Connect with us

editorial

കല്ലടിക്കോട് വാഹനാപകടം: പ്രതിക്കൂട്ടിൽ അധികൃതരും

നിരന്തരം ഉദ്‌ബോധനം നടത്തിയിട്ടും പിഴശിക്ഷ ഏർപ്പെടുത്തിയിട്ടും വാഹനങ്ങളുടെ മരണപ്പാച്ചിൽ അവസാനിപ്പാക്കാനാകുന്നില്ല. അപകടങ്ങൾ നിയന്ത്രിക്കുന്നതിന് വിദഗ്ധ സമിതികൾ മുൻവെക്കുന്ന നിർദേശങ്ങൾ നടപ്പാക്കുന്നതിൽ കടുത്ത അനാസ്ഥയാണ് അധികൃതരിൽ നിന്ന് പ്രകടമാകുന്നത്.

Published

|

Last Updated

അതീവ നടുക്കവും ഞെട്ടലും ഉളവാക്കുന്നതാണ് വ്യാഴാഴ്ച വൈകിട്ട് പാലക്കാട് കല്ലടിക്കോടുണ്ടായ വാഹനാപകടം. നിയന്ത്രണംവിട്ട ലോറി കയറി കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് പരീക്ഷ കഴിഞ്ഞ് വീടുകളിലേക്ക് പോകുകയായിരുന്ന നാല് വിദ്യാർഥികൾ ചതഞ്ഞു മരിച്ചു.

നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയാണ് കൂട്ടുകാരികളായിരുന്ന സഹപാഠികളുടെ ദാരുണ മരണം ഉണ്ടായിരിക്കുന്നത്. വാഹനങ്ങൾ നിയന്ത്രണം വിട്ടും ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയുമുള്ള കൂട്ടമരണങ്ങൾ തുടരെത്തുടരേ റിപോർട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ് സംസ്ഥാനത്ത്. സമീപ ദിവസങ്ങളിലാണ് ആലപ്പുഴ കളർകോടിൽ കാറും കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റും കുട്ടിയിടിച്ച് ആറ് വിദ്യാർഥികളും തൃശൂർ നാട്ടികയിൽ ലോറി കയറി നാടോടി സംഘത്തിലെ അഞ്ച് പേരും മരിച്ചത്. ഈ മാസം രണ്ടിന് തിങ്കളാഴ്ചയായിരുന്നു കളർകോട് അപകടം. ആലപ്പുഴ മെഡിക്കൽ കോളജിൽ എം ബി ബി എസിന് പഠിക്കുന്ന വിദ്യാർഥികൾ സഞ്ചരിച്ച കാറ് നിയന്ത്രണം തെറ്റി എതിരെ വന്ന കെ എസ് ആർ ടി സി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ തകർന്ന കാറ് വെട്ടിപ്പൊളിച്ചാണ് അതിനകത്തുണ്ടായിരുന്ന വിദ്യാർഥികളെ പുറത്തെടുത്തത്.

നവംബർ 25 ചൊവ്വാഴ്ച പുലർച്ചെയാണ് തൃശൂർ നാട്ടികയിൽ തടി കയറ്റിപ്പോകുകായായിരുന്ന ലോറി, ദേശീയപാത ബൈപാസിനരികിൽ ഉറങ്ങുകയായിരുന്ന നാടോടികൾക്കു മേൽ പാഞ്ഞുകയറിയത്. രണ്ട് കുട്ടികളും ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും തത്ക്ഷണം മരിച്ചു. ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഈ സംഭവം കഴിഞ്ഞ് മൂന്നാം ദിവസമാണ് പാലക്കാട് ചിറ്റൂരിൽ നിയന്ത്രണംവിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ഉറങ്ങിക്കിടക്കുകയായിരുന്ന നാടോടി സ്ത്രീ മരിച്ചത്.

റോഡപകടങ്ങൾ അടിക്കടി വർധിച്ചുവരികയാണ് കേരളത്തിൽ. 2021ൽ 33,296, 2022ൽ 43,910, 2023ൽ 48,141 എന്നിങ്ങനെയാണ് സംസ്ഥാനത്തെ് കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ റോഡപകട കണക്ക്. പ്രതിദിനം 131 അപകടങ്ങൾ നടന്നു കഴിഞ്ഞ വർഷം. 2022ൽ 120 ആയിരുന്നു. 232 കോടി രൂപ ചെലവിട്ട് നാടൊട്ടുക്കും ആർട്ടിഫിഷ്യൻ ഇന്റലിജൻസ് അധിഷ്ഠിത നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും റോഡ് നിയമങ്ങളെയും സുരക്ഷാ നടപടികളെയും സംബന്ധിച്ച ബോധവത്കരണം ഊർജിതമാക്കുകയും ചെയ്തിട്ടും അപകടങ്ങൾ കുറക്കാനാകുന്നില്ല. 2022ൽ ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടായ സംസ്ഥാനങ്ങളുടെ പട്ടികയിൽ തമിഴ്‌നാടിനും മഹാരാഷ്ട്രക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് കേരളം. രാജ്യത്തെ മൊത്തം അപകടങ്ങളുടെ 9.5 ശതമാനവും കേരളത്തിലാണ്.

