Connect with us

Kerala

കളമശേരി പോളിടെക്‌നിക് കോളജ് കഞ്ചാവ് വേട്ട; തന്നെ കുടുക്കിയത്: ഹോസ്റ്റലിൽ പലരും വന്നുപോകുന്നുണ്ടെന്ന് എസ്എഫ്ഐ നേതാവ് അഭിരാജ്

ഇന്നലെ രാത്രിയാണ് പോലീസിന്റെ മിന്നല്‍ പരിശോധനയില്‍ 10 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്.

Published

|

Last Updated

കൊച്ചി | കളമശ്ശേരി സര്‍ക്കാര്‍ പോളിടെക്‌നിക് കോളജ് മെന്‍സ് ഹോസ്റ്റലില്‍ വന്‍ കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി കേസില്‍ പ്രതിയായ എസ്എഫ്ഐ നേതാവും യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ ആര്‍. അഭിരാജ്. ഞാന്‍ മുറിയില്‍ എത്തിയപ്പോള്‍ വസ്തുക്കള്‍ ചിതറിക്കിടക്കുന്ന അവസ്ഥയിലായിരുന്നു.നിന്നെ കണ്ടാല്‍ പറയുമല്ലോടാ നീ ലഹരി ഉപയോഗിക്കുന്നവനാണെന്നാണ് പരിശോധനക്കെത്തിയ പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞത്. എന്നെ ആദ്യം കൊണ്ടുപോയത് ആകാശിന്റെ മുറിയിലേക്കാണ്. ഞാന്‍ യൂണിയനില്‍ ഉള്ളതാണ്, എനിക്ക് നാളെ പരിപാടിയുണ്ട് അങ്ങോട്ട് പോകണം എന്ന് പറഞ്ഞു. നീ യൂണിയനില്‍ ഉള്ളതാണോ ,നീ വലിയ കൊമ്പത്തുള്ള ആളാണോ എന്നാണ് പറഞ്ഞത്.ഹോസ്റ്റലില്‍ മുമ്പ് പഠിച്ചവര്‍ കുറേപ്പേര്‍ വന്നുപോവുന്നുണ്ട്. ആകാശ് എന്നെപ്പോലെ നല്ലപോലെ നടക്കുന്ന വ്യക്തിയാണെന്നും അഭിരാജ് പറഞ്ഞു.

ശനിയാഴ്ച ക്യാമ്പസില്‍ എസ്എഫ്ഐ യൂണിയന്‍ സമ്മേളനം നടക്കാനിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കൊടിതോരണങ്ങള്‍ കെട്ടുന്ന തിരക്കിലായിരുന്നു. ക്യാമ്പസില്‍ പുറത്തു നിന്നും ആളുകള്‍ പ്രവേശിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പുറത്തു നിന്നു വന്ന ആരോ ആണ്, തങ്ങളെ കരിവാരി തേക്കുക എന്ന ലക്ഷ്യത്തോടെ മുറിയില്‍ കഞ്ചാവ് വെച്ചതെന്നാണെന്നും അഭിരാജ് പറഞ്ഞു.

പോലീസ് പിടിയിലായ അഭിരാജ്, ആദിത്യന്‍ എന്നീവരെ സ്റ്റേഷന്‍ ജാമ്യത്തിലാണ് വിട്ടയച്ചത്. 9 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയില്‍ നിന്നു കണ്ടെടുത്തത്. 10 ഗ്രാമില്‍ താഴെ കഞ്ചാവ് പിടികൂടിയാല്‍ സ്റ്റേഷന്‍ ജാമ്യം അനുവദിക്കാമെന്ന നിയമപ്രകാരമാണ് ഇവര്‍ക്ക് ജാമ്യം നല്‍കിയതെന്നാണ് പോലീസ് പറയുന്നത്.

കോളേജ് യൂണിയന്‍ സെക്രട്ടറിയും എസ്എഫ്ഐ നേതാവുമായ അഭിരാജ്, നിരപരാധിയാണ്.
റെയ്ഡ് നടന്ന സമയത്ത് അഭിരാജ് ഹോസ്റ്റലില്‍ ഉണ്ടായിരുന്നില്ലെന്നും എസ്എഫ്ഐ യൂണിറ്റ് സമ്മേളനത്തിന്റെ അലങ്കാരജോലികളുമായി ബന്ധപ്പെട്ട് കാമ്പസിനുള്ളിലായിരുന്നെന്നും
എസ്എഫ്ഐ കളമശ്ശേരി ഏരിയാ പ്രസിഡന്റ് ദേവരാജ് പറഞ്ഞു.രണ്ട് കിലോയോളം കഞ്ചാവ് പിടികൂടിയത്  കെ എസ് യു നേതാവിന്റെ മുറിയിൽ നിന്നാണ്. ആകാശിന് ഒപ്പം കെഎസ് യു നേതാവ് ആദിലാണ് മുറിയിൽ താമസിക്കുന്നത്. ഒളിവിൽ പോയ ആദിൽ കെ എസ് യുവിനായി മത്സരിച്ച വിദ്യാർത്ഥിയാണെന്നും ദേവരാജ് പറഞ്ഞു.

ഇന്നലെ രാത്രിയാണ് പോലീസിന്റെ മിന്നല്‍ പരിശോധനയില്‍ 10 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികളായിരുന്നു പിടിയിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു. ഹരിപ്പാട് സ്വദേശി ആദിത്യന്‍, കരുനാഗപള്ളി സ്വദേശി അഭിരാജ്, എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. മറ്റൊരു വിദ്യാര്‍ത്ഥി ആകാശിന്റെ മുറിയില്‍ നിന്ന് 1.9 കിലോ കഞ്ചാവാണ് പിടികൂടിയത്.

Latest