Kerala
കളമശ്ശേരി സ്‌ഫോടനം: കുറ്റപത്രം സമര്‍പ്പിച്ചു
തമ്മനം സ്വദേശി മാര്‍ട്ടിന്‍ ഡൊമിനികിനെ ഏക പ്രതിയാക്കിയാണ് കുറ്റപത്രം.
കൊച്ചി | കളമശ്ശേരി സ്‌ഫോടന കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എട്ട് പേര്‍ കൊല്ലപ്പെട്ട സ്‌ഫോടന കേസില്‍ തമ്മനം സ്വദേശി മാര്‍ട്ടിന്‍ ഡൊമിനികിനെ ഏക പ്രതിയാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
2023 ഒക്ടോബര്‍ 29 ന് യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം. കണ്‍വെന്‍ഷന്റെ അവസാന ദിവസമുണ്ടായ സ്‌ഫോടനത്തില്‍ എട്ടു പേരുടെ ജീവന്‍ നഷ്ടപ്പെട്ടു.
രാവിലെ 9.30 ഓടെയാണ് സമ്മേളന ഹാളിനകത്ത് ആദ്യ സ്‌ഫോടനമുണ്ടായത്. ഇതിനു പിന്നാലെ തുടര്‍ച്ചയായി രണ്ട് സ്‌ഫോടനങ്ങള്‍ കൂടി സംഭവിച്ചു. സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ തീ പടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റായിരുന്നു എട്ട് പേരുടെയും മരണം. സ്‌ഫോടനമുണ്ടായപ്പോള്‍ പരിഭ്രാന്തരായി ഹാളില്‍ നിന്ന് പുറത്തേക്ക് ഓടിയ നിരവധി പേര്‍ക്ക് വീണു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരുന്നതിനിടെ മാര്‍ട്ടിന്‍ ഡൊമിനിക് പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയും സ്‌ഫോടനം നടത്തിയത് താനാണെന്ന് വെളിപ്പെടുത്തുകയുമായിരുന്നു.