Connect with us

Kozhikode

കടലുണ്ടി കമ്മ്യൂണിറ്റി റിസര്‍വ് അവഗണനയില്‍

ജൈവ വൈവിധ്യ സംരക്ഷണത്തിന് രാജ്യത്തിനുതന്നെ മാതൃകയാകേണ്ട കടലുണ്ടി വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍വ് സര്‍ക്കാറിന്റെ അവഗണനയില്‍ നിശ്ചലമാകുന്നു.

Published

|

Last Updated

കടലുണ്ടി | ജൈവ വൈവിധ്യ സംരക്ഷണത്തിന് രാജ്യത്തിനുതന്നെ മാതൃകയാകേണ്ട കടലുണ്ടി വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍വ് സര്‍ക്കാറിന്റെ അവഗണനയില്‍ നിശ്ചലമാകുന്നു. റിസര്‍വിന്റെ ബൃഹത്തായ വികസനവും സംരക്ഷണവും ലക്ഷ്യമാക്കി സമര്‍പ്പിച്ച മാനേജ്മെന്റ്പ്ലാന്‍ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കുന്നതിനുള്ള കാത്തിരിപ്പ് തുടരുകയാണ്. മാനേജ്മെന്റ്പ്ലാനിന് അനുമതി ലഭിച്ചാല്‍ മാത്രമേ ഭാവി പ്രവര്‍ത്തനം നിശ്ചയിക്കാനാകൂ.

വി എസ് അച്യുതാനനന്ദന്‍ സര്‍ക്കാറില്‍ വനം മന്ത്രിയായിരുന്ന ബിനോയ് വിശ്വത്തിന്റെ ആശയവും സ്വപ്നവുമായിരുന്നു കടലുണ്ടി പക്ഷി സങ്കേതത്തെ കമ്മ്യൂണിറ്റി റിസര്‍വായി ഉയര്‍ത്തി സംരക്ഷിക്കുക എന്നത്. എം എല്‍ എയും വ്യവസായ മന്ത്രിയുമായിരുന്ന എളമരം കരീം, കടലുണ്ടി, വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റുമാരായിരുന്ന ഒ ഭക്തവത്സലന്‍, വി പി സോമസുന്ദരന്‍ തുടങ്ങിയവരുടെ നിരന്തര പ്രവര്‍ത്തനങ്ങളുടെ ഫലമായി 2007 ഒകടോബര്‍ 18ന് വനം മന്ത്രി ബിനോയ് വിശ്വം കമ്മ്യൂണിറ്റി റിസര്‍വ് രാഷ്്ട്രത്തിന് സമർപ്പിച്ചു.

കടലുണ്ടി വള്ളിക്കുന്ന് പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന ജൈവ വൈവിധ്യങ്ങളാല്‍ സമ്പന്നവും സമ്പുഷ്ടവുമായ പ്രദേശമാണ് കമ്മ്യൂണിറ്റി റിസര്‍വിന്റെ പരിധി.
പശ്ചിമഘട്ടനിരകളില്‍ നിന്ന് ഉത്ഭവിച്ച് മലപ്പുറം ജില്ലയിലൂടെ ഒഴുകിവരുന്ന കടലുണ്ടിപ്പുഴ, കടലുണ്ടി റെയില്‍വേ പാലത്തിന് പടിഞ്ഞാറ്വെച്ചാണ് അറബിക്കടലില്‍ ചേരുന്നത്. പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച സൗന്ദര്യതീരമാണ് കമ്മ്യൂണിറ്റി റിസര്‍വിന്റെ മര്‍മപ്രധാനമായ കേന്ദ്രം. അറുപതിലധികം ദേശാടനപ്പക്ഷികളും നൂറിലധികം തദ്ദേശീയ പക്ഷികളും ഇരതേടുന്നതിന് കടലുണ്ടി പക്ഷിസങ്കേതത്തില്‍ തമ്പടിച്ചിരുന്നു.

ആഗോളതാപനം മൂലമുണ്ടായ കാലാവസ്ഥാ വ്യതിയാനം ദേശാടനപ്പക്ഷികളുടെ വരവിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കേരളത്തില്‍ കണ്ടുവരുന്ന അമ്പതോളം കണ്ടല്‍ച്ചെടികളില്‍ പത്തെണ്ണം കടലുണ്ടിയിലുണ്ട്.
നീര്‍നായ ഉള്‍പ്പെടെ പതിനഞ്ച് ഇനം സസ്തനികള്‍, മൂന്ന് ഇനം ആമകള്‍, അരണ, ഓന്ത് വര്‍ഗത്തില്‍പ്പെട്ട അഞ്ച് ഇനങ്ങള്‍, നാല്‍പ്പത്തി മൂന്ന് ഇനം മത്സ്യങ്ങള്‍, മുപ്പത്തിയെട്ട് ഇനം ചിത്രശലഭങ്ങള്‍, ഇരുപത്തിയഞ്ച് ഇനം തുമ്പികള്‍ എന്നിവ വനം വകുപ്പിന്റെ സര്‍വേയില്‍ കണ്ടെത്തിയിരുന്നു.

Latest