Connect with us

Ongoing News

കൈപ്പാണി ഉസ്താദെന്ന തെളിനീരരുവി

ഇന്നലെ മരണപ്പെട്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം കൈപ്പാണി അബൂബക്കർ ഫൈസിയെ കുറിച്ചുള്ള ഓർമ്മകൾ

Published

|

Last Updated

 

ഉസ്താദ് എന്നാൽ ഞങ്ങൾക്ക് കൈപ്പാണി ഉസ്താദ് ആയിരുന്നു. ഞങ്ങളുടെ ഖാളിയും ഇമാമും മുദരിസും എല്ലാം ആയിരുന്ന കൈപ്പാണി അബൂബക്കർ ഫൈസി. ഞങ്ങൾക്ക് എന്നല്ല, ഞങ്ങളുടെ മുൻപുള്ള രണ്ടു തലമുറക്കെങ്കിലും അങ്ങിനെയാണ്. ഉസ്താദ് എന്നു പറഞ്ഞാൽ ഏത് എന്നു ചോദിക്കാനിടയില്ലാത്ത വിധം നാടിന്റെ ഓരോ ശ്വാസനിശ്വാസങ്ങളിലും പടർന്നു പന്തലിച്ച വടവൃക്ഷമായിരുന്നു സാത്വികനായ ആ പണ്ഡിത പ്രതിഭ. നാട്ടിൽ എന്റെ തലമുറയുടെ ഓർമ്മകൾ ആരംഭിക്കുന്നതു തന്നെ കൈപ്പാണി ഉസ്താദിനെ കുറിച്ചുള്ള ഓർമ്മകളിലാണ്. ചെറുപ്പത്തിൽ ഉമ്മ ഏറ്റവും പറഞ്ഞു തന്നതും ആ ഉസ്താദിനെ കുറിച്ചാണ്. വെള്ളമുണ്ടയിലെ ഉമ്മയുടെ വീടിന്റെ തൊട്ടയല്പക്കക്കാരൻ ആണെങ്കിലും ഉമ്മാക്കും അദ്ദേഹം ഉസ്താദ് തന്നെ ആയിരുന്നു.

കൈപ്പാണി ഉസ്താദ് കെല്ലൂർ പള്ളിയിൽ ജോലി ചെയ്ത അതേ സമയത്തായിരുന്നു എന്റെ ഉപ്പ കെല്ലൂരിലെ നിബ് റാസുൽ ഇസ്‌ലാം മദ്‌റസയിൽ സദർ മുഅല്ലിമായി ജോലി ചെയ്തതും. അതിനും മുന്നേ തന്നെ കരിമ്പനക്കൽ മൊയ്തു മുസ്‌ലിയാരുടെ തരുവണയിലെ ദർസിൽ ഇരുവരും അല്പകാലം ഒന്നിച്ചോതിയിരുന്നു. പിന്നീട് തിരൂരങ്ങാടി കുണ്ടൂരിലും ചെറുമുക്കിലുമുള്ള അടുത്തടുത്ത പള്ളികളിൽ ആയിരുന്നു അവരുടെ പഠനം. ഉസ്താദിന്റെ അയൽപക്കത്തു നിന്നു തന്നെ ഉപ്പയുടെ കല്യാണവും കൂടി ആയതോടെ ഉപ്പയും ഉസ്താദും തമ്മിലുള്ള ബന്ധം കുടുംബങ്ങൾ ക്കിടയിലെ ബന്ധമായി വളർന്നു. വെള്ളമുണ്ടക്കടുത്ത വെള്ളിലാടിയിൽ ചെറിയ മട്ടത്തിൽ ദർസ് നടത്തുകയായിരുന്ന ഉസ്താദിനെ കെല്ലൂർ അഞ്ചാം മൈലിലേക്ക് കൊണ്ടുവന്നതും ഉപ്പയുടെ മുൻകൈയിൽ ആയിരുന്നു. ഒൻപതു വർഷത്തിലധികം ഉസ്താദ് ഞങ്ങളുടെ നാട്ടിൽ ദർസ് നടത്തി. ഇതു ഉസ്താദുമായുള്ള ഞങ്ങളുടെ കുടുംബത്തിന്റെ ബന്ധത്തെ സുദൃഡവും ഊഷ്മളവുമാക്കി. ആ സ്നേഹബന്ധത്തിന്റെ ഊഷ്മളത മക്കളായ ഞങ്ങളിലേക്കും ഉസ്താദ് പകർന്നു. പഠനം, ജോലി, യാത്ര, വിവാഹം തുടങ്ങി ഞങ്ങളുടെ ഓരോ കാര്യങ്ങളിലും ഒരു രക്ഷിതാവിനെ പോലെ ഉസ്താദ് കാവൽ നിന്നു. വീട്ടിലെ ഏതു പരിപാടിക്കും ആദ്യമെത്തുന്ന ആളിലൊരാൾ ഉസ്താദായി. തൂവെള്ള വസ്ത്രവും ധരിച്ചു, മന്ദസ്മിതം തൂകി കൊണ്ടുള്ള ആ വരവ് ഞങ്ങൾക്കും ഒരഭിമാനമായി. ഉസ്താദിനോട് വിവരം പറയാതെ, ദുആ ചെയ്യിപ്പിക്കാതെ, ഇടവേളകളിൽ നാട്ടിൽ വരുന്ന സമയത്ത് ഉസ്താദിനെ വെള്ളമുണ്ടയിൽ പോയി ഒന്നു കാണാതെ എന്തെങ്കിലും പ്രധാന കാര്യം ചെയ്യുന്ന ഏർപ്പാട് ഞങ്ങൾക്കും ഇല്ലാതെയായി. ആ സൗഹൃദത്തിന്റെ അടയാളമായി ഉസ്താദും ഉപ്പയും അവരുടെ പെൺകുട്ടികൾക്ക് ഒരേ പേരിട്ടു; അനീസ. കെല്ലൂരിലെ അന്നത്തെ ആ സൗഹൃദ വലയത്തിൽ ഉണ്ടായിരുന്ന കടന്നോളി മൊയ്തു മുസ്‌ലിയാരും പടയൻ അന്ത്രു മുസ്‌ലിയാരും പെൺകുട്ടികൾ ജനിച്ചപ്പോൾ അതേ പേരു തന്നെയിട്ടു.

