Connect with us

Kerala

ദേശീയപാതാ വികസനത്തിന് അള്ള് വെക്കുന്നത് കെ സുരേന്ദ്രന്‍: മന്ത്രി റിയാസ്

തലയില്‍ മാത്രമല്ല മുഖത്തും തൊപ്പി വെച്ച്, തലയില്‍ മുണ്ടിട്ട് കേരളത്തിന്റെ വികസനത്തിന് അള്ളു വെക്കുന്നത് കെ സുരേന്ദ്രനും സംഘവുമാണ്.

Published

|

Last Updated

തിരുവനന്തപുരം | തലയില്‍ മാത്രമല്ല മുഖത്തും തൊപ്പി വെച്ച്, തലയില്‍ മുണ്ടിട്ട് കേരളത്തിന്റെ വികസനത്തിന് അള്ളു വെക്കുന്നത് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും സംഘവുമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിലെ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് സുരേന്ദ്രന്‍ നടത്തുന്ന തുടര്‍ച്ചയായ ആക്ഷേപത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

2014 ല്‍ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ദേശീയപാത 66ന്റെ വികസനം ഉപേക്ഷിക്കുന്ന സ്ഥിതിയില്‍ എത്തിയതാണ്. പദ്ധതി മുന്നോട്ടു പോവില്ലെന്ന് കാണിച്ച് ദേശീയപാത അതോറിറ്റി സംസ്ഥാന സര്‍ക്കാറിന് കത്തെഴുതിയിരുന്നു. 2016ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവന്‍ വച്ചത്.

ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കലായിരുന്നു ഏറ്റവും വലിയ പ്രശ്‌നം. സ്ഥലം ഏറ്റെടുക്കല്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിക്കാമെന്നും പദ്ധതിക്ക് 25 ശതമാനം തുക നല്‍കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് ഉറപ്പ് നല്‍കി. കേരളത്തില്‍ സ്ഥലം ഏറ്റെടുക്കാന്‍ അനുവദിക്കരുതെന്ന് കാണിച്ച് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കേന്ദ്രമന്ത്രിക്ക് കത്തെഴുതുകയാണ് ചെയ്തത്.

ദേശീയപാതാ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ കാലണ നല്‍കിയിട്ടില്ലെന്നാണ് സുരേന്ദ്രന്റെ ആക്ഷേപം. ദേശീയപാതാ അതോറിറ്റിക്ക് സംസ്ഥാന സര്‍ക്കാര്‍ 5,519 കോടി രൂപ നല്‍കിയതായി ഹൈബി ഈഡന്‍ എം പിയുടെ ചോദ്യത്തിന് കേന്ദ്രമന്ത്രി ഗഡ്കരി പാര്‍ലിമെന്റില്‍ നല്‍കിയ ഉത്തരമാണ് അതിനുള്ള മറുപടി. കേരളം മാത്രമാണ് ഇത്രയും തുക നല്‍കിയ സംസ്ഥാനം. എല്ലാ പദ്ധതികള്‍ക്കും 25 ശതമാനം തുക നല്‍കാം എന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നു എന്ന സുരേന്ദ്രന്റെ വാദം അടിസ്ഥാനരഹിതമാണ്. ദേശീയപാത 66ന്റെ വികസനത്തിന് മാത്രമാണ് ഇത് ഉറപ്പ് നല്‍കിയതെന്നും മന്ത്രി പറഞ്ഞു.

ദേശീയപാതാ വികസനത്തില്‍ ബി ജെ പിയുടെ സമീപനം എന്തായിരുന്നുവെന്ന് മന്ത്രി ചോദിച്ചു. കേരളത്തില്‍ സ്ഥലം ഏറ്റെടുക്കാന്‍ അനുവദിക്കരുതെന്ന് കാണിച്ച് 2018 സെപ്തംബര്‍ നാലിന് ബി ജെ പി സംസ്ഥാന പ്രസിഡന്റ്് കേന്ദ്രമന്ത്രിക്ക് കത്തെഴുതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി ദേശീയപാതാ വികസനവും ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരിക്കലുമാണ് എന്ന് പറഞ്ഞ് 2016 മെയ് 31ന് സുരേന്ദ്രന്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

500ഓളം കിലോമീറ്റര്‍ ദേശീയപാത ഇപ്പോഴും സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കീഴിലാണ്. ഇതില്‍ ദേശീയപാത 766ല്‍ അടിമാലി-കുമളി, മലാപ്പറമ്പ്-പുതുപ്പാടി റോഡ് വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി സമര്‍പ്പിക്കുകയും അത് കേന്ദ്രം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം സുരേന്ദ്രന് അറിയുമോ എന്നറിയില്ല. കേന്ദ്രത്തിന്റെ സഹായം ഔദാര്യമാണ് എന്ന നിലയിലാണ് സുരേന്ദ്രന്‍ സംസാരിക്കുന്നത്.

ദേശീയപാതാ വികസനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ദേശീയപാതാ അതോറിറ്റി തന്നെ അഭിനന്ദിച്ചിട്ടുണ്ട്. മന്ത്രി നിതിന്‍ ഗഡ്കരിയും സംസ്ഥാന സര്‍ക്കാറിന്റെ പങ്കിനെ പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്. എന്ത് ആക്ഷേപം പറഞ്ഞാലും, എന്ത് പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചാലും ദേശീയപാതാ അതോറിറ്റിയുമായി ചേര്‍ന്ന് ദേശീയപാത 66ന്റെ വികസനം 2025ഓടെ പൂര്‍ത്തിയാക്കാനുള്ള എല്ലാ ശ്രമവും സംസ്ഥാന സര്‍ക്കാര്‍ നടത്തുമെന്നും മന്ത്രി റിയാസ് പറഞ്ഞു.

Latest