National
കെസിആറിന്റെ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം
മൂന്ന് ദിവസത്തിനുള്ളില്‍ ആശുപത്രി വിടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ഹൈദരാബാദ്| തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം. ചന്ദ്രശേഖര്‍ റാവു മൂന്ന് ദിവസത്തിനുള്ളില്‍ ആശുപത്രി വിടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പൂര്‍ണമായി സുഖം പ്രാപിക്കാന്‍ 6 മുതല്‍ 8 ആഴ്ച വരെ എടുക്കും.
വെള്ളിയാഴ്ചയാണ് ഫാം ഹൗസിലെ ശുചിമുറിയില്‍ കാല്‍വഴുതി വീണ കെസിആറിനെ ഹൈദരാബാദിലെ യശോധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീഴ്ചയില്‍ ഇടത് ഇടുപ്പിന് ഒടിവുള്ളതായി കണ്ടെത്തിയത്. ഇതോടെ ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.
ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പുറത്തിറക്കിയ ഹെല്‍ത്ത് ബുള്ളറ്റിന്‍ വെളിപ്പെടുത്തി. കെസിആറിന്റെ മകളും മുന്‍ എംപിയുമായ കവിത കല്‍വകുന്ത്ലയും പിതാവ് ആശുപത്രിയില്‍ വിദഗ്ധ പരിചരണത്തിലാണെന്ന പോസ്റ്റ് പങ്കുവെച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി കെസിആര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് എക്‌സില്‍ കുറിച്ചു.