Kerala
കലൂര്‍ സ്റ്റേഡിയം അപകടം; സ്റ്റേജ് നിര്‍മ്മിച്ചത് അശാസ്ത്രീയമായെന്ന് പ്രോസിക്യൂഷൻ: നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം
ജാമ്യാപേക്ഷയില്‍ വിധി ഏഴിന് പറയും.
കൊച്ചി | കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെ അപകടമുണ്ടായ സംഭവത്തില്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മൃദംഗ വിഷന്‍ എംഡി എം നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി. ഈ മാസം ഏഴ് വരെയാണ് ജാമ്യം അനുവദിച്ചത്. നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എയ്ക്ക് വേദിയില്‍ നിന്നു വീണ് ഗുരുതര പരിക്കേറ്റതിനു പിന്നാലെയാണ് നികോഷ് കുമാര്‍ കീഴടങ്ങിയത്. കേസിലെ മറ്റു പ്രതികളായ ഷമീര്‍ അബ്ദുല്‍ റഹീം, ബെന്നി, കൃഷ്ണകുമാര്‍ എന്നിവര്‍ക്കും കോടതി ജാമ്യം നീട്ടി നല്‍കി. ജാമ്യാപേക്ഷയില്‍ വിധി ഏഴിന് പറയും.
സ്റ്റേജിന്റെ നിര്‍മാണം അശാസ്ത്രീയമായിരുന്നു.മതിയായി പാസേജും കൈവരിയും ഇല്ലായിരുന്നു. 10 അടി താഴ്ചയിലേക്ക് വീഴാനുള്ള എല്ലാ അവസരവും അവിടെ ഒരുക്കി. ഉപേക്ഷയും അശ്രദ്ധയും സ്റ്റേജ് നിര്‍മാണത്തിലുണ്ടായി. സുരക്ഷ പാലിക്കാത്തത് അപകടത്തിനു വഴിയൊരുക്കിയെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
അതേസമയം മതിയായ നീളവും വീതിയും സുരക്ഷയും ഉണ്ടായിരുന്നുവെന്നും പരിപാടിക്ക് മുന്‍പ് പോലീസ് പരിശോധന നടത്തണമല്ലൊയെന്നും പ്രതിഭാഗവും വാദിച്ചു. വിഐപികള്‍ പങ്കെടുത്ത ചടങ്ങിന്റെ സുരക്ഷ പോലീസ് പരിശോധിക്കണം. പോലീസിനോട് സുരക്ഷ ആവശ്യപ്പെട്ടിരുന്നെന്നും പ്രതിഭാഗം വാദിച്ചു.