Connect with us

Kerala

മാന്നാറിലെ കലയെ കൊലപ്പെടുത്തിയത് പെരുമ്പുഴ പാലത്തില്‍ വച്ച്; ഒന്നാം പ്രതി ഭര്‍ത്താവ് അനില്‍

കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലനടത്തിയതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്

Published

|

Last Updated

ആലപ്പുഴ| മാന്നാറിലെ കലയെ കൊലപ്പെടുത്തിയത് പെരുമ്പുഴ പാലത്തില്‍ വച്ചാണെന്ന് പോലീസ്. കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലനടത്തിയതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കേസില്‍ കലയുടെ ഭര്‍ത്താവ് അനിലാണ് ഒന്നാം പ്രതി.

ചെന്നിത്തല പഞ്ചായത്ത് രണ്ടാം വാര്‍ഡ് പായിക്കാട്ട് മീനത്തേതില്‍ ചെല്ലപ്പന്‍- ചന്ദ്രികയുടെ മകള്‍ കല (36) യാണ് കൊല്ലപ്പെട്ടത്. ചെന്നിത്തല പഞ്ചായത്ത് ഇരമത്തൂര്‍ കിഴക്ക് മൂന്നാം വാര്‍ഡില്‍ കണ്ണമ്പള്ളില്‍ അനിലിന്റെ ആദ്യ ഭാര്യയാണ് കല. 15 വര്‍ഷം മുമ്പ് കലയെ കണാതായതായി മാന്നാര്‍ പോലീസില്‍ അനിലിന്റെ പിതാവ് പരാതി നല്‍കിയിരുന്നുവെങ്കിലും തുടര്‍ അന്വേഷണം നടന്നിരുന്നില്ല.

2009ലാണ് കലയുടെ കൊലപാതകം നടക്കുന്നത്. കലയുടെ ഭര്‍ത്താവ് അനിലാണ് കൊലപാതകത്തിന് പിന്നില്‍. ഇസ്റാഈലിലുള്ള അനിലിനെ നാട്ടില്‍ എത്തിക്കുമെന്നും ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോണ്‍ പറഞ്ഞു. കൊലപാതകത്തില്‍ ഭര്‍ത്താവിന്റെ ബന്ധുക്കളടക്കം അഞ്ച് പേര്‍ പോലീസ് കസ്റ്റഡിയിലാണ്. അനിലും രണ്ടും മൂന്നും നാലും പ്രതികളും ചേര്‍ന്ന് കലയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ശേഷം മാരുതി കാറില്‍ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്തു.

പിന്നീട് തെളിവെല്ലാം പ്രതികള്‍ നശിപ്പിച്ചു. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. എന്നാല്‍ പ്രതികള്‍ എങ്ങനെയാണ് കലയെ കൊലപ്പെടുത്തിയതെന്നോ എവിടെയാണ് മറവ് ചെയ്തതെന്നോ എഫ്‌ഐആറില്‍ പറയുന്നില്ല. കല കുഞ്ഞിനേയും ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോയി എന്നാണ് അനിലും കുടുംബവും പ്രചരിപ്പിച്ചിരുന്നു. തുടര്‍ന്ന് കലയുടെ വീട്ടുകാരും പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല.

ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അമ്പലപ്പുഴ പോലീസ് നടത്തിയ രഹസ്യാന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. അനിലിന്റെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കില്‍ നിന്ന് യുവതിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ എന്ന് സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. സെപ്റ്റിക് ടാങ്കില്‍ നിന്ന് ഒരു സ്ത്രീയുടേതെന്ന് കരുതുന്ന ഒരു ലോക്കറ്റും, ക്ലിപ്പും കണ്ടെത്തിയിട്ടുണ്ടെന്ന് എസ്പി ചൈത്ര തെരേസ ജോണ്‍ പറഞ്ഞു.

15 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമായതിനാല്‍ മൃതദേഹത്തിന്റെ ചെറിയ അവശിഷ്ടങ്ങള്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്നാണ് അന്വേഷണ സംഘം പറയുന്നത്. എന്തെങ്കിലും കെമിക്കല്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അവശിഷ്ടങ്ങളൊന്നും ബാക്കിയുണ്ടാവില്ലെന്നും ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

 

Latest