ചെറുപ്പത്തിൽ ഉമ്മയുടെ വീട്ടിൽ താമസിക്കാൻ പോകുമ്പോൾ ഉസ്താദിനെ അധികവും കണ്ടത് വയലിൽ പണിയെടുക്കുന്ന വേഷത്തിൽ ആണ്. തോളിൽ തൂമ്പയും കയ്യിൽ കത്തിയും പിടിച്ചു വയൽ വരമ്പിലൂടെ നടന്നു പോകുന്ന ഉസ്താദിനെ കാണാൻ നല്ല ചേലാണ്. ഞങ്ങളുടെ നാട്ടിലെ ആ ഉസ്താദ് തന്നെയോ ഈ ഉസ്താദ് എന്നു ശങ്കിച്ചു പോകും. ഉമ്മയുടെ വീട്ടിൽ നിന്നും റോഡിലേക്ക് അല്പമധികം ദൂരമുണ്ട്. നോമ്പുകാലങ്ങളിൽ തറാവീഹ് നിസ്കാരവും കഴിഞ്ഞിറങ്ങുമ്പോൾ ആ ഭാഗത്തേക്കുള്ള വലിയൊരു സംഘം തന്നെയുണ്ടാകും നടക്കാൻ. ഉസ്താദും കൂടെയുണ്ടാകും. ആ നടത്തത്തിൽ ഓരോ തമാശകൾ പറയും. ചിലർ സംശയങ്ങൾ ചോദിക്കും. അതിനൊക്കെ ഉദാഹരണങ്ങൾ സഹിതമുള്ള മറുപടിയും നൽകും. കുസൃതി നിറഞ്ഞ സംശയങ്ങൾക്ക് കുസൃതി കൂടി കുത്തി നിറച്ച മറുപടിയായിരിക്കും.

