Connect with us

Kerala

കൈതപ്രത്തെ വെടിവെപ്പ്: രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള സൗഹൃദം തകര്‍ന്നതാണ് കൊലപാതകത്തിന് കാരണമെന്ന് എഫ്‌ഐആര്‍; സന്തോഷ് അറസ്റ്റില്‍

ഇന്ന് പ്രതിയുടെ മൊഴി രേഖപ്പെടുത്തുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്യും.

Published

|

Last Updated

കണ്ണൂര്‍| കണ്ണൂര്‍ കൈതപ്രത്ത് നിര്‍മാണത്തിലിരിക്കുന്ന വീട്ടിനുള്ളില്‍ വീട്ടുടമ രാധാകൃഷ്ണനെ വെടിവച്ച് കൊലപ്പെടുത്തിയതിന് കാരണം ഇദ്ദേഹത്തിന്റെ ഭാര്യയുമായുള്ള സൗഹൃദം തകര്‍ന്നതെന്ന് എഫ്‌ഐആര്‍. കൊല ചെയ്ത സന്തോഷും രാധാകൃഷ്ണന്റെ ഭാര്യയും സഹപാഠികളായിരുന്നു. കുടുംബപ്രശ്‌നങ്ങള്‍ മൂലം ഇവരുടെ സൗഹൃദം ഇല്ലാതായതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സന്തോഷ് അവിവാഹിതനാണ്. രാധാകൃഷ്ണനും ഭാര്യയ്ക്കും രണ്ട് മക്കളുണ്ട്.

ഇന്നലെ വൈകിട്ട് ആറരയോടെയാണ് രാധാകൃഷ്ണനെ കൊലപ്പെടുത്തിയത്. നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ രാധാകൃഷ്ണന്‍ പതിവായെത്തുന്ന നേരം നോക്കി സന്തോഷ് അവിടേക്ക് തോക്കുമായെത്തി. കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്താണ് സന്തോഷ് കൊലപാതകം നടത്തിയതെന്നും പോലീസ് കണ്ടെത്തി. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ നെഞ്ചിലാണ് വെടിയേറ്റത്. കൊലയ്ക്ക് മുന്‍പും ശേഷവും പ്രതി സന്തോഷ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. തോക്ക് ചൂണ്ടിയുള്ള ഒരു ചിത്രവും ഇയാള്‍ പങ്കുവെച്ചിരുന്നു.

കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതുള്‍പ്പടെ പോലീസ് വിശദമായി അന്വേഷിക്കും. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. തോക്ക് സമീപത്തെ കിണറ്റില്‍ ഉപേക്ഷിച്ചതാവാന്‍ സാധ്യതയുണ്ട്.അതിനാല്‍ അവിടെ ഇന്ന് തിരച്ചില്‍ നടത്തും.

പ്രതി സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പ്രതിയുടെ മൊഴി രേഖപ്പെടുത്തുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്യും. രാധാകൃഷ്ണന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടക്കും. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം മൃതദേഹം ഇന്ന് സംസ്‌കരിക്കും.

 

Latest