Kerala
ഉപതിരഞ്ഞെടുപ്പ് ആരവത്തിനിടെ കല്‍പ്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും
രഥോത്സവം സാമാധാനപരമായി നടത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു
പാലക്കാട് | ഉപതിരഞ്ഞെടുപ്പിന്റെ ആരവം മുഴങ്ങി നില്‍ക്കുന്നതിനിടെ പ്രസിദ്ധമായ കല്‍പ്പാത്തി രഥോത്സവത്തിന് പാലക്കാട്ട് കൊടിയേറും. മലയാളക്കരയില്‍ തമിഴ് ആചാരപെരുമയുടെ ഓര്‍മ്മയുണര്‍ത്തുന്ന രഥോത്സവത്തിന്റെ പ്രധാന്യം കണക്കിലെടുത്ത് വോട്ടെടുപ്പ് ഈ മാസം ഇരുപതിലേക്ക് മാറ്റിയിരുന്നു.
പ്രമുഖ സ്ഥാനാര്‍ഥികള്‍ എല്ലാവരും ആഘോഷത്തില്‍ പങ്കാളികളാകും. വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പുതിയ കല്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രം, പഴയ കല്പാത്തി ലക്ഷ്മീനാരായണപ്പെരുമാള്‍ ക്ഷേത്രം എന്നിവിടങ്ങളിലാണ് 11നും 12നും ഇടയില്‍ കൊടിയേറ്റ് നടക്കുക. ഒന്നാം തേര് നാളായ 13ന് രാവിലെ നടക്കുന്ന രഥാരോഹണത്തിന് ശേഷം വൈകീട്ട് രഥപ്രയാണം ആരംഭിക്കും. പതിനഞ്ചിനാണ് ദേവരഥസംഗമം.
ജനങ്ങളില്‍ ഉപതിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ആവേശം നിലനില്‍ക്കുന്നതിനിടയിലെ കല്‍പ്പാത്തി രഥോത്സവം സാമാധാനപരമായി നടത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള മാതൃകപെരുമാറ്റചട്ട വേളയില്‍ നടക്കുന്ന രഥോത്സവം ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെയും ക്ഷേത്രഭാരവാഹികളുടെ പിന്തുണയോടെയും സാമാധാനപരമായി നടത്തും.
കൃത്യമായ സുരക്ഷാക്രമീകണങ്ങളും ഗതാഗത നിയന്ത്രണവും പോലീസ് ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഗതാഗത നിയന്ത്രണത്തില്‍ കൃത്യമായ ആക്ഷന്‍ പ്ലാനുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ് വ്യക്തമാക്കി. ഇടുങ്ങിയ റോഡ് ആയതിനാല്‍ 20 ഇടങ്ങളില്‍ സി സി ടി വി സ്ഥാപിച്ചതായി ജില്ലാ പോലീസ് മേധാവി യോഗത്തില്‍ അറിയിച്ചു.