Connect with us

Kerala

കലൂര്‍ അപകടം: മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ പോലീസിന്റെ വിശദീകരണം തേടി ഹൈക്കോടതി

മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ വെള്ളിയാഴ്ച പരിഗണിക്കും

Published

|

Last Updated

കൊച്ചി | കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എം എല്‍ എക്ക് പരുക്കേറ്റ സംഭവത്തില്‍ സംഘാടകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ പോലീസിന്റെ വിശദീകരണം തേടി ഹൈക്കോടതി. രണ്ട് മുന്‍കൂര്‍ ജാമ്യാപേക്ഷയും വെള്ളിയാഴ്ച ഹൈക്കോടതി ഒരുമിച്ച് പരിഗണിക്കും.

മൃദംഗ വിഷന്‍ ഉടമ എം നിഗോഷ് കുമാര്‍, ഓസ്‌കര്‍ ഇവന്റ് മാനേജ്‌മെന്റ് ഉടമ ജെനീഷ് പി എസ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളിലാണ് നടപടി. അതേസമയം സംയുക്ത പരിശോധനാ റിപോര്‍ട്ടില്‍ വേദിയിലെ സുരക്ഷാ വീഴ്ച സ്ഥിരീകരിച്ചു. താത്കാലികമായി നിര്‍മിച്ച വേദിക്ക് ആവശ്യമായ ബലം ഉണ്ടായിരുന്നില്ലെന്നും സംഘാടകര്‍ക്ക് ഗുരുതര പിഴവ് സംഭവിച്ചുവെന്നും റിപോര്‍ട്ടില്‍ പറയുന്നു.

പോലീസും അഗ്നിരക്ഷാസേനയും പൊതുമരാമത്ത് വകുപ്പും നടത്തിയ സംയുക്ത പരിശോധനയിലാണ് ഗുരുതരവീഴ്ച്ച കണ്ടെത്തിയത്. വേദിക്ക് സമീപം അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ വൈദ്യസഹായം ഉണ്ടായിരുന്നില്ലെന്നും വി ഐ പി സ്റ്റേജിന് അടുത്തായി ആംബുലന്‍സ് ഇല്ലാതിരുന്നത് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാന്‍ വൈകിയെന്നും റിപോര്‍ട്ടില്‍ പറയുന്നു.

തലക്കും ശ്വാസകോശത്തിനും അടക്കം പരുക്കേറ്റ ഉമ തോമസ് എം എല്‍ എ എറണാകുളം റിനൈ മെഡിസിറ്റി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Latest