Kerala
കലൂര്‍ സ്റ്റേഡിയം അപകടം; ഉമ തോമസിനെ വെന്റിലേറ്ററിൽ നിന്നും മാറ്റി: ആരോഗ്യനില തൃപ്തികരം
ശ്വാസകോശത്തിന് പുറത്ത് നീര്‍ക്കെട്ട് നിലനില്‍ക്കുന്നെങ്കില്‍ക്കൂടിയും ശ്വാസകോശത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.
കൊച്ചി | കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെ വിഐപി ഗ്യാലറിയില്‍ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഉമ തോമസിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റി.അതേസമയം തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സ തുടരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ശ്വാസകോശത്തിന് പുറത്ത് നീര്‍ക്കെട്ട് നിലനില്‍ക്കുന്നെങ്കില്‍ക്കൂടിയും ശ്വാസകോശത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ഉമാ തോമസ് മക്കളോടും ഡോക്ടര്‍മാരോടും സംസാരിച്ചെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.അപകടം നടന്നതിന് ശേഷം അറ് ദിവസങ്ങള്‍ക്ക് ശേഷമാണ് ഉമാ തോമസിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റുന്നത്.
ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ 18 അടി ഉയരമുള്ള ഉദ്ഘാടന വേദിയില്‍നിന്നു വീണാണ് ഉമ തോമസ് എംഎല്‍എക്ക് ഗുരുതരമായി പരുക്കേല്‍ക്കുന്നത്. സംഭവത്തില്‍ അറസ്റ്റിലായ
മൃദംഗ വിഷന്‍ എംഡി എം നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം കോടതി ഇന്നലെ നല്‍കിയിരുന്നു.
സ്റ്റേജിന്റെ നിര്‍മാണം അശാസ്ത്രീയമായിരുന്നു.മതിയായി പാസേജും കൈവരിയും ഇല്ലായിരുന്നു. 10 അടി താഴ്ചയിലേക്ക് വീഴാനുള്ള എല്ലാ അവസരവും അവിടെ ഒരുക്കി. ഉപേക്ഷയും അശ്രദ്ധയും സ്റ്റേജ് നിര്‍മാണത്തിലുണ്ടായി. സുരക്ഷ പാലിക്കാത്തത് അപകടത്തിനു വഴിയൊരുക്കിയെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.