Kerala
കളര്‍കോട് വാഹനാപകടം; കാറിലെ അമിത ഭാരവും വണ്ടിയുടെ പഴക്കവും അപകടത്തിന്റെ വ്യാപ്തി കൂട്ടി: ആലപ്പുഴ ആര്‍ടിഒ
എങ്ങനെ കുട്ടികള്‍ക്ക് ഈ വാഹനം കിട്ടിയെന്ന് അന്വേഷിക്കും
ആലപ്പുഴ| ആലപ്പുഴ കളര്‍കോട് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ആലപ്പുഴ ആര്‍ ടി ഒ എകെ ദിലു. അപകടകാരണം വാഹനത്തിലെ അമിതഭാരമാണെന്ന് ആര്‍ടിഒ വ്യക്തമാക്കി.
11 കുട്ടികള്‍ കാറിലുണ്ടായിരുന്നുവെന്നാണ് പറയുന്നത്. ഒരുപക്ഷെ, ഒരാള്‍ മറ്റൊരാളുടെ മടിയിലൊക്കെ ആയിട്ടായിരിക്കും ഇരുന്നിട്ടുണ്ടാവുക. കൂടാതെ 14 വര്‍ഷം പഴക്കമുള്ള വാഹനമാണ്. കാറിന് ആന്റിലോക്ക് ബ്രേക്കിങ് സംവിധാനമില്ലായിരുന്നു.ഇതും അപകടത്തിലേക്ക് നയിച്ചതില്‍ പ്രധാനകാരണമായിരിക്കാമെന്ന് ആര്‍ടിഒ പറഞ്ഞു.
റോഡില്‍ വെളിച്ച കുറവും ഉണ്ടായിരുന്നു.റെന്റ് എ ക്യാബ് എന്ന സംവിധാനം സംസ്ഥാനത്തുണ്ട്. ഇവിടെ അനധികൃതമായാണ് വാഹനം വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത്.എങ്ങനെ കുട്ടികള്‍ക്ക് ഈ വാഹനം കിട്ടിയെന്ന് അന്വേഷിക്കുമെന്നും ആര്‍ ടി ഒ അറിയിച്ചു.
എന്തോ കണ്ട് വാഹനം വലത്തോട്ടേക്ക് തിരിച്ചെന്നാണ് കാറോടിച്ച വിദ്യാര്‍ഥി പറഞ്ഞത്.
പ്രത്യേകിച്ച് ഒന്നും തടസ്സമായി നിന്നതായി കാണുന്നില്ല. സിസിടിവി ദൃശ്യങ്ങള്‍ കൂടുതല്‍ പരിശോധിക്കും.മഴ പെയ്തതുകൊണ്ട് റോഡില്‍ രൂപപ്പെട്ട ജലപാളികളും വാഹനത്തിന്റെ പഴക്കവും തന്നെയായിരിക്കും അപകടകാരണമെന്നും ആര്‍ ടി ഒ പറഞ്ഞു.
ഇന്നലെ രാത്രി 9മണിയോടെയാണ് കളര്‍കോട് ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസിലേക്ക് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി ഇടിച്ചുകയറി അപകടമുണ്ടായത്. കാറില്‍ 11 പേരാണ് ഉണ്ടായിരുന്നത്. ഒരാള്‍ സംഭവസ്ഥലത്തും നാല് പേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.