1981 ലാണ് കൈപ്പാണി ഉസ്താദ് ഞങ്ങളുടെ നാട്ടിൽ മുദരിസ് ആയി വരുന്നത്. അതോടെ നാടിന്റെ മുഖഛായ തന്നെ മാറി. പള്ളി ദർസിലേക്ക് കൂടുതൽ ആളുകളെത്തി. നാട്ടുകാർ ഏതാണ്ടെല്ലാം തന്നെ മുതഅല്ലിമീങ്ങൾ ആയി. പള്ളി ദർസ് നിറഞ്ഞു കവിഞ്ഞു. ആ സജീവത നാടിനെയും നാട്ടുകാരെയും ഒരേപോലെ ഉണർത്തി.‌ പഠന പ്രവർത്തനങ്ങൾക്കു പുറമേ, നാടിന്റെ സർവതോന്മുഖമായ വികസനത്തിനും ഉസ്താദ് നേതൃത്വം നൽകി. മഹല്ലിലെ ദീനീ പ്രവർത്തനങ്ങൾ സാമ്പത്തികമായി സ്വയം പര്യാപ്തത കൈവരിക്കണം എന്ന ആശയക്കാരനായിരുന്നു ഉസ്താദ്. അതിന്റെ ഭാഗമായി ഉപയോഗ ശൂന്യമായിക്കിടന്ന പള്ളി വക സ്ഥലം ഉസ്താദും ശിഷ്യന്മാരും ചേർന്ന് കൃഷി യോഗ്യമാക്കി മാറ്റി. ഏക്കറുകളോളം സ്ഥലത്ത് വലിയ തോതിൽ റബ്ബർ കൃഷി ആരംഭിച്ചു. കൃഷി യോഗ്യമാക്കാൻ വേണ്ടി കാട് വെട്ടിത്തളിച്ചപ്പോൾ കിട്ടിയ മരത്തിന്റെ വേരുകൾ കത്തിച്ച കരി വിറ്റ തുകയായിരുന്നു പള്ളിയുടെ ആദ്യത്തെ വലിയൊരു മൂലധനമായി മാറിയതെന്ന് പഴമക്കാർ ഇപ്പോഴും ഓർക്കുന്നു. കാര്യങ്ങൾക്ക് അടുക്കും ചിട്ടയും വന്നു. വരുമാനവും വന്നു. ഉസ്താദ് അന്നൊരുക്കിക്കൂട്ടിയതിനു മുകളിൽ നിന്നാണ് മഹല്ല് നിവർന്നു നിന്നു തുടങ്ങിയത്.

ഇതേകാലത്തു തന്നെ ഈസ്റ്റ് കെല്ലൂർ മഹല്ലിനു കീഴിൽ സർക്കാർ അംഗീകാരത്തോടെ ഒരു ഹൈസ്‌കൂൾ ആരംഭിക്കാൻ ഉസ്‌താദ്‌ ചില പരിശ്രമങ്ങൾ നടത്തി. വടക്കേ വയനാട്ടിൽ മന്ത്രിമാരും ജനപ്രതിനിധികളും എത്തിയാൽ സ്‌കൂളിന്റെ കാര്യം ഉണർത്താൻ ഉസ്താദ് തന്നെ നേരിട്ടു പോകുമായിരുന്നു. ഇതേ തുടർന്ന് 1986ൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സ്‌കൂളിനു വേണ്ടി ഒരു സാധ്യതാ പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. ഉസ്താദ് കെല്ലൂരിൽ നിന്നും മാറിയതോടെ ആ റിപ്പോർട്ടിനുമേലുള്ള തുടർ നടപടികളൊന്നും ഇല്ലാതെ പോയി. വയനാട്ടിലെ മദ്രസ്സാ കെട്ടിടങ്ങളിൽ വലുതും വിശാലവുമായിരുന്നു നിബ്രാസുൽ ഇസ്‌ലാം മദ്രസ്സയുടെ ബിൽഡിങ്. അതിന്റെ നിർമ്മാണത്തിന് തുടക്കം കുറിച്ചതും ഉസ്താദിന്റെ നേതൃത്വത്തിൽ ആയിരുന്നു. ഉപ്പ ആയിരുന്നു നിർമ്മാണ കമ്മറ്റി ജനറൽ സെക്രട്ടറി. അൻപതുകളിൽ തരുവണ അബ്ദുല്ല മുസ്‌ലിയാർ തുടക്കം കുറിച്ച നിബ്രാസുൽ ഇസ്‌ലാം മദ്രസ്സക്ക് സെക്കണ്ടറി മദ്രസ്സ എന്നു പേരിട്ട് കൂടുതൽ ക്ലാസ്സുകൾ ആരംഭിച്ചതും ഇരുവരും ചേർന്നു തന്നെ. അപൂർവ കിതാബുകളും കൈയെഴുത്തു രേഖകളും അടങ്ങിയ വിപുലമായ ലൈബ്രറി കെല്ലൂർ ജുമാ മസ്‌ജിദിൽ സ്ഥാപിച്ചതും ഉസ്താദ് ആയിരുന്നു. ഒരു കാലത്ത് സമീപ പ്രദേശങ്ങളിലെ മതപഠന വിദ്യാർഥികളെല്ലാം തന്നെ റഫറൻസ് ലൈബ്രറി ആയി ഉപയോഗിച്ചത് ഇതായിരുന്നു. ദർസ് പഠനത്തിനു ശേഷം കോളേജുകളിൽ ഉന്നത പഠനത്തിനു തയ്യാറെടുക്കുന്ന വിദ്യാർഥികൾ ലൈബ്രറി ഉപയോഗിക്കുന്നതിനു വേണ്ടി നോമ്പുകാലത്ത് പള്ളിയിൽ താമസിക്കുന്ന പതിവുണ്ടായിരുന്നു. വയനാട്ടിൽ നിന്നും ഹജ്ജിനുവേണ്ടി പോകുന്ന തീർഥാടകരുടെ കൈയിൽ പൈസ കൊടുത്തേൽപ്പിച്ചായിരുന്നു പല അപൂർവ അറബീ ഗ്രന്ഥങ്ങളും ഉസ്താദ് എത്തിച്ചത്.

