Connect with us

From the print

കൈസർഗഞ്ജ്; ജയിക്കേണ്ടത് ബ്രിജ്ഭൂഷന്റെ മാത്രം ആവശ്യം

ബ്രാഹ്മണ വിഭാഗത്തിനും ഠാക്കൂർ വിഭാഗത്തിനും ഗണ്യമായ വോട്ട് വിഹിതമുള്ള ഈ മണ്ഡലം ബ്രിജ് ഭൂഷൺ സിംഗിന്റെ സ്വന്തമാണ്

Published

|

Last Updated

ന്യൂഡൽഹി | അഞ്ചാം ഘട്ട വോട്ടെടുപ്പിൽ നിർണായക മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ഉത്തർപ്രദേശിലെ കൈസർഗഞ്ജ്. ബി ജെ പിയുടെയല്ല, ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിംഗിന്റെ ശക്തികേന്ദ്രമാണിത്. ബ്രാഹ്മണ വിഭാഗത്തിനും ഠാക്കൂർ വിഭാഗത്തിനും ഗണ്യമായ വോട്ട് വിഹിതമുള്ള ഈ മണ്ഡലം ബ്രിജ് ഭൂഷൺ സിംഗിന്റെ സ്വന്തമാണ്. കഴിഞ്ഞ ആറ് തവണയാണ് ബി ജെ പിയിൽ നിന്നും എസ് പിയിൽ നിന്നുമായി ബ്രിജ്ഭൂഷൺ സിംഗ് ഇവിടെ നിന്ന് ജയിച്ചുവന്നത്. ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷണിനെതിരെ ലൈംഗികാരോപണം ഉന്നയിക്കുകയും രാജ്യന്തര തലത്തിൽ മെഡലുകൾ നേടിയ പ്രമുഖ താരങ്ങൾ ബ്രിജ് ഭൂഷണിനെതിരെ തെരുവിലിറങ്ങുകയും ചെയ്തതോടെ മകൻ കരൺ ഭൂഷൺ സിംഗിനെയാണ് ബി ജെ പി ഇവിടെ സ്ഥാനാർഥിയാക്കിയിരിക്കുന്നത്.

രാം ഭഗത് മിശ്രയെ എസ് പിയും നരേന്ദ്രപാണ്ഡയെ ബി എസ് പിയും സ്ഥാനാർഥിയാക്കിയിട്ടുണ്ട്. 30ശതമാനം വരുന്ന ബ്രാഹ്മണ സമുദായമാണ് കൈസർഗഞ്ച് മണ്ഡലത്തിൽ ആധിപത്യം പുലർത്തുന്നത്. 20 ശതമാനം വോട്ട് ഠാക്കൂർ വിഭാഗത്തിനുമുണ്ട്. ഠാക്കൂർ വിഭാഗത്തിന്റെ നേതാവായാണ് ബ്രിജ് ഭൂഷണിനെ പരിഗണിക്കുന്നത്.

ബ്രാഹ്മണ, ഠാക്കൂർ വോട്ടുകൾ നേടി തന്റെ മകൻ ഇത്തവണ തിരഞ്ഞെടുക്കപ്പെടുമെന്നാണ് ഇദ്ദേഹം പ്രതീക്ഷിക്കുന്നത്. മികച്ച ഭൂരിപക്ഷത്തോടെ മണ്ഡലത്തിൽ വിജയിക്കേണ്ടത് ഇപ്പോൾ ബി ജെ പിയെക്കാളും ബ്രിജ് ഭൂഷണിന്റെ ആവശ്യമാണ്. മകന്റെ പ്രചാരണത്തിനായി മണ്ഡലത്തിലെ എല്ലാ മേഖലകളിലും പിതാവ് എത്തിപ്പെടുന്നുണ്ട്.

ലൈംഗികാരോപണം നിലനിൽക്കുന്നതിനാൽ ബി ജെ പി നേതാക്കൾക്കൊപ്പം വേദി പങ്കിടാതെ സ്വന്തം നിലയിലാണ് ബ്രിജ് ഭൂഷണിന്റെ പ്രചാരണം. തന്റെ നാശത്തിന്റെ കഥ എഴുതാൻ ആഗ്രഹിക്കുന്നവർക്ക് വലിയൊരു അടിയായിരിക്കണം ഈ തിരഞ്ഞെടുപ്പെന്ന് പ്രചാരണ യോഗങ്ങളിൽ അണികളോട് ആഹ്വാനം ചെയ്യുന്നുമുണ്ട്. കരൺ ഭൂഷൺ സിംഗ് അഞ്ച് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
ലൈംഗികാതിക്രമ ആരോപണങ്ങൾ നേരിടുന്ന വ്യക്തിക്കെതിരെയുള്ള മത്സരം എന്ന രീതിയിലാണ് മണ്ഡലത്തിൽ എസ് പി, ബി എസ് പി സ്ഥാനാർഥികൾ പ്രചാരണം നടത്തുന്നത്. അത്തരത്തിൽ വോട്ടുകൾ പിടിക്കാനാകുമെന്നും അവർ പ്രതീക്ഷിക്കുന്നു. മണ്ഡലത്തിലെ പത്ത് ശതമാനം വോട്ട് കുർമി വിഭാഗത്തിനും പത്ത് ശതമാനം ദളിത് വിഭാഗത്തിനും 15 ശതമാനത്തോളം വോട്ട് മുസ്‌ലിംകൾക്കുമുണ്ട്. ഈ വോട്ടുകൾ കൂടി സമാഹരിച്ച് ശക്തമായ മത്സരം കാഴ്ചവെക്കാനാകുമെന്ന് പ്രതിപക്ഷം കരുതുന്നു.

 

Latest