Connect with us

Prathivaram

കായലോരത്തെ കാനനച്ചോല

ആലപ്പുഴ മുഹമ്മ കായപ്പുറം കെ വി ദയാല്‍ എന്ന പ്രകൃതി സ്നേഹി കായല്‍ക്കരയില്‍ കോടമൂടിയ നിബിഡ വനം കിനാവുകാണുന്നു. രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ക്കു വനത്തിന്റെ കാര്യം പകര്‍ന്നപ്പോള്‍ അവരും കൂടെക്കൂടിയിട്ടുണ്ട്. കേരളത്തില്‍ അങ്ങിങ്ങോളമുള്ള വേറെ 25 പേരും കൈകോര്‍ത്തപ്പോള്‍ ആ വനം പിറക്കുമെന്നുറപ്പായിരിക്കുന്നു.

Published

|

Last Updated

വയനാടന്‍ കാടുകളുടെ കോടമഞ്ഞും ഇളം കാറ്റും കാനനഭംഗിയുമെല്ലാം കയറിന്റെയും കായലിന്റെയും നാട്ടിലേക്കു പറിച്ചുനട്ടതിന്റെ ചാരിതാര്‍ഥ്യത്തിലാണ് ഇവിടെയൊരാള്‍. ആലപ്പുഴ മുഹമ്മ കായപ്പുറം കെ വി ദയാല്‍ എന്ന പ്രകൃതി സ്നേഹി കായല്‍ക്കരയില്‍ കോടമൂടിയ നിബിഡവനം കിനാവുകാണുന്നു. രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ക്കു വനത്തിന്റെ കാര്യം പകര്‍ന്നപ്പോള്‍ അവരും കൂടെക്കൂടിയിട്ടുണ്ട്. കേരളത്തില്‍ അങ്ങിങ്ങോളമുള്ള വേറെ 25 പേരും കൈകോര്‍ത്തപ്പോള്‍ ആ വനം പിറക്കുമെന്നുറപ്പായിരിക്കുന്നു ദയാലിന്.

“പ്രകൃതിക്കൊപ്പം മനുഷ്യന് നീങ്ങാനാകും. അതിനായി മുന്നിട്ടിറങ്ങണം. പ്രകൃതിയെ സഹായിച്ചാല്‍ കോടമഞ്ഞുണ്ടാക്കാനാകും. പ്രകൃതിയുടെ സമ്പത്തായ സൂര്യനെ പരമാവധി പ്രയോജനപ്പെടുത്തിയാല്‍ ഇതെല്ലാം സാധ്യമാകും. സൂര്യപ്രകാശം ചെറു സസ്യങ്ങളിൽ പൂര്‍ണമായും പതിക്കാന്‍ അവസരം നല്‍കണം. ചെടികളുടെ ഇലകള്‍ ഭൂമിയില്‍ വീണു അതില്‍ നിന്നും പൊട്ടാസ്യം പാര്‍ട്ടിക്കിള്‍സും ഉണ്ടാകും. ഇതു സസ്യജാലങ്ങളും ഫംഗസുകളും കഴിച്ചിട്ടു പുറത്തേക്കു വിടും. അതാണ് കോടമഞ്ഞായി രൂപപ്പെടുന്നത്. ഇത്തരത്തില്‍ കോടമഞ്ഞുണ്ടാക്കാനുള്ള ശ്രമത്തിലാണ്. വര്‍ഷങ്ങളായി കാട്ടിലെ ഇലകളെല്ലാം അവിടെ കിടന്നു പൊടിയുന്നുണ്ട്. കൃത്രിമമായി ഉണ്ടാക്കിയ കാട്ടിലെ കുളത്തിനു സമീപത്ത് ഇപ്പോള്‍ കോടമഞ്ഞ് രൂപപ്പെട്ടുകഴിഞ്ഞു. ഭാവിയില്‍ വയനാടന്‍ കോടമഞ്ഞ് മാതൃകയില്‍ ഇവിടെ രൂപപ്പെടും. അതിനായി അശ്രാന്തപരിശ്രമം തുടരും.’

കായലിന്റെ മണ്ണില്‍ വനവും കോടമഞ്ഞും സൃഷ്ടിക്കാനുള്ള തന്റെ ചില ഉദ്യമങ്ങളെക്കുറിച്ച് ദയാല്‍ പറയുന്നത് ഇങ്ങനെയാണ്.

