Connect with us

From the print

കളമശ്ശേരി സ്ഫോടനം: വിശദാന്വേഷണത്തിന് പോലീസ്

എല്ലാം തീരുമാനിച്ചുറപ്പിച്ചിരുന്നെന്ന് പ്രതി

Published

|

Last Updated

കൊച്ചി | കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററിലെ ബോംബ് സ്‌ഫോടനക്കേസില്‍ വിശദാന്വേഷണത്തിന് പോലീസ്. ഡൊമിനിക് മാര്‍ട്ടിന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ ഫോണ്‍ കോളുകള്‍, ഇയാള്‍ അടുത്ത് ഇടപഴകിയ വ്യക്തികള്‍, സന്ദര്‍ശിച്ച സ്ഥലങ്ങളുടെ വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ശേഖരിച്ചാണ് പോലീസിന്റെ പരിശോധന. അതേസമയം, പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ എല്ലാം തീരുമാനിച്ചുറപ്പിച്ച ശേഷമാണ് സ്‌ഫോടനം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

യഹോവ സാക്ഷികളുടെ മേഖലാ കണ്‍വെന്‍ഷന്റെ സമാപന ദിവസം പ്രാര്‍ഥന തുടങ്ങും മുമ്പ് തന്നെ ഇയാള്‍ സ്‌ഫോടനം നടത്താന്‍ ശ്രമിച്ചിരുന്നു. ആളുകള്‍ നിറഞ്ഞപ്പോള്‍ തന്നെ ഹാളിന് പുറത്ത് നിന്ന് റിമോട്ട് അമര്‍ത്തിയെങ്കിലും സ്‌ഫോടനം നടന്നില്ല. തുടര്‍ന്ന് വീണ്ടും ഹാളിനുള്ളിലെത്തി ബോംബ് സ്വിച്ച് ഓണ്‍ ചെയ്ത ശേഷമാണ് സ്‌ഫോടനം നടത്തിയതെന്നാണ് ഡൊമിനിക്കിന്റെ മൊഴി. സ്‌ഫോടനമല്ലെങ്കില്‍ പോലും മറ്റേതെങ്കിലും വിധത്തിലുള്ള ആക്രമണം ഇയാള്‍ നടത്തുമായിരുന്നുവെന്നാണ് അന്വേഷണ സംഘം ഉറപ്പിക്കുന്നത്.

ഡൊമിനിക് മാര്‍ട്ടിന്‍ തനിച്ചാണ് ഐ ഇ ഡി ബോംബ് ഉപയോഗിച്ചതെന്ന് ഉറപ്പിക്കുമ്പോഴും ഇയാള്‍ക്ക് പ്രേരണ ലഭിച്ചിരിക്കാനുള്ള സാധ്യത അന്വേഷിക്കുകയാണ് പോലീസ്. കൃത്യം ചെയ്തത് താന്‍ ഒറ്റക്കാണെന്ന് ഇയാള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് പ്രത്യേക അന്വേഷണ സംഘം പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. സ്‌ഫോടന ദൃശ്യങ്ങള്‍ പ്രതി മൊബൈലില്‍ ചിത്രീകരിച്ചതാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്. കൃത്യം നടത്തിയതിനുശേഷം ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് എന്തിനു വേണ്ടി, ഇവ മറ്റ് ആര്‍ക്കെങ്കിലും കൈമാറിയോ തുടങ്ങിയ കാര്യങ്ങളിലാണ് അന്വേഷണസംഘം വ്യക്തത തേടുന്നത്. പ്രതിയുടെ സാമൂഹികമാധ്യമത്തിലെ അക്കൗണ്ടുകളും മൊബൈല്‍ ഫോണ്‍ രേഖകളും അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നുണ്ട്.

മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നു
പൊള്ളലേറ്റ് വിവിധ ആശുപത്രികളില്‍ ഐ സി യുവില്‍ കഴിയുന്ന മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. നിലവില്‍ 20 രോഗികളാണ് ചികിത്സയിലുള്ളത്. ഇതില്‍ 16 പേര്‍ ഐ സി യു ചികിത്സയിലാണ്. നാല് പേര്‍ വാര്‍ഡുകളിലും. അപകടത്തില്‍ പത്ത് ശതമാനം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 14 വയസ്സുള്ള കുട്ടിയെ ഇന്നലെ ഐ സി യുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റി. കളമശ്ശേരി മെഡി. കോളജില്‍ ചികിത്സയിലിരുന്ന ഒരു രോഗിയെ സ്‌കിന്‍ ഗ്രഫ്റ്റിംഗിന് കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റി.

തിരിച്ചറിയല്‍ പരേഡ് ഇന്ന് നടന്നേക്കും
കൊച്ചി | ബോംബ് സ്‌ഫോടനക്കേസില്‍ തിരിച്ചറിയല്‍ പരേഡ് ഇന്ന് നടന്നേക്കും. കാക്കനാട് ജില്ലാ ജയിലില്‍ മജിസ്‌ട്രേറ്റിന്റെ മേല്‍നോട്ടത്തിലായിരിക്കും തിരിച്ചറിയല്‍ പരേഡ് നടക്കുക. ഇന്നോ തൊട്ടടുത്ത ദിവസമോ നടത്താനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്.
സ്‌ഫോടനം നടത്താനുള്ള ഐ ഇ ഡി നിര്‍മിക്കാന്‍ പ്രതി റിമോര്‍ട്ട് കണ്‍ട്രോളും ഇലക്ട്രിക് വയറുകളും മറ്റും വാങ്ങിയ സ്ഥാപന ഉടമകള്‍, ഗുണ്ട് വാങ്ങിയ പടക്കക്കടയുടെ ഉടമ, പെട്രോ ള്‍ പമ്പലിലെ ജീവനക്കാര്‍, യഹോവ സാക്ഷികളുടെ മേഖലാ കണ്‍വെന്‍ഷനില്‍ പങ്കെടുത്തവര്‍ എന്നിവരുടെ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. തിരിച്ചറിയല്‍ പരേഡ് നടത്താന്‍ അനുവാദം തേടിയുള്ള അപേക്ഷ അന്വേഷണസംഘം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും.

തിരിച്ചറിയല്‍ പരേഡിന് ശേഷം പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അപേക്ഷ നല്‍കാനാണ് പോലീസ് തീരുമാനം. ഡൊമിനിക്കിനെ ഈ മാസം 29 വരെയാണ് കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്. നിലവില്‍ കാക്കനാട് ജില്ലാ ജയിലിലാണ് പ്രതിയുള്ളത്.

 

 

Latest