Connect with us

Kerala

കാനം രാജേന്ദ്രൻ അന്തരിച്ചു

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം

Published

|

Last Updated

തിരുവനന്തപുരം | സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രമേഹം ബാധിച്ച് ചികിത്സയിലായിരുന്നു.

അനാരോഗ്യംമൂലം സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുക്കാന്‍ അദ്ദേഹം കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ നല്‍കിയിരുന്നു.

കോട്ടയം ജില്ലയിലെ കൂട്ടിക്കലില്‍ വി കെ പരമേശ്വരന്‍ നായരുടെയും ടി കെ ചെല്ലമ്മയുടെയും മകനായി 1950 നവംബര്‍ 10-ന് ജനിച്ചു. ഏഴും എട്ടും കേരള നിയമസഭകളിലേക്ക് വാഴൂരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.

എഴുപതുകളില്‍ വിദ്യാര്‍ഥി-യുവജന സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് കാനം രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നത്. 23ാം വയസ്സില്‍ എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറിയായി. തുടര്‍ച്ചയായി മൂന്നു തവണ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 2015 മുതല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

21-ാം വയസ്സില്‍ സി പി ഐ അംഗമായി. രണ്ടു തവണ കോട്ടയം ജില്ലാ സെക്രട്ടറിയായി. 26-ാം വയസ്സില്‍ സംസ്ഥാന സെക്രട്ടേറിയറ്റിലെത്തി. 28-ാം വയസ്സില്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. 2012 മുതല്‍ സി പി ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗമാണ്. എ ഐ ടി യു സി ദേശീയ ഉപാധ്യക്ഷനാണ്. എ ബി ബര്‍ദനൊപ്പം ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ചു.

1969 ല്‍ സി കെ ചന്ദ്രപ്പന്‍ എ ഐ വൈ എഫ് ദേശീയ പ്രസിഡന്റ് ആയപ്പോഴാണ് 19ാം വയസ്സില്‍ കാനം സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റത്. കേരളത്തിലെ യുവജന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന ഭാരവാഹിയാ.

2015 ല്‍ കോട്ടയം സംസ്ഥാന സമ്മേളനത്തിലാണ് കാനം ആദ്യമായി സെക്രട്ടറി പദവിയിലെത്തിയത്. 2018 ല്‍ മലപ്പുറത്തു നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

ഭാര്യ: വനജ. മക്കള്‍: സ്മിത, സന്ദീപ്.

 

 

Latest