kalamassery blast
കളമശേരി സ്‌ഫോടനം: ഒരു മരണം കൂടി; ആകെ മരണം ആറായി
സഹോദരി ലിബിനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പ്രവീണിന് പൊള്ളലേറ്റത്.
കൊച്ചി | കളമശേരി സ്‌ഫോടനത്തില്‍ ഒരു മരണം കൂടി. ഇതോടെ ആകെ മരണം ആറായി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂര്‍ സ്വദേശി പ്രവീണ്‍(26) ആണു മരിച്ചത്. ഇതോടെ സംഭവത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേരാണ് മരിച്ചത്.
പ്രവീണിന്റെ അമ്മ മലയാറ്റൂര്‍ സ്വദേശിനി സാലി പ്രദീപന്‍ കഴിഞ്ഞ11 നാണു മരിച്ചത്. സ്‌ഫോടനം നടന്ന ദിവസം 12കാരി ലിബിനയും മരിച്ചു. സഹോദരി ലിബിനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പ്രവീണിന് പൊള്ളലേറ്റത്. ഇതുവരെ എട്ട് പേരാണു പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
സ്‌ഫോടനം നടന്നു രണ്ടാഴ്ച പിന്നിടുമ്പോള്‍ നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘം തെളിവെടുപ്പില്‍ കണ്ടെത്തി. തെളിവെടുപ്പിനെത്തിച്ചപ്പോള്‍ സ്‌കൂട്ടറില്‍ നിന്ന് നാലു റിമോര്‍ട്ടുകള്‍ മാര്‍ട്ടിന്‍ എടുത്തു നല്‍കുകയായിരുന്നു. വെള്ള കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു റിമോര്‍ട്ടുകള്‍. നാലു റിമോര്‍ട്ടുകളില്‍ രണ്ടെണ്ണം ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയിട്ടുള്ളത്. മാര്‍ട്ടിന്‍ കീഴടങ്ങാനെത്തിയ സ്‌കൂട്ടര്‍ കൊടകര പോലീസ് സ്റ്റേഷനിലായിരുന്നു സൂക്ഷിച്ചിരുന്നത്.
കളമശ്ശേരി സ്‌ഫോടനത്തിന്റെ നിര്‍ണായക തെളിവുകളാണ് പ്രതി മാര്‍ട്ടിന്റെ വാഹനത്തില്‍ നിന്ന് കണ്ടെടുത്തത്. സ്‌ഫോടനത്തിന് ശേഷം ഇരുചക്ര വാഹനത്തില്‍ കൊടകര പോലീസ് സ്റ്റേഷനിലെത്തിയ മാര്‍ട്ടിന്‍ വാഹനത്തിനുള്ളില്‍ റിമോട്ടുകള്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.