Connect with us

Kerala

കളിയിക്കാവിള കൊലപാതകം: സര്‍ജിക്കല്‍ സ്ഥാപനത്തിനെതിരെ കേസ്

പ്രതിക്ക് സര്‍ജിക്കല്‍ ബ്ലേഡും ഗ്ലൗസും നല്‍കിയത് 'ബ്രദേഴ്‌സ് സര്‍ജിക്കല്‍' എന്ന സ്ഥാപനമാണെന്ന് കണ്ടെത്തിയിരുന്നു. ഒളിവില്‍ പോയ രണ്ടാം പ്രതി സുനില്‍ കുമാറിന്റേതാണ് സ്ഥാപനം.

Published

|

Last Updated

തിരുവനന്തപുരം | കളിയിക്കാവിള കൊലപാതക കേസില്‍ പാറശാലയിലെ സര്‍ജിക്കല്‍ സ്ഥാപനത്തിനെതിരെ കേസെടുത്തു. ‘ബ്രദേഴ്‌സ് സര്‍ജിക്കല്‍’ എന്ന സ്ഥാപനത്തിനെതിരെയാണ് കേസ്.

പ്രതിക്ക് സര്‍ജിക്കല്‍ ബ്ലേഡും ഗ്ലൗസും നല്‍കിയത് ഈ സ്ഥാപനമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സ്ഥാപനത്തിന് ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗമാണ് നടപടി സ്വീകരിച്ചത്. ഒളിവില്‍ പോയ രണ്ടാം പ്രതി സുനില്‍ കുമാറിന്റേതാണ് ‘ബ്രദേഴ്‌സ് സര്‍ജിക്കല്‍സ്.’

ക്വാറി ഉടമ ദീപുവിനെയാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിനായി കേസിലെ മുഖ്യ പ്രതി ചൂഴാറ്റുകോട്ട അമ്പിളി എന്ന സജികുമാര്‍ ഉപയോഗിച്ച ആയുധം മലയത്തെ ഒരു തോട്ടില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. ദീപുവിനെ കൊലപ്പെടുത്തുന്നതിന് മുമ്പ് ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തിയതായും വ്യക്തമായിട്ടുണ്ട്.

കൈയില്‍ ഗ്ലൗസ് ധരിച്ച പ്രതി കാറിന്റെ പിന്‍സീറ്റിലിരുന്നാണ് കൃത്യം നടത്തിയത്. ഡ്രൈവിംഗ് സീറ്റിലായിരുന്ന ദീപുവിനെ സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് കഴുത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു.

സംഭവം ക്വട്ടേഷന്‍ കൊലപാതകമെന്നാണ് പോലീസിന്റെ നിഗമനം. ആശുപത്രി ഉപകരണങ്ങളുടെ വിതരണക്കാരന്‍ നല്‍കിയ ക്വട്ടേഷന്‍ നടപ്പാക്കിയെന്നാണ് പ്രതി മൊഴി നല്‍കിയിരുന്നത്. പാറശ്ശാല സ്വദേശിയായ സുനില്‍കുമാറാണ് കൊലപാതകം നടത്താനുള്ള ബ്ലേഡും ക്ലോറോഫോമും നല്‍കിയതെന്നും ഇയാള്‍ വെളിപ്പെടുത്തി. സുനില്‍കുമാറിനായി തിരച്ചില്‍ തുടരുകയാണ്.

 

Latest