Connect with us

Kerala

കാസ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കുന്നു; മാരക വിഷമുള്ള മതഭ്രാന്തന്‍മാരുടെ സംഘടനയെന്ന് കെ ടി ജലീല്‍

ആര്‍ എസ് എസിന് ബി ജെ പി എന്ന പോലെ, ജമാഅത്തെ ഇസ്ലാമിക്ക് വെല്‍ഫെയര്‍ പാര്‍ട്ടി എന്ന പോലെ, എന്‍ ഡി എഫിന് എസ് ഡി പി ഐ എന്ന പോലെയാകും കാസക്ക് അവരുണ്ടാക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയും

Published

|

Last Updated

കോഴിക്കോട് | ക്രിസ്ത്യന്‍ സംഘടനയായ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസ) രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കുന്നതായുള്ള വാര്‍ത്തയോട് തീക്ഷ്ണമായി പ്രതികരിച്ച് ഇടതു സഹയാത്രികന്‍ ഡോ. കെ ടി ജലീല്‍ എം എല്‍ എ. കേരളത്തില്‍ മാരക വിഷമുള്ള മതഭ്രാന്തന്‍മാരുടെ സംഘടനയായി കാസ മാറിക്കഴിഞ്ഞതായും എല്ലാ വര്‍ഗീയവാദികളും എത്തേണ്ടിടത്ത് തന്നെയാണ് എത്തിയിരിക്കുന്നതെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

കാസ തീവ്ര കൃസ്ത്യന്‍ വര്‍ഗീയ സംഘടനയാണെന്നും കൃസ്ത്യന്‍ ആര്‍ എസ് എസും കൃസ്ത്യന്‍ എസ് ഡി പി ഐ യുമാണതെന്നും കെ ടി ജലീല്‍ പറഞ്ഞു. ഇന്ന് കേരളത്തില്‍ മാരക വിഷമുള്ള മതഭ്രാന്തന്‍മാരുടെ സംഘടനയായി കാസ മാറിക്കഴിഞ്ഞു. ഹിന്ദു-മുസ്ലിം വര്‍ഗീയത പോലെത്തന്നെ കൃസ്ത്യന്‍ വര്‍ഗീയതയും നാടിനാപത്താണ്. ആര്‍ എസ് എസിന് ബി ജെ പി എന്ന പോലെ, ജമാഅത്തെ ഇസ്ലാമിക്ക് വെല്‍ഫെയര്‍ പാര്‍ട്ടി എന്ന പോലെ, എന്‍ ഡി എഫിന് എസ് ഡി പി ഐ എന്നപോലെയാകും കാസക്ക് അവരുണ്ടാക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയും.

എസ് ഡി പി ഐയും വെല്‍ഫെയല്‍ പാര്‍ട്ടിയും യു ഡി എഫുമായാണ് കൂട്ടു ചേര്‍ന്നിരിക്കുന്നതെങ്കില്‍ കാസയുടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി ബി ജെ പി നയിക്കുന്ന എന്‍ ഡി എ മുന്നണിയിലേക്കാകും ചേക്കേറുക. എല്ലാ വര്‍ഗ്ഗീയവാദികളും എത്തേണ്ടിടത്ത് തന്നെയാണ് എത്തിയിരിക്കുന്നത്. ഒരു വര്‍ഗീയതയുമായും സന്ധിചെയ്യാതെ കലര്‍പ്പില്ലാത്ത മതനിരപേക്ഷ ചേരിയായി സി പി എം നേതൃത്വം നല്‍കുന്ന ഇടതുപക്ഷ മുന്നണി വേറിട്ടു നില്‍ക്കുന്നതായും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്ക് രൂപം നല്‍കാനാണ് ശ്രമമെന്ന് കാസ സ്ഥാപകരില്‍ ഒരാളും സംസ്ഥാന പ്രസിഡന്റുമായ കെവിന്‍ പീറ്റര്‍ വെളിപ്പെടുത്തിയിരുന്നു. കേരളത്തില്‍ 17 ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പിന്തുണ തങ്ങള്‍ക്ക് ഉണ്ടെന്നാണ് കാസയുടെ അവകാശവാദം. വലതുപക്ഷ ദേശീയ പാര്‍ട്ടിക്ക് രൂപം നല്‍കാനാണ് ഞങ്ങളുടെ ശ്രമം. അത്തരത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാല്‍ സ്വീകാര്യത ലഭിക്കുമോ എന്ന് അറിയാനായി തങ്ങള്‍ പഠനങ്ങള്‍ നടത്തിയിരുന്നു. അത്തരത്തില്‍ ഒരു പാര്‍ട്ടിക്ക് സാധ്യത ഉണ്ടെന്നാണ് പഠനങ്ങളില്‍ വ്യക്തമായതെന്നും കെവിന്‍ പീറ്റര്‍ പറഞ്ഞു.

കെവിന്‍ അടക്കം ആറുപേര്‍ ചേര്‍ന്ന് 2018ലാണ് കാസയ്ക്ക് രൂപം നല്‍കിയത്. 2019ല്‍ ഇത് സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്തു. ഇസ്ലാമോഫോബിയ പരത്തുന്ന സംഘടന എന്ന ആരോപണം നേരിടുന്ന കാസ, പൗരത്വ ഭേദഗതി നിയമം, ലവ് ജിഹാദ്, മുത്തലാഖ് തുടങ്ങി വിവിധ വിഷയങ്ങളില്‍ ബിജെപിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒരു ക്രിസ്ത്യന്‍ പാര്‍ട്ടിയായി കാസ കണക്കാക്കുന്നുണ്ടെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അതിന്റെ പ്രാധാന്യം നഷ്ടപ്പെട്ടതായി വിശ്വസിക്കുന്നു. കേരള കോണ്‍ഗ്രസ് നിലവില്‍ ദുര്‍ബലമാണ്. ഇതിന്റെ ഭാവി പ്രതീക്ഷ നല്‍കുന്നതല്ല. ഇവിടെയാണ് കാസ രൂപീകരിക്കാന്‍ പോകുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സാധ്യതയെന്നാണ് അവകാശ വാദം.

2026ല്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കാനാണ് ആലോചിക്കുന്നതെന്നും കെവിന്‍ പീറ്റര്‍ പറഞ്ഞു. സംസ്ഥാനത്ത് 120 നിയോജക മണ്ഡലങ്ങളില്‍ കാസയ്ക്ക് കമ്മിറ്റി ഉണ്ട്. മൊത്തം 22,000 അംഗങ്ങളുണ്ടെന്നും കെവിന്‍ പറയുന്നു. കൂടുതലും മധ്യ കേരളത്തിലും മലബാര്‍ മേഖലയിലുമാണെന്നും പറഞ്ഞു.