Connect with us

Kerala

കെ സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്ത് തുടരും; ചേര്‍ത്ത് പിടിച്ച് ദേശീയ നേതൃത്വം

. സുരേന്ദ്രനെ ഉടന്‍ മാറ്റേണ്ട സാഹചര്യം നിലവിലില്ലെന്നാണ് പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിലപാട്.

Published

|

Last Updated

ന്യൂഡല്‍ഹി |  ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രന്‍ തുടരും. സുരേന്ദ്രനെ ഉടന്‍ മാറ്റേണ്ട സാഹചര്യം നിലവിലില്ലെന്നാണ് പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിലപാട്. ഉപതിരഞ്ഞെടുപ്പ് പരാജയത്തിന് പിറകെ സുരേന്ദ്രനെതിരെ പാര്‍ട്ടിയില്‍ വലിയ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ദേശീയ നേതൃത്വത്തിന്റെ ചേര്‍ത്ത് പിടിക്കലെന്നത് ശ്രദ്ധേയമാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് കഴിയും വരെ സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്ത് തുടരട്ടെയെന്നാണ് ദേശീയ നേൃത്വം നിര്‍ദേശിച്ചിരിക്കുന്നത്. അതേ സമയം പാലക്കാട് തോല്‍വി സംബന്ധിച്ച് ദേശീയ നേതൃത്വത്തിന് കെ സുരേന്ദ്രന്‍ പരാതി നല്‍കിയിട്ടുണ്ട്. പാലക്കാട് വോട്ട് ചോര്‍ത്താന്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ശ്രമം ഉണ്ടായി എന്നാണ് പരാതിയുടെ കാതല്‍

ഉപതിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് പരാതികള്‍ ഉണ്ടെങ്കില്‍ സംഘടനാ ഘടകങ്ങളില്‍ ഉന്നയിക്കണമെന്നും പരസ്യപ്രസ്താവന നടത്തിയാല്‍ അച്ചടക്ക ലംഘനമായി കണക്കാക്കുമെന്നും ദേശീയ നേതൃത്വം വ്യക്തമാക്കിയത് സുരേന്ദ്രനെതിരായ നീക്കങ്ങള്‍ക്ക് തടയിടാനാണ്. അടുത്ത് നടക്കാനിരിക്കുന്ന തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്കും നിയമസഭയിലേയ്ക്കും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രവര്‍ത്തനം ശക്തമാക്കാനും സംസ്ഥാന ഘടകത്തിന് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ വോട്ട് ചോര്‍ച്ചയില്‍ കെ സുരേന്ദ്രനെതിരെ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ നിന്നും പ്രമുഖ നേതാക്കള്‍ വിട്ടുനിന്നിരുന്നു. എം ടി രമേശ്, പി കെ കൃഷ്ണദാസ്, എ എന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃയോഗത്തില്‍നിന്നും വിട്ടുനിന്നത് പ്രതിഷേധത്തിന്റെ ഭാഗമാണെന്നാണ് സൂചന. പാലക്കാട് തോല്‍വിയില്‍ ് കോര്‍ കമ്മിറ്റി ചേരണം എന്നായിരുന്നു കെ സുരേന്ദ്രന്‍ വിരുദ്ധ പക്ഷത്തിന്റെ ആവശ്യം.

Latest