത്രി അനുവദിക്കില്ല. സി പി എം എന്ന് പറഞ്ഞാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് പിണറായി വിജയനായിട്ട് നാളേറെയായി. ലാവ്ലിന്‍ ഉള്‍പ്പെടെ എല്ലാ അഴിമതിക്കേസുകളിലും ബി ജെ പിയുമായി ധാരണയുണ്ടാക്കി. ഇന്ത്യാ സഖ്യത്തിനെതിരെ ബി ജെ പിയുടെ അഞ്ചാംപത്തിയായി പിണറായി പ്രവര്‍ത്തിച്ചു. സഖ്യത്തിന് വേണ്ടി പ്രചാരണത്തിനിറങ്ങാത്ത ഏക ബി ജെ പിയിതര മുഖ്യമന്ത്രി പിണറായി വിജയനാണെന്നും കെ സുധാകരന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ബി ജെ പിയുടെ വിജയങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ്സിന്റെ ശിഥിലീകരണ തന്ത്രമെന്നായിരുന്നു ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. ബി ജെ പിക്ക് മണ്ണൊരുക്കുന്ന കോണ്‍ഗ്രസ്സ് എന്ന തലക്കെട്ടിലായിരുന്നു ലേഖനം.