1986 ലായിരുന്നു ഉസ്താദ് ആദ്യമായി ഹജ്ജിനു പോയത്. ആ സമയത്ത് നാട്ടിൽ നിന്നും വലിയൊരു സംഖ്യ ഉസ്താദിന് ഹദിയ ആയി നൽകി. ഒരാളിൽ നിന്നും സഹായം വാങ്ങുന്ന പതിവ് ഉസ്താദിനില്ല. നാം മറ്റുള്ളവരുടെ സഹായം പ്രതീക്ഷിച്ചു തുടങ്ങിയാൽ നമ്മുടേ കയ്യിലുള്ളത് ഒന്നിനും മതിയാകാതെ വരും എന്നായിരുന്നു ഇതേക്കുറിച്ചു ഉസ്താദ് പറയാറ്. സ്വാഭാവികമായും നാട്ടുകാരുടെ ഈ ഹദ്‌യയും ഉസ്താദ് നിരസിച്ചു. ഉസ്താദിന്റെ മുഹിബ്ബീങ്ങളും മഹല്ലിലെ കാരണവന്മാരുമായ കോമ്പി മൂസ ഹാജി, കേളോത്ത് മൊയ്തു ഹാജി എന്നിവർ നിർബന്ധിച്ചു. അങ്ങിനെയെങ്കിൽ ആരൊക്കെയാണ്, എത്ര വീതമാണ് തന്നത് എന്നതിന്റെ ലിസ്റ്റ് കൂടി നൽകണം എന്നായി ഉസ്താദ്. മൂസ ഹാജി അതു കൂടി സംഘടിപ്പിച്ചു കൊടുത്ത ശേഷമാണ് ആ പണക്കിഴി ഉസ്താദ് വാങ്ങി വെച്ചത്. യാത്രയൊക്കെ കഴിഞ്ഞു ഉസ്താദ് തിരിച്ചെത്തി. അപ്പോഴേക്കും കേരളത്തിലെ മുസ്‌ലിം സാമൂഹികാന്തരീക്ഷം പ്രശ്ന കലുഷിതമായി തുടങ്ങിയിരുന്നു. മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ താല്പര്യങ്ങൾ സമസ്ത കേരളം ജം ഇയ്യത്തുൽ ഉലമയിൽ തിടം വെച്ചു തുടങ്ങിയ സമയമായിരുന്നു അത്. സമസ്തയിലെ പണ്ഡിതന്മാർക്കിടയിൽ വിഭാഗീയത മൂർച്ഛിപ്പിക്കുന്നതിലേക്ക് കാര്യങ്ങൾ ചെന്നെത്തി. ശംസുൽ ഉലമ ഇ. കെ. അബൂബക്കർ മുസ്‌ലിയാരുടെയും കോട്ടുമല അബൂബക്കർ മുസ്‌ലിയാരുടെയും പ്രിയ ശിഷ്യൻ ആയിരുന്നെങ്കിലും സംഘടനാപരമായി ഉള്ളാൾ സയ്യിദ് അബ്ദുറഹിമാൻ കുഞ്ഞിക്കോയ തങ്ങളെയും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെയും പിന്തുണക്കുന്ന ആളായിരുന്നു കൈപ്പാണി ഉസ്താദ്. ശംസുൽ ഉലമ പഠിപ്പിച്ച കാര്യങ്ങളേ താൻ ചെയ്യുന്നുള്ളൂ എന്നായിരുന്നു ഇതേക്കുറിച്ചുള്ള ഉസ്താദിന്റെ വിശദീകരണം.

