Kerala
കുസാറ്റ് ദുരന്തം: സാറ തോമസിന് അന്തിമോപചാരമർപ്പിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും
ദുരന്തത്തിൽ മരിച്ച രണ്ട് പേരുടെ മൃതദേഹം സംസ്കരിച്ചു
താമരശ്ശേരി | കളമശ്ശേരി കുസാറ്റ് കാംപസില്‍ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തില്‍ മരിച്ച സാറ തോമസിന് അന്തിമോപചാരമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. നവകേരള സദസ്സ് ജില്ലയിൽ പര്യടനം തുടരുന്നതിനിടെ, സാറയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച താമരശ്ശേരി കോരങ്ങാട് അല്‍ഫോന്‍സാ സ്‌കൂളിലെത്തിയാണ് മുഖ്യമന്ത്രിയും സംഘവും അന്തിമോപചാരമർപ്പിച്ചത്.
മന്ത്രിമാരായ വീണാ ജോര്‍ജ്, ചിഞ്ചുറാണി, സജി ചെറിയാന്‍, കെ. കൃഷ്ണന്‍കുട്ടി, ആന്റണി രാജു, പി.എ. മുഹമ്മദ് റിയാസ്, കെ.എന്‍. ബാലഗോപാല്‍, എ.കെ. ശശീന്ദ്രന്‍, വി. അബ്ദുറഹ്‌മാന്‍, വി. ശിവന്‍കുട്ടി തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
സാറയുടെ സംസ്‌കാരം തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് ഈങ്ങാപ്പുഴ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും.
ദുരന്തത്തില്‍ മരിച്ച കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയില്‍ കെ.എം. തമ്പിയുടെ മകന്‍ അതുല്‍ തമ്പിയുടെ മൃതദേഹം കൂത്താട്ടുകുളത്തെ കുടുംബ കല്ലറയിലും പാലക്കാട് മുണ്ടൂര്‍ എഴക്കാട് കോട്ടപ്പള്ളം തൈപ്പറമ്പില്‍ സ്വദേശി ആല്‍ബിന്‍ ജോസഫിന്റെ മൃതദേഹം മൈലമ്പിള്ളി പള്ളി സെമിത്തേരിയിലും സംസ്കരിച്ചു.
ആന്‍ റിഫ്റ്റയുടെ സംസ്‌കാരം ഇറ്റലിയിലുള്ള മാതാവ് നാട്ടിലെത്തിയ ശേഷം ചൊവ്വാഴ്ച നടക്കും.