Connect with us

Kerala

കളര്‍കോട് വാഹനാപകടം; കാര്‍ ഓടിച്ചിരുന്ന വിദ്യാര്‍ത്ഥിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

വാഹനത്തിന്റെ ഉടമ ഷാമില്‍ ഖാനെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ വിളിച്ചുവരുത്തി മൊഴിയെടുക്കും

Published

|

Last Updated

ആലപ്പുഴ| കളര്‍കോട് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ ചികിത്സയിലുള്ള മറ്റു അഞ്ച് പേരില്‍ മൂന്നാളുകളുടെ നില ഗുരുതരമായി തുടരുന്നു. അപകടത്തില്‍ മരിച്ച ആലപ്പുഴ ആയുഷ് ഷാജിയുടെയും കോട്ടയം സ്വദേശി ദേവനന്ദന്റെയും സംസ്‌കാരം ഇന്ന് നടക്കും. അപകടത്തില്‍ മരിച്ച ശ്രീദീപ് വല്‍സന്റെ സംസ്‌കാരവും മുഹമ്മദ് അബ്ദുള്‍ ജബ്ബാറിന്റെ ഖബറടക്കവും ഇന്നലെ തന്നെ നടത്തിയിരുന്നു.

അതേസമയം കാര്‍ ഓടിച്ചിരുന്ന വിദ്യാര്‍ത്ഥിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. അപകടത്തെക്കുറിച്ച് വിശദമായി പരിശോധിച്ച ശേഷമാകും നടപടിയെന്ന് ആര്‍ടിഒ വ്യക്തമാക്കി. കാറിന്റെ ഉടമ ഷാമില്‍ ഖാനെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ വിളിച്ചുവരുത്തി മൊഴിയെടുക്കും. കെ എസ് ആര്‍ ടി സി ജീവനക്കാരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും.

കളര്‍കോട് അഞ്ച് വിദ്യാര്‍ഥികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് റിപ്പോര്‍ട്ട് നല്‍കി. നാല് കാരണങ്ങളാണ് പ്രധാനമായും അപകടത്തിന് ഇടയാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് ആലപ്പുഴ ആര്‍ടിഒ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. മഴപെയ്തതിനെ തുടര്‍ന്ന് റോഡിലെ വെള്ളത്തിന്റെ സാന്നിധ്യവും വെളിച്ചക്കുറവും അപകടത്തിന് കാരണമായി, ഏഴുപേര്‍ യാത്ര ചെയ്യേണ്ട വാഹനത്തില്‍ 11 പേര്‍ കയറിയത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു, വാഹനം ഓടിച്ചയാള്‍ക്ക് അഞ്ച് മാസം മാത്രമാണ് ഡ്രൈവിങ് പരിചയം, 14 വര്‍ഷം പഴക്കമുള്ള വാഹനത്തില്‍ അത്യാധുനിക വാഹനങ്ങളിലുള്ളത് പോലെ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലായിരുന്നു എന്നിവയാണ് അപകടത്തിന് ഇടയാക്കിയ മറ്റ് കാരണങ്ങള്‍.