Connect with us

Kerala

വിമതര്‍ക്കെതിരെ കൊലവിളി പ്രസംഗവുമായി കെ സുധാകരന്‍

പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ലെന്നും തടി വേണോ ജീവന്‍ വേണോ എന്ന് ഓര്‍ക്കണമെന്നും സുധാകരന്‍ പറഞ്ഞു

Published

|

Last Updated

കോഴിക്കോട് | പാര്‍ട്ടിയിലെ വിമതര്‍ക്കെതിരേ വധ ഭീഷണിയുമായി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ലെന്നും തടി വേണോ ജീവന്‍ വേണോ എന്ന് ഓര്‍ക്കണമെന്നും സുധാകരന്‍ പറഞ്ഞു.

ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ടാമ കൊലവിളി പ്രസംഗം നടന്നത്. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ചിലര്‍ കരാറെടുത്താണ് വരുന്നത്. അവര്‍ ഒന്നോര്‍ത്തോളൂ എന്തെങ്കിലും സംഭവിച്ചാല്‍ ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ല.
കഷ്ടപ്പെടുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജോലി കൊടുക്കാതെ ആ ജോലി ഇടതുപക്ഷക്കാര്‍ക്കും ബി ജെ പിക്കാര്‍ക്കും കൊടുത്ത് പണം വാങ്ങി അതിന്റെ മധുരം നുകരുന്നവര്‍ ഈ പാര്‍ട്ടിയോട് കൂറില്ലാത്തവരാണ്. അത് അനുവദിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

അട്ടിമറിയിലൂടെ ഇടതുമുന്നണിയെ കൂട്ടുപിടിച്ച് ഭരണം പിടിച്ചെടുക്കാനുള്ള സ്വപ്‌നം നടക്കില്ലെന്നും പിന്നില്‍നിന്ന് കുത്തിയവരെ വെറുതേവിടില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദന സൃഷ്ടിച്ച വിഷയമാണ് ചേവായൂരിലെ സഹകരണ ബാങ്ക് ഭരണസമിതിയുമായി ബന്ധപ്പെട്ടുണ്ടായത്. ചേവായൂര്‍ സഹകരണബാങ്ക് ചെയര്‍മാന്‍ ജി സി പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി നഗരത്തിലെ 53 കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി ഭാരവാഹിത്വത്തില്‍നിന്ന് രാജിവെച്ചിരുന്നു.

കെ പി സി സി അംഗവും കേരള ദളിത് ഫെഡറേഷന്‍ ഡെമോക്രാറ്റിക് സംസ്ഥാന പ്രസിഡന്റുമായ കെ വി സുബ്രഹ്മണ്യനടക്കമുള്ളവരാണ് രാജിവെച്ചത്. ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രാദേശിക താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി വ്യക്തിതാത്പര്യങ്ങള്‍മാത്രം പരിഗണിച്ച് സ്ഥാനാര്‍ഥികളെയും ഭാരവാഹികളെയും നിശ്ചയിക്കുന്നുവെന്ന് ആരോപിച്ചാണ് രാജി വച്ചത്.