Connect with us

Kerala

കളര്‍കോട് അപകടം: കാര്‍ ഓടിച്ച വിദ്യാര്‍ത്ഥിയെ പ്രതി ചേര്‍ക്കണം; പോലീസ് റിപ്പോര്‍ട്ട്

കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഗൗരി ശങ്കറിനെ പ്രതി ചേര്‍ക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടത്.

Published

|

Last Updated

ആലപ്പുഴ| ആലപ്പുഴ കളര്‍കോട് അഞ്ച് എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിക്കാനിടയായ വാഹനാപകടത്തില്‍ കാര്‍ ഓടിച്ച വിദ്യാര്‍ത്ഥിയെ പ്രതി ചേര്‍ക്കണമെന്ന് പോലീസ് റിപ്പോര്‍ട്ട്. കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഗൗരിശങ്കറിനെ പ്രതി ചേര്‍ക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടത്. കോടതി നിര്‍ദേശ പ്രകാരം ടവേര കാര്‍ ഓടിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥി ഗൗരിശങ്കറെ പ്രതിയാക്കും. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആദ്യം കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും റിപ്പോര്‍ട്ടിലുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് അതിദാരുണമായ വാഹനാപകടം ഉണ്ടായത്. ആലപ്പുഴയിലേക്ക് സിനിമ കാണാന്‍ പോകുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. കാറില്‍ 11 പേരാണ് ഉണ്ടായിരുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ത്ഥികളെ പുറത്തെടുത്തത്. അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റ് ആറ് പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലാണ്.

പാലക്കാട് സ്വദേശി ശ്രീദേവ് വത്സന്‍, മലപ്പുറം കോട്ടക്കല്‍ സ്വദേശി ദേവനന്ദന്‍, കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. രണ്ട് മാസം മുമ്പാണ് അഞ്ച് പേരും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് ചേര്‍ന്നത്.

വാഹനാപകടത്തിലേക്കെത്തിച്ചത് പ്രതികൂല കാലാവസ്ഥയും ഡ്രൈവിങ്ങിലെ പരിചയക്കുറവുമാണെന്നാണ് ഗതാഗത വകുപ്പിന്റെ കണ്ടെത്തല്‍. കനത്ത മഴ, വാഹനം ഓടിച്ച ആളുടെ പരിചയകുറവ്, ഓവര്‍ ലോഡ്, വാഹനത്തിന്റെ കാലപ്പഴക്കം എന്നിവയാണ് അപകടത്തിന് കാരണമായതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

സംഭവത്തില്‍ ആദ്യം കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കിയാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. അലക്ഷ്യമായി വാഹനം ഓടിച്ചതിന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ ഇതില്‍ മാറ്റം വരുമെന്ന് പോലീസ് അറിയിച്ചിരുന്നു.

അതേസമയം വാഹനാപകടവുമായി ബന്ധപ്പെട്ട് കാറുടമ എന്‍ഫോഴസ്മെന്റ് ആര്‍ടിഒയ്ക്ക് മുമ്പില്‍ ഇന്നലെ ഹാജരായി. നോട്ടീസ് നല്‍കിയാണ് കാറുടമ ഷാമില്‍ ഖാനെ വിളിച്ചുവരുത്തിയത്. കാര്‍ വാടകയ്ക്ക് നല്‍കിയതാണോ എന്ന് എംവിഡി അന്വേഷിക്കുന്നുണ്ട്. ഷാമില്‍ ഖാന് വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന പതിവുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പിന് വിവരം ലഭിച്ചിരുന്നു. കാര്‍ വാടകയ്ക്ക് നല്‍കിയതാണെന്ന് കണ്ടെത്തിയാല്‍ ഷാമില്‍ ഖാനെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. കാറില്‍ യാത്ര ചെയ്ത വിദ്യാര്‍ഥികളുടെയും മൊഴിയെടുക്കുമെന്നാണ് വിവരം. കാര്‍ നല്‍കിയത് വാടകയ്ക്കല്ലെന്നും പരിചയത്തിന്റെ പേരില്‍ മാത്രമാണെന്നുമാണ് ഷാമില്‍ നേരത്തെ വ്യക്തമാക്കിയത്.

 

 

Latest