Kerala
തൃപ്പൂണിത്തുറ സ്‌ഫോടനം; ഒരാള്‍കൂടി മരിച്ചു
പരുക്കേറ്റ് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദിവാകരന്‍ (55) ആണ് മരിച്ചത്.
കൊച്ചി | എറണാകുളം തൃപ്പൂണിത്തുറ തെക്കുംഭാഗത്ത് പടക്ക സംഭരണ കേന്ദ്രത്തിന് തീപിടിച്ചുണ്ടായ ഉഗ്ര സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. പരുക്കേറ്റ് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദിവാകരന്‍ (55) കൂടി മരിച്ചതോടെയാണിത്. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു നേരത്തെ മരിച്ചിരുന്നു.
പരുക്കേറ്റവരില്‍ ഗുരുതരാവസ്ഥയിലുള്ള കൊല്ലം പാരിപ്പിള്ളി സ്വദേശി അനില്‍ (49), മധുസൂദനന്‍ (60), ആദര്‍ശ് (29), ആനന്ദന്‍ (69) എന്നിവര്‍ കളമശ്ശേരി മെഡിക്കല്‍ കോളജ് ഐ സി യുവിലാണ്.
സ്‌ഫോടനത്തില്‍ കേന്ദ്രത്തിലേക്ക് പടക്കവുമായി വന്ന ലോറി പൂര്‍ണമായി കത്തിനശിച്ചു. സമീപത്തെ കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. സ്ത്രീകളടക്കം 16 പേര്‍ക്കാണ് പരുക്കേറ്റത്.
പുതിയകാവ് ക്ഷേത്ര ഉത്സവത്തിനായി കൊണ്ടുവന്ന പടക്കമാണു പൊട്ടിത്തെറിച്ചതെന്നാണു വിവരം. സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ പറ്റി. വലിയ സ്ഫോടന ശബ്ദത്തില്‍ പ്രദേശമാകെ നടുങ്ങി.
300 മീറ്റര്‍ അപ്പുറത്തേക്കു അവശിഷ്ടങ്ങള്‍ തെറിച്ചു വീണുവെന്നാണു സമീപ വാസികള്‍ പറയുന്നത്.രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. അടുത്തുളള വീടുകളെല്ലാം തകര്‍ന്നു. 45 ഓളം കെട്ടിടങ്ങള്‍ തകര്‍ന്നതായി പ്രദേശവാസികള്‍ പറഞ്ഞു.
അനുമതിയില്ലാതെയാണ് സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചതെന്നു നാട്ടുകാര്‍ ആരോപിച്ചു. സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കാന്‍ അനുമതിയുണ്ടായിരുന്നില്ലെന്ന് ജില്ലാ ഫയര്‍ഫോഴ്സും സ്ഥിരീകരിച്ചു.പൊട്ടിത്തെറിയില്‍ പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കളമശ്ശേരി മെഡിക്കല്‍ കോളജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും മികച്ച ചികിത്സാ സൗകര്യമേര്‍പ്പെടുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ ആശുപത്രിയിലും കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.