Kerala
'കൈവെട്ട്' പ്രസംഗം: ഇ കെ വിഭാഗം നേതാവ് സത്താർ പന്തല്ലൂരിന് എതിരെ കേസെടുത്തു
കലാപാഹ്വാന വകുപ്പാണ് സത്താറിനെതിരെ ചുമത്തിയത്.
മലപ്പുറം | വിവാദ പ്രസംഗത്തിൽ എസ് കെ എസ് എസ് എഫ് നേതാവ് സത്താർ പന്തല്ലൂരിന് എതിരെ പോലീസ് കേസെടുത്തു. മൂന്നിയൂർ സ്വദേശി അഷ്റഫ് കളത്തിങ്ങൽ എന്നയാളുടെ പരാതിയിൽ മലപ്പുറം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കലാപാഹ്വാന വകുപ്പാണ് സത്താറിനെതിരെ ചുമത്തിയത്.
‘സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പണ്ഡിതന്മാരെയും അതിന്‍റെ ഉസ്താദുമാരെയും വെറുപ്പിക്കാനും പ്രായസപ്പെടുത്താനും പ്രഹരമേൽപ്പിക്കാനും ആരു വന്നാലും ആ കൈ വെട്ടാൻ എസ് എസ് കെ എസ് എഫിന്‍റെ പ്രവർത്തകന്മാർ മുന്നിലുണ്ടാകു’മെന്നായിരുന്നു സത്താർ പന്തല്ലൂരിന്റെ വിവാദ പരാമർശം.
എസ് കെ എസ് എസ് എഫ് 35-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് വ്യാഴാഴ്ച രാത്രി മലപ്പുറം ടൗൺഹാളിനു മുന്നിൽ നടത്തിയ മുഖദ്ദസ് സന്ദേശയാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം വിവാദ പരാമർശം നടത്തിയത്.
കഴിഞ്ഞദിവസം ഹിന്ദു ഐക്യവേദിയും സത്താറിന് എതിരെ പരാതി നൽകിയിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഷൈനുവാണ് കോഴിക്കോട് സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്.