Connect with us

Editors Pick

കല്യാണ്‍ സിംഗും രാജ്യം തലകുനിച്ച ഡിസംബര്‍ ആറും

ഈ കേസില്‍ ഒരു ദിവസത്തെ ജയില്‍വാസവും 20,000 രൂപ പിഴയും ശിക്ഷയായി ലഭിച്ചു കല്യാണ്‍ സിംഗിന്.

Published

|

Last Updated

ഇന്ത്യയുടെ മതേതരത്വത്തെ നെടുകെ പിളര്‍ന്ന 1992 ഡിസംബര്‍ ആറിലെ ബാബരി മസ്ജിദ് ധ്വംസനവുമായി ബന്ധപ്പെടുത്തിയല്ലാതെ കല്യാണ്‍ സിംഗിനെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഓര്‍ക്കാനാവില്ല. തൊണ്ണൂറുകള്‍ക്കൊടുവില്‍ എല്‍ കെ അഡ്വാനിക്കൊപ്പം രാം ജന്മഭൂമി പ്രക്ഷോഭമെന്ന് അറിയപ്പെടുന്ന ബാബരി മസ്ജിദ് പൊളിക്കല്‍ പ്രചാരണത്തിലും പ്രവര്‍ത്തനത്തിലും മുന്നിലുണ്ടായിരുന്നത്, സ്‌കൂള്‍ കാലം മുതല്‍ക്കേ ആര്‍ എസ് എസില്‍ സജീവമായിരുന്ന കല്യാണ്‍ സിംഗായിരുന്നു. അയോധ്യയില്‍ ബാബരി മസ്ജിദ് പൊളിച്ച് തത്സ്ഥാനത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ വേണ്ടി ഇന്ത്യയില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് അഡ്വാനി നടത്തിയ രഥയാത്രയുടെ ആദ്യാവസാനം കല്യാണ്‍ സിംഗുണ്ടിയിരുന്നു.

രാജ്യത്ത് വര്‍ഗീയ കലാപങ്ങളും ധ്രുവീകരണമുണ്ടാക്കിയ രഥയാത്ര ബി ജെ പിക്ക് രാഷ്ട്രീയമായി ഏറെ നേട്ടങ്ങളുണ്ടാക്കി. പാര്‍ലിമെന്റ്, സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ നിര്‍ണായക മുന്നേറ്റങ്ങള്‍ സൃഷ്ടിച്ചു. അങ്ങനെയാണ് ഉത്തര്‍ പ്രദേശില്‍ കല്യാണ്‍ സിംഗ് 1991ല്‍ ആദ്യമായി മുഖ്യമന്ത്രിയാകുന്നത്. അയോധ്യയില്‍ ബാബരി മസ്ജിദ് നിലനില്‍ക്കുന്ന സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കാനുള്ള എല്ലാ വിധ ഒത്താശയും മുഖ്യമന്ത്രിയായിരിക്കെ കല്യാണ്‍ സിംഗ് നല്‍കി. ബാബരി മസ്ജിദ് നിലകൊള്ളുന്ന ഭൂമിയുടെ അടുത്ത് തന്നെ 2.77 ഏക്കര്‍ ഭൂമി അക്കാലത്ത് യു പി സര്‍ക്കാര്‍ വാങ്ങി. വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്കാണെന്ന് പറഞ്ഞാണ് ഭൂമി വാങ്ങിയതെങ്കിലും മത ചടങ്ങുകള്‍ നടത്താന്‍ ഹിന്ദുക്കളെ അവിടെ അനുവദിച്ചു. ബാബരി മസ്ജിദിന്റെ നിയമപരമായ സ്ഥിതി നേരിട്ട് അഭിസംബോധന ചെയ്യാതെയായിരുന്നു ഇത്.

മുരളി മനോഹര്‍ ജോഷിയടക്കമുള്ള ബി ജെ പി നേതാക്കള്‍ക്കൊപ്പം കല്യാണ്‍ സിംഗ് ബാബരി മസ്ജിദ് നിലകൊള്ളുന്ന ഭൂമിയിലെത്തുകയും അവിടെ ഹിന്ദു ക്ഷേത്രം നിര്‍മിക്കുമെന്ന് വാഗ്ദാനം ചെയ്യുകയുമുണ്ടായി. മാത്രമല്ല, പള്ളി പൊളിച്ച് ഹിന്ദു ക്ഷേത്രം നിര്‍മിക്കുന്നതിന് എന്നും ശക്തമായി എതിര്‍ത്ത ബാബരി ഭൂമിയിലെ ക്ഷേത്ര പൂജാരി ബാബാ ലാല്‍ ദാസിനെ 1992 മാര്‍ച്ചില്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്താക്കി. 1992 ഡിസംബര്‍ ആറിന് ഒന്നര ലക്ഷത്തോളം വി എച്ച് പി, ബി ജെ പി, ആര്‍ എസ് എസ്, ശിവസേന, ബജ്റംഗ്ദൾ അക്രമികൾ ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ പൊളിക്കുമ്പോള്‍ നിശബ്ദ സേവകരായി നിലകൊള്ളുകയായിരുന്നു കല്യാണ്‍ സിംഗിന്റെ പോലീസ്. പേരിനുള്ള പോലീസ് ബാരിക്കേഡ് മറികടന്ന് കര്‍സേവകര്‍ ബാബരി പള്ളി തകര്‍ത്തു. മസ്ജിദിന് യാതൊരു പോറലുമേല്‍പ്പിക്കുകയില്ലെന്ന കല്യാണ്‍ സിംഗ് സര്‍ക്കാറിന്റെ സുപ്രീം കോടതിയിലെ സത്യവാങ്മൂലം വെള്ളത്തില്‍ വരച്ച വരയായി.

മസ്ജിദ് തകര്‍ത്ത ദിവസം തന്നെ കല്യാണ്‍ സിംഗ് രാജിവെച്ചു. സുപ്രീം കോടതി കല്യാണ്‍ സിംഗിനെതിരെ കോടതിയലക്ഷ്യ കേസെടുത്തു. കോടതി തടഞ്ഞിട്ടും പള്ളി പൊളിക്കുന്നതിന്റെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ബാബരി മസ്ജിദിന് തൊട്ടടുത്തുള്ള നിര്‍മാണം തടയാന്‍ സാധിക്കാത്തത് അടക്കമുള്ളതായിരുന്നു കുറ്റങ്ങള്‍. ഈ കേസില്‍ ഒരു ദിവസത്തെ ജയില്‍വാസവും 20,000 രൂപ പിഴയും ശിക്ഷയായി ലഭിച്ചു കല്യാണ്‍ സിംഗിന്. ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണം കെടുത്തിയ ഒരു സംഭവത്തിൽ ഉത്തരവാദിയായ ഭരണാധികാരിക്ക് ലഭിച്ച ഏക ശിക്ഷയാണ് ഇത്. പള്ളി പൊളിക്കല്‍ ഗൂഢാലോചനാ കേസില്‍ 2019 സെപ്തംബറില്‍ വിചാരണക്കായി സി ബി ഐ പ്രത്യേക കോടതിയില്‍ ഹാജരാകേണ്ടി വന്നുവെങ്കിലും 2020 സെപ്തംബര്‍ 30ന് വെറുതെവിട്ടു.