Kerala
കഠിനംകുളം ആതിര കൊലപാതകം; പ്രതി ഇന്‍സ്റ്റഗ്രാം സുഹൃത്ത് ചെല്ലാനം സ്വദേശി ജോണ്‍സണ്‍ ഔസേപ്പ്
ഏറെ നാളായി ആതിരയും ജോണ്‍സണും തമ്മില്‍ അടുപ്പത്തിലായിരുന്നു.
തിരുവനന്തപുരം | കഠിനംകുളം ആതിര കൊലപാതകത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. ആതിരയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തായിരുന്ന ചെല്ലാനം സ്വദേശി ജോണ്‍സണ്‍ ഔസേപ്പാണ് കൊലപാതകം നടത്തിയത്.
കൂടെ ചെല്ലണം എന്ന ആവശ്യം നിരാകരിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. അക്രമത്തിന് പദ്ധതിയിട്ട് ജോണ്‍സണ്‍ പെരുമാതുറയിലെ ലോഡ്ജില്‍ താമസിച്ചത് ഒരാഴ്ചയാണ്. ആതിരയുടെ നാട്ടിലെത്തി പ്രതി വിവരങ്ങള്‍ അന്വേഷിച്ചതായും സൂചന ലഭിച്ചു.
ഏറെ നാളായി ആതിരയും ജോണ്‍സണും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ഒളിവില്‍ പോയ ജോണ്‍സണ്‍ ഔസേപ്പിനായി പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ്. ഇന്നലെ കൃത്യം നിര്‍വഹിച്ച ശേഷം പ്രതി രക്ഷപ്പെടാനുപയോഗിച്ച സ്‌കൂട്ടര്‍ കണ്ടെത്തിയിരുന്നു. കൊല നടത്തിയ ശേഷം കൊല്ലപ്പെട്ട ആതിരയുടെ സ്‌കൂട്ടറുമായാണ് പ്രതി രക്ഷപ്പെട്ടത്. ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനിലാണ് സ്‌കൂട്ടര്‍ കണ്ടെത്തിയത്.
പ്രതി ട്രെയിനില്‍ രക്ഷപ്പെട്ടെന്നാണ് പോലീസ് നിഗമനം. നാല് സംഘങ്ങളായാണ് പ്രതിക്കായുള്ള അന്വേഷണം നടത്തുന്നത്. ജനുവരി 21-ന് രാവിലെ പതിനൊന്നരയോടെയാണ് വെഞ്ഞാറമൂട് സ്വദേശിയായ ആതിരയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആതിരയുടെ ഭര്‍ത്താവ് ക്ഷേത്രത്തിലെ പൂജാരിയാണ്. ഭര്‍ത്താവ് ക്ഷേത്രത്തില്‍ നിന്ന് തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. നാലാം ക്ലാസില്‍ പഠിക്കുന്ന മകനെ സ്‌കൂളിലേക്കു പറഞ്ഞയച്ച ശേഷമാണ് ആതിര കൊല്ലപ്പെട്ടതെന്നാണ് പോലീസിന്റെ നിഗമനം. മതില്‍ ചാടിയാണ് അക്രമി വീട്ടിനകത്തേക്ക് കയറിയതെന്നാണ് സൂചന.