അമിതവേഗം, അശ്രദ്ധ, മദ്യപാനം, റോഡ് തകർച്ച, തെറ്റായ ദിശയിൽ ഡ്രൈവിംഗ്, ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗം തുടങ്ങി അപകട കാരണങ്ങൾ പലതാണ്. അമിത വേഗമാണ് ഒന്നാം സ്ഥാനത്ത്. നിരന്തരം ഉദ്‌ബോധനം നടത്തിയിട്ടും കനത്ത പിഴശിക്ഷ ഏർപ്പെടുത്തിയിട്ടും വാഹനങ്ങളുടെ മരണപ്പാച്ചിൽ അവസാനിപ്പാക്കാനാകുന്നില്ല. ഇക്കാര്യത്തിൽ വാഹനമോടിക്കുന്നവർ മാത്രമല്ല, ട്രാഫിക് അധികൃതരും ഗതാവകുപ്പുമെല്ലാം പ്രതിക്കൂട്ടിലാണ്. അപകടങ്ങൾ നിയന്ത്രിക്കുന്നതിന് വിദഗ്ധ സമിതികൾ മുൻവെക്കുന്ന നിർദേശങ്ങൾ നടപ്പാക്കുന്നതിൽ കടുത്ത അനാസ്ഥയാണ് അധികൃതരിൽ നിന്ന് പ്രകടമാകുന്നത്.

2022 ഒക്ടോബറിൽ സ്‌കൂൾ വിദ്യാർഥികളുൾപ്പെടെ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ വടക്കാഞ്ചേരി വാഹനാപകടത്തെ തുടർന്ന് വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കുന്നത് സംബന്ധിച്ച് നിർദേശങ്ങൾ നൽകാൻ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. മോട്ടോർ വെഹിക്കിൾ ഓഫീസർമാരെയും ആർ ടി ഒയിലെയും സബ് ആർ ടി ഒയിലെയും അസ്സി.

വെഹിക്കിൾ ഇൻസ്‌പെക്്ടർമാരെയും ദിവസത്തിൽ ആറ് മണിക്കൂറെങ്കിലും എൻഫോഴ്‌സ്‌മെന്റ്ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നായിരുന്നു അമിക്കസ് ക്യൂറി റിപോർട്ടിലെ പ്രധാന നിർദേശം. ഈ ശിപാർശ അപ്പടി ഒഴിവാക്കുകയായിരുന്നു സർക്കാർ. ഈ ഉദ്യോഗസ്ഥന്മാരെ റോഡ് സേഫ്റ്റി കമ്മീഷണറുടെയും അതത് റീജ്യനൽ ട്രാൻസ്‌പോർട്ട് ഓഫീസർമാരുടെയും കീഴിലാക്കണമെന്നായിരുന്നു മറ്റൊരു ശിപാർശ. ഇത് ഭാഗികമായി മാത്രമാണ് നടപ്പാക്കിയത്.

നാല് വിദ്യാർഥിനികളുടെ മരണത്തിനിടയാക്കിയ പാലക്കാട് കല്ലടിക്കോട് പനയന്പാടത്തെ അപകടത്തിലും അധികൃതരുടെ അനാസ്ഥ ആരോപിക്കപ്പെടുന്നു. പനയന്പാടം സ്ഥിരം അപകടമേഖലയായതിനാൽ ഇവിടെ വേഗനിയന്ത്രണ സംവിധാനം ഒരുക്കണമെന്ന് ആറ് മാസം മുമ്പ് മോട്ടോർ വാഹന വകുപ്പ്, ദേശീയപാതാ വിഭാഗത്തിന് നൽകിയ റിപോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. മോട്ടോർ വാഹന വകുപ്പിന്റെ നിർദേശാനുസാരം പാലക്കാട് ഐ ഐ ടി വിദ്യാർഥികൾ നടത്തിയ പഠന റിപോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നിർദേശം സമർപ്പിച്ചത്. ഇതുവരെ അത് നടപ്പാക്കിയിട്ടില്ല. ഇനിയെങ്കിലും അധികൃതർ കണ്ണുതുറക്കുമോ?

മദ്യപിച്ചുള്ള ഡ്രൈവിംഗാണ് റോഡപകടങ്ങളുടെ മറ്റൊരു പ്രധാന കാരണം. മദ്യലഹരിയിൽ വാഹനങ്ങൾ ഓടിക്കരുതെന്ന് കർശന നിയമമുണ്ട്. സംസ്ഥാനത്തുടനീളം നിരത്തുവക്കിൽ ബിവറേജ് കോർപറേഷന്റെ ഔട്ട്‌ലെറ്റുകൾ തുറന്നുവെച്ച് മദ്യപിക്കരുതെന്ന് ഉപദേശിച്ചിട്ടെന്ത് ഫലം? മദ്യലഹരിയിൽ വാഹനാപകടം സൃഷ്ടിച്ചവരിൽ 64 ശതമാനവും ബാറുകളിൽ നിന്നാണ് മദ്യപിച്ചതെന്ന് പഠനങ്ങൾ കാണിക്കുന്നു. കേരളത്തിലെ റോഡപകടങ്ങളിൽ 40 ശതമാനവും മദ്യപാനത്തിന്റെ അനന്തരഫലമാണെന്ന് ആൽക്കഹോൾ ആൻഡ് ഡ്രഗ് ഇൻഫർമേഷൻ സെന്റർ റിപോർട്ടുകളും വ്യക്തമാക്കുന്നു.

നാട്ടികയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ വണ്ടിയോടിച്ചിരുന്ന ക്ലീനറും ഡ്രൈവറും മദ്യലഹരിയിലായിരുന്നുവെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞതാണ്. ട്രാഫിക് പരിശോധന കർശനമാക്കുന്നതോടൊപ്പം വിദഗ്ധ സമിതികളുടെ ശിപാർശകൾ നടപ്പാക്കുകയും മദ്യലഭ്യത കുറക്കാൻ നടപടികൾ സ്വീകരിക്കുകയുമാണ് വാഹനാപകട നിയന്ത്രണത്തിന് ചൂണ്ടിക്കാണിക്കപ്പെടുന്ന മാർഗങ്ങൾ.

Latest