Connect with us

kallamkuzhi

കല്ലാംകുഴി: അരുംകൊലയെ ന്യായീകരിച്ച് ലീഗ് ജന. സെക്രട്ടറി പി എം എ സലാം

മുസ്ലിം ലീഗ് പ്രവർത്തകരായ പ്രതികൾക്ക് വേണ്ടി ലീഗ് നിയമസഹായം ചെയ്തിട്ടുണ്ടെന്നത് സ്വാഭാവിക സംഭവമാണെന്നും പി എം എ സലാം ജിദ്ദയിൽ പറഞ്ഞു.

Published

|

Last Updated

ജിദ്ദ | കല്ലാംകുഴി ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചതിനു തൊട്ടുപിന്നാലെ, പ്രതികൾക്കു വേണ്ടി മുസ്ലിം ലീഗ് ഇടപെട്ടിട്ടുണ്ടെന്ന് സമ്മതിച്ച് സംസ്ഥാന ജന. സെക്രട്ടറി പി എം എ സലാം ജിദ്ദയിൽ പറഞ്ഞു. കരുതിക്കൂട്ടിയുള്ള ആക്രമണത്തിലല്ല, സംഘട്ടനത്തിലാണ് മരണം നടന്നതെന്ന് സലാം അവകാശപ്പെട്ടു. സംഘട്ടനമുണ്ടാകുമ്പോൾ കൊല്ലപ്പെടുക സ്വാഭാവികമാണെന്നും ലീഗ് സെക്രട്ടറി ജിദ്ദയിൽ പറഞ്ഞു.

ഒരു സംഘട്ടനമുണ്ടാകുമ്പോൾ ഇരുപക്ഷത്തും ആൾനാശമുണ്ടാകലും പരുക്കു പറ്റലും സാധാരണയാണ്. മുസ്ലിം ലീഗ് പ്രവർത്തകരായ പ്രതികൾക്ക് വേണ്ടി ലീഗ് നിയമസഹായം ചെയ്തിട്ടുണ്ടെന്നത് സ്വാഭാവിക സംഭവമാണ്. ജീവപര്യന്തം ശിക്ഷ വിധിച്ച ജില്ലാ കോടതിയുടേത് അന്തിമ വിധിയല്ല എന്നും പ്രതികൾക്ക് മേൽക്കോടതിയെ സമീപിക്കാവുന്നതേയുള്ളൂ എന്നും ലീഗ് സെക്രട്ടറി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പ്രതികളെ സംരക്ഷിക്കാൻ ലീഗ് പോയിട്ടില്ലെന്ന ശംസുദ്ദീൻ എം എൽ എ അടക്കമുള്ളവരുടെ ഇതുവരെയുള്ള ന്യായീകരണങ്ങളെ തള്ളിക്കൊണ്ടാണ് ലീഗ് സംസ്ഥാന സെക്രട്ടറി പ്രതികൾക്ക് സംരക്ഷണവും നിയമ സഹായവും നൽകിയ കാര്യം പരസ്യപ്പെടുത്തിയത്.

മാത്രമല്ല, പ്രതികൾക്ക് മേൽക്കോടതിയെ സമീപിക്കാൻ ഇനിയും ലീഗ്‌ പിന്തുണയുണ്ടാകും എന്ന സൂചന കൂടി ലീഗ് സെക്രട്ടറി നൽകിക്കഴിഞ്ഞു. 2013 നവമ്പർ 20 നാണ് ഇരുളിൻ്റെ മറവിൽ കല്ലാങ്കുഴി ഇരട്ടക്കൊലപാതകം അരങ്ങേറുന്നത്. കേസിൽ പ്രതികളായ മുഴുവൻ പേരും ലീഗു പ്രവർത്തകരാണ്. പാലക്കാട് ജില്ലാ ജുഡീഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് കഴിഞ്ഞ ദിവസം പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്.