മുസ്‌ലിം ലീഗിനു മൃഗീയമായ മേൽക്കൈ ഉള്ള നാട്ടിൽ ഉസ്താദിനെതിരെ സ്വാഭാവികമായും മുറുമുറുപ്പുകൾ ഉയർന്നു. അതിനിടയിൽ, 1989 ന്റെ അവസാനം ഒരു സംഘം ആളുകൾ ഉസ്താദിന്റെ റൂമിലെത്തി. പലകാര്യങ്ങളും ചോദിച്ചു ബഹളം വെച്ച കൂട്ടത്തിൽ ഹജ്ജിനു പോകുമ്പോൾ നാട്ടുകാരുടെ ഹദ്‌യ കൂടി വാങ്ങിയിട്ടില്ലേ എന്നൊരാൾ ചോദിച്ചു. മൂന്നു വർഷങ്ങൾക്ക് മുൻപ് കെട്ടിവെച്ച അതേ പണക്കിഴി ‘ഞാനത് അന്നേ ഉപയോഗിച്ചിട്ടില്ല’ എന്നു പറഞ്ഞു തന്ന ആളുകളുടെ ലിസ്റ്റ് അടക്കം തിരിച്ചേൽപ്പിച്ചു! അതായിരുന്നു കൈപ്പാണി അബൂബക്കർ ഫൈസി. ആരുടേയും മുന്നിൽ പകച്ചോ, തലകുനിച്ചോ നിൽക്കേണ്ട ഒരു സന്ദർഭവും ആ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. അഭിമാനത്തോടെ ജീവിച്ചു. വ്യക്തിപരമായ ഒരാവശ്യങ്ങൾക്കും മറ്റൊരാളെ ആശ്രയിച്ചില്ല. സ്വന്തം ശാരീരിക അധ്വാനത്തിലൂടെ കൃഷി ചെയ്ത് എല്ലാ അർഥത്തിലും സ്വയം പര്യാപ്തതയോടെ ജീവിച്ചു. ജോലിയിൽ തുടരണമെങ്കിൽ എസ്. വൈ. എസ്സിന്റെ എറണാകുളം സമ്മേളനത്തിൽ പങ്കെടുക്കാൻ പാടില്ലെന്ന് മഹല്ല് കമ്മറ്റി ഉസ്താദിന് മുന്നിൽ നിബന്ധന വെച്ചു. ആ മഹല്ല് കമ്മറ്റിക്ക്, എറണാകുളം സമ്മേളനത്തിൽ പങ്കെടുക്കുന്നതിനു വേണ്ടി ജോലി രാജിവെക്കുന്നുവെന്നു രാജിക്കത്തെഴുതി ആ മുദരിസും സദർ മുഅല്ലിമും ജോലി വിട്ടിറങ്ങി. ജോലിയും രാജി വെച്ച് ഉസ്താദും കുട്ടികളും പള്ളിയിൽ നിന്നും പെട്ടിയും ഭാണ്ഡവും എടുത്തു നടന്നുപോയി. ഉപ്പ വീട്ടിലേക്കും. ആ ദിവസം അനുഭവിച്ച സങ്കടവും കരഞ്ഞ കരച്ചിലും പിന്നീടൊരിക്കലും ഉണ്ടായിട്ടില്ലെന്നാണ് ഉമ്മ പറയാറുള്ളത്. കെല്ലൂരിൽ നിന്നും ഉസ്താദ് കൊടുവള്ളിക്കടുത്ത കത്തറമ്മലിലേക്ക് പോയി. അവിടെ നിന്നും ദീർഘകാലം ഉരുളിക്കുന്നിലേക്കും. ഞങ്ങളുടെ നാട്ടിൽ നിന്നും പരിസരത്തു നിന്നുമായി വലിയൊരു സംഘം മുതഅല്ലിമീങ്ങളും ഉസ്താദിനോടൊപ്പം ചുരമിറങ്ങി. വലിയ പണ്ഡിതന്മാരായാണ് അവരൊക്കെ പിന്നീട് ചുരം കയറിയത്. ഇന്നും വടക്കേ വയനാട്ടിലെ ഒട്ടുമിക്ക മതപണ്ഡിതന്മാരും ഉസ്താദിന്റെ ശിഷ്യന്മാരോ അവരുടെ ശിഷ്യന്മാരോ ആണ്.

