alcohol tragedy
കല്ലുവാതുക്കല്‍ മദ്യദുരന്തം: മണിച്ചന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ജാമ്യഹരജിയെ എതിര്‍ത്തുള്ള സര്‍ക്കാറിന്റെ രഹസ്യ രേഖയും പരിശോധിക്കും

ന്യൂഡല്‍ഹി | കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തക്കേസില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ജയിലില്‍ കഴിയുന്ന മണിച്ചന് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഉഷ നല്‍കിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മണിച്ചന്റെ ജാമ്യാപേക്ഷ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ രഹസ്യരേഖ കോടതി പരിശോധിക്കും.
20 വര്‍ഷത്തിലധികമായി ജയില്‍ശിക്ഷ അനുഭവിക്കുന്നതിനാല്‍ മോചനം നല്‍കണമെന്നാണ് ഹരജിയിലെ ആവശ്യം. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. മണിച്ചന്റെ ജയില്‍മോചനത്തില്‍ തീരുമാനമെടുക്കാന്‍ നേരത്തെ കോടതി ജയില്‍ ഉപദേശക സമിതിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
2000 ഒക്ടോബര്‍ 21നാണ് 31 പേരുടെ ജീവനെടുത്ത കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തമുണ്ടായത്. കേസിലെ ഏഴാം പ്രതിയായ മണിച്ചന്റെ ഗോഡൗണില്‍നിന്ന് മുഖ്യപ്രതിയായ ഹൈറുന്നിസയുടെ വീട്ടിലെത്തിച്ച് വിതരണം ചെയ്ത മദ്യം കഴിച്ചാണ് കല്ലുവാതുക്കല്‍, പട്ടാഴി, പള്ളിപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെ ആളുകള്‍ മരിച്ചത്.