കാടുവളര്‍ത്തലിലെ
ശാസ്ത്ര വാക്യം

“എൺപതുകളോടെ നാട്ടിലെങ്ങും വ്യാപകമായി തെങ്ങുകള്‍ക്ക് രോഗബാധയേറ്റ സമയം. തെങ്ങുകളെ സംരക്ഷിക്കാത്തതുകൊണ്ടാണ് തെങ്ങു കൃഷി നശിക്കുന്നതെന്നായിരുന്നു എന്റെ ധാരണ. അതുകൊണ്ടുതന്നെ അതിനെ സംരക്ഷിക്കാന്‍ രംഗത്തിറങ്ങി. പഠിച്ചപണിയെല്ലാം ചെയ്തുനോക്കി. അങ്ങനെയാണ് പ്രകൃതിക്കനുസരിച്ചുള്ള കൃഷി രീതിയിലേക്കു നീങ്ങാന്‍ തീരുമാനിച്ചത്. അതിന്റെ ഭാഗമായാണ് പയ്യന്നൂര്‍ കോളജിലെ സുവോളജി വിഭാഗം തലവനായിരുന്ന പ്രൊഫ. ജോണ്‍സി ജോസഫുമായി ബന്ധപ്പെടുന്നതും പ്രകൃതിദത്ത കൃഷി രീതിയിലേക്കു തിരിയുന്നതും. അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം ജപ്പാനിലെ ശാസ്ത്രജ്ഞനായ മസാനോഗോ ഫുക്കോക്കി രൂപപ്പെടുത്തിയ പ്രകൃതി കൃഷിരീതി തിരഞ്ഞെടുത്തു .

ആറ് വര്‍ഷം പരീക്ഷിച്ചുനോക്കിയെങ്കിലും പരാജയമായിരുന്നു ഫലം. തുടര്‍ന്ന് പയ്യന്നൂരിലെത്തി ഇതു നമുക്കു പറ്റിയതല്ലെന്നു സാറിനെ ബോധ്യപ്പെടുത്തിയപ്പോള്‍ അദ്ദേഹം ആസ്‌ത്രേലിയയിലെ കൃഷി വിദഗ്ധനായ ബില്‍മോളിസനെ പരിചയപ്പെടുത്തി. അങ്ങനെ അദ്ദേഹത്തിന്റെ കൃഷിരീതിയും കൂട്ടിേച്ചര്‍ത്ത് കൃഷി ആരംഭിച്ചു. അതോടൊപ്പം പെര്‍മാ കല്‍ച്ചറല്‍ കൃഷിരീതി പ്രചരിപ്പിക്കുന്ന ഒരു സംഘടന ഹൈദരാബാദില്‍ നിന്നും ഡോ. വെങ്കഡിനെ കൊണ്ടുവന്ന് വയനാട്ടില്‍ ഏഴ് ദിവസത്തെ ക്ലാസ്സ് സംഘടിപ്പിച്ചു. അതില്‍ പങ്കെടുത്തു. ഇതാണ് വിശാലമായ കാട് എന്ന ആശയത്തിലെത്തിച്ചത്.

അപൂര്‍വ സസ്യശേഖരം

വയനാടന്‍ കാടുകൾക്ക് സമാനമായതാണ് കെ വി ദയാൽ കൃത്രിമമായി രൂപകല്‍പ്പന ചെയ്ത കാട്. അതിനകത്തെത്തിയാല്‍ കുളിര്‍മയും അപൂര്‍വയിനം ചെറു സസ്യശേഖരവും കൂറ്റന്‍ മരങ്ങളും ഒപ്പം കുളവും ചെറു കിളികളുടെ കളകളനാദവും എല്ലാം നമുക്കനുഭവിച്ചറിയാം. ആലപ്പുഴ പട്ടണത്തില്‍ നിന്നും ചേര്‍ത്തലയിലെത്തി മുഹമ്മ കായപ്പുറത്തെ ഈ കാട്ടില്‍ കയറിയാല്‍ വയനാടന്‍ കാടുകളില്‍ മാത്രം കാണുന്ന അപൂർവയിനം മരങ്ങളുമൊക്കെ കാണാനാകും. അരയാലും പേരാലും കൊക്കൊയും കാപ്പിയും തേക്കും ഈട്ടിയും മരോട്ടിയും മഹാഗണിയും മട്ടിയെന്ന അപൂര്‍വ മരവും എല്ലാം അവിടെയുണ്ട്. വാല്‍നട്ട്, അവക്കാടം, വെണ്ണപ്പഴം, പീനട്ട്, മധുരക്കിഴങ്ങ് വള്ളികള്‍, ചൈനീസ് പുളി, പൈനാപ്പിള്‍ തുടങ്ങി ഇരുന്നൂറിലധികം വ്യത്യസ്തയിനം മരങ്ങളും ആ കാട്ടിലുണ്ട്.