ഉസ്താദ് വലിയ പ്രഭാഷകൻ ഒന്നുമല്ല. ആ സംസാരം കണ്ടാൽ എഴുന്നേറ്റ് നിന്ന് സ്വന്തം ശരീരത്തിലേക്ക് നോക്കി കൊണ്ടാണോ സംസാരിക്കുന്നത് എന്നു തോന്നിപ്പോകും. മറ്റുള്ളവരോടല്ല, തന്നോട് തന്നെയാണ് ഇതെല്ലാം പറയുന്നത് എന്ന ഭാവം. ആ പറച്ചിലുകൾ ഹൃദയത്തിൽ ചെന്നു തറക്കും. സ്വന്തമായി ചെയ്യാത്ത ഒരു കാര്യവും മറ്റുള്ളവരോട് പറയില്ല. പറയുന്ന ഓരോ കാര്യങ്ങളും അങ്ങേയറ്റം തീർച്ചയോടെ, ആത്മ വിശ്വാസത്തോടെ പറയും. സ്വന്തം ബോധ്യങ്ങളും അഭിപ്രായങ്ങളും വെട്ടിത്തുറന്നു പറയും. തുറന്നു സംസാരിക്കും. ഒന്നും മറച്ചുവെക്കില്ല. തെറ്റു കണ്ടാൽ തടയും. ഗുരുവായ പാലേരി അബ്ദുറഹിമാൻ മുസ്‌ലിയാരുടെ അതേ ഭാവം, അതേ ശൈലി. തന്റെ ജീവിതത്തിനും സ്വഭാവത്തിനും ശൈലിക്കും കൈപ്പാണി ഉസ്താദ് ഏറ്റവും കടപ്പെട്ടിരിക്കുന്നതും പാലേരി ഉസ്താദിനോടു തന്നെ. ജീവിതത്തിലെ അതിസൂക്ഷ്മമായ കണിശതയും വിട്ടുവീഴ്ചയില്ലാത്ത ആദർശ നിലപാടുകളുടെയും പാഠം പഠിച്ചത് പാലേരി ഉസ്താദിന്റെ പരിശീലനക്കളരിയിൽ നിന്നാണെന്നാണ് ഉസ്താദ് പറയുന്നത്.

