Connect with us

Kerala

കളമശ്ശേരി കഞ്ചാവ് വേട്ട; ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച് വില്‍പന തുടങ്ങിയിട്ട് ആറു മാസമായെന്ന് കണ്ടെത്തല്‍

കഞ്ചാവ് വാങ്ങാന്‍ അനുരാജ് ഗൂഗിള്‍ പേ വഴി 16000 രൂപയും ബാക്കി പണം നേരിട്ടും കൈമാറിയെന്നും പോലീസ് കണ്ടെത്തി.

Published

|

Last Updated

കൊച്ചി|കളമശ്ശേരി പോളിടെക്‌നിക് കോളജിലെ ബോയ്‌സ് ഹോസ്റ്റലിലെ കഞ്ചാവ് വില്‍പ്പനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് പോലീസ്. ഇന്നലെ പിടിയിലായ മുഖ്യപ്രതി കൊല്ലം സ്വദേശി അനുരാജ് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച് വില്‍പന തുടങ്ങിയിട്ട് ആറു മാസമായെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. നാല് കിലോ കഞ്ചാവാണ് അനുരാജ് വാങ്ങിയത്. എന്നാല്‍ രണ്ട് കിലോ മാത്രമാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. കാണാതായ രണ്ട് കിലോ കഞ്ചാവിനായി പോലീസ് തെരച്ചില്‍ തുടരുകയാണ്.

കഞ്ചാവ് വാങ്ങാന്‍ അനുരാജ് ഗൂഗിള്‍ പേ വഴി 16000 രൂപയും ബാക്കി പണം നേരിട്ടും കൈമാറിയെന്നും പോലീസ് കണ്ടെത്തി. അനുരാജാണ് ഹോളി ആഘോഷത്തിന്റെ മറവില്‍ പോളിടെക്‌നിക്കിലേക്ക് കഞ്ചാവ് എത്തിക്കാന്‍ പണം പിരിച്ചത്. വ്യാപക പണപ്പിരിവ് നടത്തിയിട്ടില്ല. കുറച്ചു പേര്‍ക്കാണ് കഞ്ചാവ് എത്തിച്ചതെന്നുമാണ് അനുരാജിന്റെ മൊഴി. അനുരാജ് ഇപ്പോള്‍ റിമാന്‍ഡിലാണുള്ളത്. അനുരാജിനായി പോലീസ് കസ്റ്റഡി അപേക്ഷ നല്‍കും.

കഞ്ചാവ് എത്തിച്ചത് ഒരു ഇതര സംസ്ഥാനക്കാരനാണ്. ഇതര സംസ്ഥാനക്കാരന് പണം നല്‍കി ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ച ആലുവ സ്വദേശികളായ കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥികളായ ഷാലിക്കും ആഷിക്കും നല്‍കിയ മൊഴികളാണ് ലഹരിവേട്ടയില്‍ നിര്‍ണായകമായത്. കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ അനുരാജ് കഞ്ചാവ് വാങ്ങാന്‍ പണം പിരിച്ച് പൂര്‍വ വിദ്യാര്‍ത്ഥികളായ ആഷിക്കിനെയും ഷാലിക്കിനെയും ഏല്‍പ്പിക്കുകയായിരുന്നുവെന്നായിരുന്നു മൊഴി. ഇതര സംസ്ഥാനക്കാരനായ ലഹരി വില്‍പ്പനക്കാരനെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

കളമശ്ശേരിയിലെ കഞ്ചാവ് വേട്ടയുടെ പശ്ചാത്തലത്തില്‍ നഗരത്തില്‍ മിന്നല്‍ പരിശോധന തുടരുകയാണ്. ഇന്നലെ സ്വകാര്യ ഹോസ്റ്റലുകളിലും വാഹനങ്ങളിലും നടത്തിയ പരിശോധനയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തു.