k sudhakaran's abuse
'മണിക്ക് ചിമ്പാന്‍സിയുടെ മുഖം തന്നെയല്ലെ'; അധിക്ഷേപ വാക്കുകളിൽ മാപ്പ് പറഞ്ഞ് കെ സുധാകരന്‍
യാതൊരു ന്യായീകരണത്തിനും മുതിരാതെ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
തിരുവനന്തപുരം | സി പി എം നേതാവും മുന്‍ മന്ത്രിയുമായ എം എം മണിക്കെതിരെ നടത്തിയ കടുത്ത അധിക്ഷേപ പരാമര്‍ശങ്ങളിൽ മാപ്പ് പറഞ്ഞ് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ഫേസ്ബുക്കിലാണ് അദ്ദേഹം ഖേദം പ്രകടിപ്പിച്ചത്. മഹിളാ കോണ്‍ഗ്രസ് മാര്‍ച്ചിലെ വിവാദ ഫ്‌ളക്‌സ് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് വംശീയ അധിക്ഷേപത്തിന് സമാനമായ രീതിയില്‍ കെ സുധാകരന്‍ പ്രതികരിച്ചത്. മണിയുടെ മുഖവും ചിമ്പാന്‍സിയുടെ മുഖവും ഒന്ന്. ഒറിജിനല്ലാതെ കാണിക്കാന്‍ പറ്റുമോ എന്നും കെ സുധാകരന്‍ ചോദിച്ചു. അത് അങ്ങനെയായി പോയതിന് ഞങ്ങളെന്ത് പിഴച്ചു. സ്രഷ്ടാവിനോടല്ലേ പോയി പറയേണ്ടതെന്നും സുധാകരന്‍ ചോദിച്ചിരുന്നു.
ഇന്നത്തെ പത്രസമ്മേളനത്തിൽ നടത്തിയൊരു പരാമർശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് ആലോചിച്ചപ്പോൾ തോന്നിയെന്ന് കെ സുധാകരൻ പറഞ്ഞു. ഒരുപാട് മനുഷ്യരെ അകാരണമായി ആക്ഷേപിച്ചൊരു ആളെക്കുറിച്ച് ചോദ്യം വന്നപ്പോൾ, പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ അധികം ചിന്തിക്കാതെ പ്രതികരിച്ചു പോയതാണ്. മനസ്സിൽ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നതും. തെറ്റിനെ തെറ്റായി തന്നെ കാണുന്നു. യാതൊരു ന്യായീകരണത്തിനും മുതിരാതെ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ചിമ്പാന്‍സിയുടെ ശരീരത്തില്‍ എം എം മണിയുടെ മുഖം ചേര്‍ത്തുള്ള ഫ്‌ളക്‌സുമായി മഹിളാ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തോടായിരുന്നു കെ സുധാകരന്റെ പരാമര്‍ശം. സംഭവത്തില്‍ മഹിളാ കോണ്‍ഗ്രസ് മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് സുധാകരന്റെ അധിക്ഷേപം. മഹിളാ കോണ്‍ഗ്രസിന്റെ മാന്യതയും തറവാടിത്തവും കൊണ്ടാണ് അവര്‍ മാപ്പ് പറഞ്ഞതെന്നും മണിക്കിതൊന്നും ഇല്ലല്ലോ എന്നും കെ സുധാകരന്‍ ചോദിച്ചു.
മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ നിയമസഭാ മാര്‍ച്ചിലാണ് എം എം മണിയെ അധിക്ഷേപകരമായി ചിത്രീകരിച്ചത്. മണിക്കെതിരെ മോശമായ പരാമര്‍ശങ്ങളടങ്ങിയ മുദ്രാവാക്യം വിളികളുമുണ്ടായി. വിവാദമായതോടെ പ്രവര്‍ത്തകര്‍ കട്ടൗട്ട് ഒളിപ്പിച്ചു. ഉദ്ഘാടകനായ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പാതിവഴിക്ക് മടങ്ങുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെയാണ് മഹിളാ കോണ്‍ഗ്രസ് മാപ്പ് പറയാന്‍ പ്രേരിതമായത്.