പക്ഷേ മിഹ്റാബിലേക്ക് തിരിഞ്ഞിരുന്നാൽ ഉസ്താദ് വിനയാന്വിതനാകും. ഒരു കുട്ടിയെ പോലെ കരയും. കോവിഡ് ലോക് ഡൗണിന്റെ തൊട്ടു മുന്നേ ഉസ്താദ് കെല്ലൂരിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ വന്നു. പുതുതായി തുടങ്ങിയ മദ് റസയുടെയും തിബ്‌യാൻ ഖുർആൻ സ്‌കൂളിന്റെയും ഉദ്ഘാടനം ആയിരുന്നു വേദി. ഉത്സവാന്തരീക്ഷത്തിൽ നടന്ന ആ പരിപാടിയിൽ സമസ്ത കേന്ദ്ര മുശാവറ അംഗമായി തിരഞ്ഞെടുത്ത ഉസ്താദിനുള്ള ഒരു സ്വീകരണവും കൂടി ഏർപ്പെടുത്തി. സദസ്സിന്റെ മുന്നിലിരുന്നു ആ പരിപാടിയുടെ കുറെ ഫോട്ടോകൾ ഞാൻ മൊബൈൽ ഫോണിൽ എടുത്തിരുന്നു. ആ ഫോട്ടോകളിലൂടെ ഇന്നു വെറുതെ ഓടിച്ചു നോക്കി. എല്ലാത്തിലും കരഞ്ഞിരിക്കുകയാണ് പ്രിയപ്പെട്ട കൈപ്പാണി ഉസ്താദ്. മരിച്ചാൽ കൂടുതൽ ആളുകൾ നിസ്കരിക്കാനും ദുആ ചെയ്യാനും ഒരു കാരണമാകില്ലേ എന്നു മാത്രം കരുതി ഏറ്റെടുത്താണ് പുതിയ ഉത്തരവാദിത്വം എന്നാണ് ഉസ്താദ് പറഞ്ഞത്. ഒരു യാത്രക്കിടെ സുബ്ഹി നിസ്കാരം ശ്രേഷ്‌ഠമായ സമയത്തിൽ നിന്നും അല്പം വൈകിയപ്പോൾ ഉസ്താദ് അസ്വസ്ഥനായി തുടങ്ങി. നിസ്കാര ശേഷം കൂടെയുള്ളവരോടായി പറഞ്ഞു, ‘ഈ നിസ്കാരമൊന്നു സ്വീകരിച്ചു കിട്ടാൻ ഇനി നമ്മളെത്ര കരയണം’. എന്റെ നികാഹിന്റെ ദിവസം കൊടിയത്തൂരിലേക്ക് പോകാൻ ഉസ്താദ് നേരത്തേ വീട്ടിലെത്തിയിരുന്നു. ദുആ ചെയ്ത് ഇറങ്ങുമ്പോൾ ഞാൻ ആദ്യമായി ഉസ്താദിന്റെ കൈ പിടിച്ചു മുത്താൻ തുനിഞ്ഞു. എന്റെ തല പിടിച്ചുയർത്തിക്കൊണ്ട് ഉസ്താദ് പറഞ്ഞു; നുഐമാനേ, നമ്മൾ തമ്മിൽ ഇല്ലാത്ത ഒരിടപാട് തുടങ്ങി വെക്കണോ? മാസങ്ങൾക്ക് മുൻപൊരിക്കൽ വെള്ളമുണ്ടയിൽ പോയി അൽ ഫുർഖാൻ പള്ളിയിലിരുന്ന് ഉസ്താദിനോട് ദീർഘമായി സംസാരിച്ചു. പഴയകാലങ്ങൾ ഓർത്തെടുത്തുകൊണ്ടുള്ള സംസാരം. പറഞ്ഞു പറഞ്ഞു വരുമ്പോൾ ഉസ്താദ് കണ്ണടക്കും, വിതുമ്പും. അല്ലാഹു നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പറയും. ആ സംസാരം അന്നു മുഴുമിപ്പിക്കാൻ ആയില്ല.

ദർസ് ജീവിതമൊക്കെ അവസാനിപ്പിച്ചു നാട്ടിൽ തിരിച്ചെത്തിയെങ്കിലും അവസാന കാലങ്ങളിൽ പണ്ഡിതന്മാർക്കും പഴയ ശിഷ്യന്മാർക്കും വേണ്ടി അൽ ഫുർഖാൻ മസ്ജിദിൽ വെച്ച് മാസാന്തം ഇബ്നു അതാഉല്ല സിക്കന്ദരിയുടെ അൽ ഹികം ദർസ് നടത്തിയിരുന്നു. അൽ ഹികമിന്റെ സൗന്ദര്യത്തിലും ഊർജ്ജത്തിലും മുഴുകിയിരിക്കുകയായിരുന്നു അവസാന കാലങ്ങളിൽ ഉസ്താദ്. ശിഷ്യരിൽ പലരോടും ആ അനുഭവങ്ങൾ പങ്കു വെക്കുകയും ചെയ്യാറുണ്ടായിരുന്നു. അൽ ഹികമിനെ കുറിച്ചുള്ള ആലോചനകൾ തന്റെ എല്ലാ പ്രയാസങ്ങളെയും മറികടക്കാൻ കാരണമാകുന്നു എന്നായിരുന്നു പറയാറ്. അൽ ഹികമിന്റെ ജ്ഞാന വെളിച്ചത്തിലാണ് ഉസ്താദ് മരണത്തിലേക്ക് നടന്നു പോയത് എന്നും പറയാം. ഉസ്താദിന്റെ മരണാനന്തര ജീവിതത്തിലും ആ വെളിച്ചം പ്രഭ വിതരട്ടെ.