Kerala
കല രാജുവിനെ തട്ടിക്കൊണ്ടു പോയ സംഭവം; പോലീസിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്
പ്രതിപക്ഷമാണ് പോലീസ് വീഴ്ചയില്‍ ആരോപണം ഉന്നയിച്ചത്.
കൊച്ചി| കൂത്താട്ടുകുളം നഗരസഭയിലെ കൗണ്‍സിലര്‍ കല രാജുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്. പോലീസുകാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത റിപ്പോര്‍ട്ട് എസ്പി ഡിഐജിക്ക് കൈമാറി. പട്ടാപ്പകല്‍ പോലീസ് നോക്കി നില്‍ക്കെയാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് കലാ രാജു നേരത്തെ പറഞ്ഞിരുന്നു. പ്രതിപക്ഷമാണ് പോലീസ് വീഴ്ചയില്‍ ആരോപണം ഉന്നയിച്ചത്.
കല രാജുവിനെ സിപിഎം ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ് ചെയ്തതെന്നും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നുമാണ് സിപിഎം നേതാക്കളുടെ വാദം. രാഷ്ട്രീയസമ്മര്‍ദത്താല്‍ ആകാം കല രാജു തട്ടിക്കൊണ്ടു പോയ പരാതി നല്‍കിയതെന്നും നേതാക്കള്‍ പറയുന്നു.
തട്ടിക്കൊണ്ടുപോകല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍, അന്യായമായി തടഞ്ഞുവക്കല്‍, നിയമവിരുദ്ധമായി കൂട്ടം ചേരല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയതില്‍ കൂത്താട്ടുകുളം പോലീസ് കേസെടുത്തത്. സിപിഎം ഏരിയ സെക്രട്ടറിയാണ് ഒന്നാം പ്രതി. രണ്ടാം പ്രതി കൂത്താട്ടുകുളം നഗരസഭാ ചെയര്‍ പേഴ്‌സനും മൂന്നാം പ്രതി വൈസ് ചെയര്‍മാനുമാണ്.
കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയത്തിനിടെ തന്നെ പാര്‍ട്ടി നേതാക്കള്‍ കടത്തിക്കൊണ്ടുപോവുകയായിരുന്നുവെന്ന് സിപിഎം കൗണ്‍സിലര്‍ കല രാജു വ്യക്തമാക്കിയിരുന്നു. സ്ത്രീയെന്ന പരിഗണന നല്‍കിയില്ല. പൊതുജനമധ്യത്തില്‍ വസ്ത്രം വലിച്ചുകീറി. കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായും വാഹനത്തിലേക്ക് വലിച്ചിഴച്ചാണ് കൊണ്ടുപോയതെന്നും കല രാജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
വിഷയത്തില്‍ കൂത്താട്ടുകുളത്ത് വലിയ രാഷ്ട്രീയ സംഘര്‍ഷമുണ്ടായിരുന്നു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തട്ടിക്കൊണ്ടുപോകലിന് കൂട്ടുനിന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്.