Connect with us

From the print

മഅ്ദനിക്കെതിരെ കള്ളസാക്ഷി പറയാൻ പോലീസ് മർദിച്ച കടല മുഹമ്മദ് യാത്രയായി

കോയമ്പത്തൂർ മിലിട്ടറി ക്യാമ്പിൽ രാവും പകലും ക്രൂര പീഡനം

Published

|

Last Updated

കോഴിക്കോട്| മഅ്ദനിക്കെതിരെ കള്ളസാക്ഷി പറയിപ്പിക്കാൻ പോലീസ് മർദനത്തിനിരയാക്കിയ കടല മുഹമ്മദ് എന്ന കടലാപ്പ (78) നിര്യാതനായി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മൂന്ന് മാസത്തോളമായി കിടപ്പിലായിരുന്ന അദ്ദേഹം കാന്തപുരം കൊളങ്ങരാംപൊയിലിലെ വസതിയിലാണ് മരിച്ചത്.

കോഴിക്കോട് നഗരത്തിൽ കടല വിറ്റ് ഉപജീവനം നടത്തിയിരുന്ന കടല മുഹമ്മദിനെ കോയമ്പത്തൂർ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് കള്ളസാക്ഷി പറയിക്കാൻ പോലീസ് പിടിച്ചുകൊണ്ടുപോകുകയായിരുന്നു. കോഴിക്കോട് കസബ പോലീസിന്റെ സഹായത്തോടെ തമിഴ്‌നാട് പോലീസ് അദ്ദേഹത്തെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുകയും അവിടെ മിലിട്ടറി ക്യാമ്പിൽ രാവും പകലും കൊടിയ മർദനത്തിനിരയാക്കുകയും ചെയ്തു.
കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന അബ്ദുന്നാസിർ മഅ്ദനിക്കെതിരെ വ്യാജ മൊഴി നൽകാനായിരുന്നു മുഹമ്മദിനെ നിർബന്ധിച്ചത്. പക്ഷേ, മഅ്ദനിക്കെതിരെ കള്ളസാക്ഷി പറയാൻ അദ്ദേഹം വഴങ്ങാത്തതിനെ തുടർന്ന് പോലീസിന് പിന്മാറേണ്ടി വന്നു.
ഇതിന്റെ ചുവടുപിടിച്ച് 1998ൽ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ പി പരമേശ്വരനെയും ഫാദർ അലവിയെയും വധിക്കാൻ മഅ്ദനി, അശ്റഫ് എന്നയാളെ ഏൽപ്പിച്ചതായി മുഹമ്മദ് പറഞ്ഞിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥനായ എ വി ജോർജ് മാറാട് ജുഡീഷ്യൽ കമ്മീഷൻ തോമസ് പി ജോസഫ് മുമ്പാകെ മൊഴി നൽകി. തുടർന്ന് മാറാട് കമ്മീഷൻ തോമസ് പി ജോസഫ് രണ്ട് ദിവസം കോയമ്പത്തൂർ ജയിലിൽ ക്യാമ്പ് ചെയ്ത് മഅ്ദനിയെയും അശ്റഫ് അടക്കമുള്ളവരെയും ചോദ്യം ചെയ്‌തെങ്കിലും തെളിവുകൾ ലഭിച്ചില്ല. ജോർജിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഘ്പരിവാർ പ്രവർത്തകൻ ടി ജി മോഹൻദാസ് നൽകിയ പരാതിയെ തുടർന്നാണ് മഅ്ദനിക്കെതിരെ കേസെടുത്തത്. എന്നാൽ മഅ്ദനിക്കെതിരെ ഒരു മൊഴിയും നൽകിയിട്ടില്ലെന്ന് മോയിൻ ബാപ്പു, പി അംബിക എന്നിവർക്കൊപ്പം മുഹമ്മദ് കോഴിക്കോട്ട് വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചു. മഅ്ദനിക്കെതിരെ വധശ്രമത്തിന് കേസെടുക്കുന്നതിന് ആധാരമായ മൊഴി നൽകിയിട്ടില്ലെന്നായിരുന്നു അദ്ദേഹം വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയത്.
തന്റേതെന്ന് പോലീസ് പറയുന്ന മൊഴി ശുദ്ധ അസംബന്ധമാണെന്നായിരുന്നു കടല മുഹമ്മദ് വ്യക്തമാക്കിയത്. മൊഴി നൽകിയിട്ടില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തിയതോടെ കേസ് ദുർബലമായി. തുടർന്ന് മഅ്ദനിക്ക് ഈ കേസിൽ ജാമ്യം ലഭിക്കുകയും ചെയ്തു.
മലപ്പുറം വണ്ടൂർ പാലക്കത്തൊടി സ്വദേശിയായ കടല മുഹമ്മദ് ചെറിയ പ്രായത്തിൽ തന്നെ അവിഭക്ത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ പ്രവർത്തിച്ചു തുടങ്ങി. തുടർന്ന് നക്‌സൽ പ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിച്ച അദ്ദേഹം നിരവധി സമരങ്ങളിൽ പങ്കെടുത്ത് ജയിൽവാസമനുഭവിച്ചിട്ടുണ്ട്.

കോഴിക്കോട് വെള്ളയിൽ താമസമാക്കിയ അദ്ദേഹം മറ്റൊരു വിവാഹം കഴിച്ച് 25 വർഷം മുമ്പ് കാന്തപുരം കൊളങ്ങരാംപൊയിലിൽ സ്ഥിര താമസമാക്കി. കാന്തപുരം മഹല്ല് ജുമാമസ്ജിദിൽ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് ഭാര്യയുടെ സഹോദരൻ അസീസ് ദാരിമി നേതൃത്വം നൽകി.
ഭാര്യ: ഫാത്വിമ. മക്കൾ: സക്കീർ, മനാഫ്, ഷമീന. മരുമകൻ: സ്വാലിഹ്.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest