Connect with us

Kerala

കല്ലായി ബാബുരാജ് വധക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

2019 മെയ് 22നാണ് കേസിന് ആസ്പദമായ സംഭവം

Published

|

Last Updated

കോഴിക്കോട് | കല്ലായി കണ്ണഞ്ചേരി സ്വദേശി മാടായി വീട്ടില്‍ ബാബുരാജ്(48) കൊലപ്പെടുത്തിയ കേസില്‍ പ്രതി മുരളിക്ക് ജീവപര്യന്തം തടവും പിഴയും. കോഴിക്കോട് ഒന്നാം ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് ജഡ്ജ് കെ അനില്‍കുമാര്‍ ആണ് പൊക്കുന്ന് കുറ്റിയില്‍ത്താഴം കിഴക്കേതൊടി വീട്ടില്‍ മുരളിയെ(44) ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷ വിധിച്ചത്. പിഴസംഖ്യ കൊല്ലപ്പെട്ട ബാബുരാജിന്റെ ഭാര്യക്ക് നല്‍കണം. പിഴയൊടുക്കാത്ത പക്ഷം 3 വര്‍ഷം അധിക കഠിന തടവ് അനുഭവിക്കേണ്ടിവരും.

2019 മെയ് 22നാണ് കേസിന് ആസ്പദമായ സംഭവം. അന്നേ ദിവസം ഉച്ചയോടെയാണ് ബാബുരാജനെ മുന്‍വൈര്യാഗ്യത്തിന്റെ പേരില്‍ മുരളി കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയത്. കോഴിക്കോട് പി വി എസ് ആശുപത്രിക്ക് പിന്നിലുള്ള ഡോ. ബാലഗോപാലിന്റെ കൈവശത്തിലുള്ള പണി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിനടുത്തുള്ള കിണറ്റിലേക്കാണ് മുരളി ബാബുരാജിനെ തള്ളിയിട്ടത്. കിണറ്റിനുള്ളിലേക്ക് വീഴുമ്പോള്‍ ബാബുരാജിനുണ്ടായ ഗുരുതരമായ പരിക്കാണ് മരണകാരണമായതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.

പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും കേസില്‍ 31 സാക്ഷികളെ വിസ്തരിച്ചു. 52 രേഖകളും, 13 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷന്‍ സാക്ഷികളില്‍ മൂന്നു പേര്‍ വിചാരണ വേളയില്‍ കൂറുമാറി.