Kerala
കളമശ്ശേരി പോളിടെക്‌നിക് കഞ്ചാവ് കേസ്; നിര്‍ണായകമായത് പ്രിന്‍സിപ്പല്‍ നല്‍കിയ കത്ത്
ലഹരിക്കായി കാമ്പസില്‍ പണപ്പിരിവ് നടക്കുന്ന വിവരവും പ്രിന്‍സിപ്പല്‍ അറിയിച്ചിരുന്നു.

കൊച്ചി|കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്‌നിക് ബോയ്‌സ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ കേസില്‍ നിര്‍ണായകമായത് പ്രിന്‍സിപ്പല്‍ നല്‍കിയ കത്ത്. കാമ്പസില്‍ ലഹരി ഇടപാട് നടക്കുമെന്ന സൂചന നല്‍കി കളമശ്ശേരി പോളിടെക്‌നികിലെ പ്രിന്‍സിപ്പല്‍ മാര്‍ച്ച് 12ന് പോലീസിന് കത്ത് നല്‍കിയിരുന്നു. ലഹരിക്കായി കാമ്പസില്‍ പണപ്പിരിവ് നടക്കുന്ന വിവരവും പ്രിന്‍സിപ്പല്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയത്.
കഴിഞ്ഞ ദിവസമാണ് പോലീസും ഡാന്‍സാഫും ഏഴ് മണിക്കൂറോളം നീണ്ട പരിശോധനയ്‌ക്കൊടുവില്‍ പോളിടെക്‌നിക്കിലെ ബോയ്‌സ് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടികൂടിയത്. കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി അടക്കം മൂന്ന് പ്രതികളെ പരിശോധനയ്ക്ക് പിന്നാലെ പോലീസ് പിടികൂടിയിരുന്നു. ഇതില്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി അഭിരാജ്, ആദിത്യന്‍ എന്നിവരെ പോലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഇവര്‍ക്കൊപ്പം പിടികൂടിയ ആകാശിനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.
കോളജിന് പുറത്തുള്ളവരാണ് കഞ്ചാവ് എത്തിച്ചതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് പോരെ പോലീസ് പിടികൂടി. പൂര്‍വ വിദ്യാര്‍ഥികളായ ആഷിക്ക്, ശാരിക്ക് എന്നിവരെയാണ് പിടികൂടിയത്. ആഷിക്കാണ് കേസിലെ പ്രതിയായ ആകാശിന് കഞ്ചാവ് കൈമാറിയത്.