Connect with us

Kerala

കാഫിര്‍ പോസ്റ്റ് വിവാദം; നിയമസഭയില്‍ പ്രതിപക്ഷവും ഭരണപക്ഷവും ഏറ്റുമുട്ടി

കെ കെ ലതികയെ ന്യായീകരിച്ചു കൊണ്ട് മന്ത്രി എം ബി രാജേഷ് മറുപടി നല്‍കി

Published

|

Last Updated

തിരുവനന്തപുരം | ലോക്‌സഭ തിരഞ്ഞെടുപ്പിനിടെ വടകരയില്‍ പ്രചരിച്ച കാഫിര്‍ പോസ്റ്റര്‍ വിവാദം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. മുന്‍ എം എല്‍ എ കെ കെ ലതിക കാഫിര്‍ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചതടക്കം പ്രതിപക്ഷം ഉന്നയിച്ചു. കാഫിര്‍ പോസ്റ്റര്‍ വിവാദത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്നും പ്രതികള്‍ ആരെല്ലാം ആണെന്നും പ്രതിപക്ഷം ചോദിച്ചു. എന്ത് കൊണ്ടാണ് കെ കെ ലതികക്കെതിരെ കേസെടുക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

എന്നാല്‍ കെ കെ ലതികയെ ന്യായീകരിച്ചു കൊണ്ടാണ് മന്ത്രി എം ബി രാജേഷ് മറുപടി നല്‍കിയത്. ഇതോടെ പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചു. മുഖ്യമന്ത്രിയുടെ അസാനിധ്യത്തിലാണ് ചോദ്യോത്തര വെളയില്‍ എം ബി രാജേഷ് മറുപടി നല്‍കിയത്. കെ കെ ലതികയുടെ പോസ്റ്റ് വര്‍ഗീയതക്കെതിരാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കാഫിര്‍ പോസ്റ്റ് നീക്കം ചെയ്യാന്‍ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫേസ്ബുക്കിനോട് പ്രൊഫൈല്‍ വിവരങ്ങള്‍ ചോദിച്ചിട്ടുണ്ട്, അത് ലഭ്യമായാലേ തുടര്‍ നടപടി സാധ്യമാകൂ എന്ന് എം ബി രാജേഷ് മറുപടി നല്‍കി.

എന്നാല്‍ വ്യാജപ്രചാരണം നടത്തിയത് ആരാണെന്ന് നാട്ടുകാര്‍ക്ക് ബോധ്യമായിട്ടും പൊലീസിന് മാത്രം വ്യക്തമായില്ലെന്ന് മാത്യു കുഴല്‍നാടന്‍ എം എല്‍ എ തിരിച്ചടിച്ചു. വിഷയത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസിന്റെയും സര്‍ക്കാരിന്റെയും മിടുക്ക് കൊണ്ടാണ് വടകരയില്‍ സമാധാനന്തരീക്ഷം സാധ്യമായതെന്നും മന്ത്രി എം ബി രാജേഷ് മറുപടി പറഞ്ഞു.

സിപിഎം നേതാവ് പി ജയരാജനെതിരെ സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്ന മനു തോമസ് ഉന്നയിച്ച വിഷയങ്ങളും പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസായി സഭയില്‍ ഉന്നയിച്ചു. സണ്ണി ജോസഫ് എം എല്‍ എയാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ സ്പീക്കര്‍ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും വാക്കൗട്ട് നടത്തുകയും ചെയ്തു.