Connect with us

Kerala

കാക്കനാട് ഡി എല്‍ എഫ് ഫ്ളാറ്റ്: സാമ്പിളുകളില്‍ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം

പൊതുജനാരോഗ്യ നിയമം കര്‍ശനമാക്കി ആരോഗ്യ വകുപ്പ്.

Published

|

Last Updated

കൊച്ചി | കാക്കനാട് ഡി എല്‍ എഫ് ഫ്ളാറ്റ് സമുച്ചയത്തില്‍ നിന്നും ആരോഗ്യ വകുപ്പ് പരിശോധനയ്ക്ക് അയച്ച സമ്പിളുകളില്‍ ഫലം ലഭിച്ച മൂന്നെണ്ണത്തില്‍ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഫ്ളാറ്റിലെ വിവിധ കുടിവെള്ള സ്രോതസ്സുകളായ ഓവര്‍ഹെഡ് ടാങ്കുകള്‍, ബോര്‍വെല്ലുകള്‍, ഡൊമെസ്റ്റിക്ക് ടാപ്പുകള്‍, കിണറുകള്‍, ടാങ്കര്‍ ലോറികളില്‍ സപ്ലൈ ചെയ്യുന്ന വെള്ളം എന്നിവയില്‍ നിന്നായി ഇതുവരെ 46 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇവയില്‍ 19 എണ്ണത്തിന്റെ പ്രാഥമിക റിപോര്‍ട്ട് ലഭിച്ചതില്‍ പലതിലും ബാക്ടീരിയുടെ സാന്നിധ്യം കാണുന്നുണ്ട്. എന്നാല്‍, വിശദമായ പരിശോധനാ റിപോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ ഇത് പൂര്‍ണമായി സ്ഥിരീകരിക്കാനാകൂ. ഇത് സൂചിപ്പിക്കുന്നത് വെള്ളത്തിന്റെ ഗുണനിലവാരം മോശമെന്നാണ്. അതിനാല്‍ തന്നെ ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി വരുന്നു. ഇന്ന് മുതല്‍ ആരോഗ്യ വകുപ്പ് വിവിധ ഫ്ളാറ്റുകളില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ നിശ്ചിത സാമ്പിളുകള്‍ രണ്ട് നേരം പരിശോധിച്ച് ക്ലോറിന്റെ അളവ് വിലയിരുത്തി വരുന്നതായും മന്ത്രി വ്യക്തമാക്കി.

ഡി എല്‍ എഫ് ഫ്ളാറ്റില്‍ വയറിളക്ക രോഗബാധയെ തുടര്‍ന്ന് കേരള പൊതുജനാരോഗ്യ നിയമം 2023, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കാക്കനാട് പൊതുജനാരോഗ്യ അധികാരിയായ മെഡിക്കല്‍ ഓഫീസര്‍ ഫ്ളാറ്റ് അസോസിയേഷന് നോട്ടീസ് നല്‍കി. 4,095 പേരാണ് 15 ടവറുകളിലായി ഫ്ളാറ്റില്‍ താമസിക്കുന്നത്.

നിലവില്‍ പകര്‍ച്ചവ്യാധിക്കിടയാക്കിയ കുടിവെള്ളത്തിന്റെ വിതരണം പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ശാസ്ത്രീയവും ആരോഗ്യകരവുമായ ശുദ്ധജല സംവിധാനം അടിയന്തരമായി ഏര്‍പ്പെടുത്തുന്നതിനും കൃത്യമായ കാലയളവില്‍ സൂപ്പര്‍ ക്ലോറിനേഷന്‍, അംഗീകൃത സര്‍ക്കാര്‍ ലാബില്‍ നിന്നുമുള്ള പരിശോധനകള്‍ എന്നിവ നടത്തി രേഖകള്‍ സൂക്ഷിക്കുവാനും പരിശോധനാധികാരികള്‍ ആവശ്യപ്പെടുന്ന പക്ഷം ഹാജരാക്കുന്നതിനും നോട്ടീസില്‍ നിര്‍േദശിച്ചിട്ടുണ്ട്. കൂടാതെ ഫ്ളാറ്റുകളില്‍ കുടിവെള്ളം ലഭ്യമാക്കുന്ന എല്ലാ സ്രോതസ്സുകളും ക്ലോറിനേഷന്‍ നടത്തി ശുദ്ധത ഉറപ്പുവരുത്തി വിതരണം ചെയ്യുന്നതിനും ഫ്ളാറ്റില്‍ നിന്നുമുള്ള മലിനജലം, ശുചിമുറി മാലിന്യങ്ങള്‍ എന്നിവ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നാളിതുവരെ 492 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായതായി സര്‍വേ വഴി കണ്ടെത്തിയിട്ടുണ്ട്. മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ നിര്‍ദേശമനുസരിച്ച് പ്രത്യേക സര്‍വേയും ഇന്ന് നടന്നു.

ചികിത്സയിലുള്ള രണ്ടു പേരില്‍ നിന്ന് 2 സാമ്പിളുകള്‍ റീജ്യണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിലേക്കും, എന്‍ ഐ വി ആലപ്പുഴ യൂണിറ്റിലേക്കും പരിശോധനയ്ക്കയച്ചിട്ടുണ്ട്. മൂന്ന് കുടിവെള്ള സാമ്പിളുകള്‍ കൂടി ബാക്ടീരിയോളജിക്കല്‍ അനാലിസിസിന് വേണ്ടി പരിശോധനയ്ക്കെടുക്കുകയും ചെയ്തു. രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിന് ജനറല്‍ ആശുപത്രി, എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ എന്നിവയുമായി സഹകരിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന സ്ഥലം സന്ദര്‍ശിച്ച് അവലോകന യോഗം നടത്തി അടിയന്തര നടപടികള്‍ക്കുള്ള നിര്‍ദേശം നല്‍കി. ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം കൂടി സ്ഥിതിഗതികള്‍ വിലയിരുത്തി. ഡെപ്യൂട്ടി കലക്ടര്‍ (ദുരന്ത നിവാരണം) വി വി അബ്ബാസ്, മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ വിശകലനം ചെയ്തു.

രോഗവ്യാപനം തടയുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • കുടിക്കുന്നതിന് തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക. കുറഞ്ഞത് അഞ്ച് മിനുട്ടെങ്കിലും വെള്ളം തിളപ്പിക്കണം. 20 മിനുട്ട് തിളപ്പിക്കുന്നതാണ് ഉത്തമം.
  • ഫില്‍റ്ററില്‍ നിന്നുള്ള വെള്ളമാണെങ്കിലും തിളപ്പിച്ച് മാത്രമേ കുടിക്കാവൂ.
    ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശുചിമുറി ഉപയോഗിച്ചതിനു ശേഷവും കൈകള്‍ ശുചിയാക്കി എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
  • സൂപ്പര്‍ ക്ലോറിനേഷന്‍ ചെയ്ത് അണുവിമുക്തമാക്കിയതിനു ശേഷം മാത്രമേ സ്വിമ്മിംഗ് പൂള്‍ ഉപയോഗിക്കാവൂ
  • ഒ ആര്‍ എസ്, സിങ്ക് എന്നിവ ആവശ്യമുള്ള ഫ്ളാറ്റ് നിവാസികള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. കൂടുതല്‍ ഒ ആര്‍ എസ്, സിങ്ക് എന്നിവ ആവശ്യമാകുന്ന പക്ഷം കാക്കനാട് കുടുംബാരോഗ്യകേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്.