കായലിന്റെ നാടായ ആലപ്പുഴയില്‍ ഇതു സാധ്യമാകുമോ എന്ന ആശങ്കയോടെയാണ് എം കോം ബിരുദധാരിയായ കെ വി ദയാല്‍ തുടക്കം കുറിച്ചത്. അതിനായി അദ്ദേഹം കണ്ടെത്തിയത് വീടിനോട് ചേര്‍ന്ന ഒന്നരയേക്കര്‍ സ്ഥലം. ഒരേക്കര്‍ സ്ഥലത്ത് കാടും അരയേക്കര്‍ സ്ഥലത്ത് ഫലങ്ങള്‍ വിളയുന്ന സസ്യങ്ങളും. അതിനായി അദ്ദേഹം ഒട്ടനവധി യാത്ര ചെയ്തു. കേരളത്തിലെ നിരവധി കാടുകളില്‍ കയറിയിറങ്ങി. വിവിധ ക്ലാസ്സുകളില്‍ പങ്കെടുത്തു. കിട്ടാവുന്നത്ര സസ്യങ്ങള്‍ ശേഖരിച്ചു നട്ടുവളര്‍ത്തി. അപൂര്‍വയിനം സസ്യങ്ങള്‍ തനിയെ വളരാനും തുടങ്ങി. ഇന്ന് 200ല്‍പ്പരം വലിയ മരങ്ങളും ചെറു സസ്യങ്ങളും തിങ്ങിനിറഞ്ഞ കാടായി അവിടം മാറി. ഇതിനായി 20 മുതല്‍ 30 വര്‍ഷം വരെയും വേണ്ടിവന്നു. അത്യുത്സാഹത്തോടുകൂടിയുള്ള പരിശ്രമം ഒടുവില്‍ തിരക്കേറിയ നഗരമധ്യേ അത്യപൂര്‍വ കൊടുംകാടായി വളര്‍ന്നു.

അഗ്രോ ഇക്കോളജിക്കല്‍ ഡിസൈന്‍ എന്ന പേരില്‍ കാലാവസ്ഥ തകരാതെ ഭൂമിയെ മാറ്റിമറിക്കാന്‍ വിലപ്പെട്ട അഞ്ച് ആശയങ്ങള്‍ അദ്ദേഹം മുന്നോട്ടു െവക്കുന്നു. മൈക്രോ ക്ലൈമറ്റ് ഉണ്ടാക്കുക, കാറ്റിനെ തടുക്കുക, ജൈവവൈവിധ്യ സംരക്ഷണം, ജലസംരക്ഷണം, കീടനിയന്ത്രണം. ഇതിനായി സസ്യജാലങ്ങള്‍ വളര്‍ത്തണം. കാടുകള്‍ രൂപപ്പെടണം. എങ്കില്‍ ലോകം മുഴുവന്‍ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകാതെ, തകരാതെ നിലനിര്‍ത്താന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കേവലം ഒരേക്കര്‍ സ്ഥലത്തുപോലും സസ്യങ്ങള്‍ നട്ടുവളര്‍ത്തി ആര്‍ക്കും ഇതിനായി ശ്രമം നടത്താവുന്നതേയുള്ളൂ. ഒരേക്കര്‍ സ്ഥലമുള്ളവര്‍ 90 സെന്റില്‍ വ്യത്യസ്ത വിളകള്‍ കൊണ്ടുള്ള കാടുണ്ടാക്കണം. മറ്റുള്ളിടത്ത് സ്വാഭാവിക സസ്യസന്പത്തും വളരും. അവിടെ കാട്ടു മരങ്ങള്‍ക്ക് പത്ത് ശതമാനം ഇടം നല്‍കിയാല്‍ മതി. വിത്തുകള്‍ പറവകളിലൂടെയും കാറ്റുവഴിയും എത്തുന്നത് മരങ്ങള്‍ വളരാന്‍ സഹായിക്കും. അവിടെ ഫലം കായ്ക്കുന്ന കാടും ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞാല്‍ രാസവളങ്ങള്‍ ചേര്‍ക്കാതെയുള്ള പച്ചക്കറികളും ഉത്പാദിപ്പിക്കാനാകും. കാര്‍ബണ്‍ അംശങ്ങള്‍ ഇല്ലാത്ത മണ്ണില്‍ അവ മൂന്ന് ശതമാനം എത്തിച്ചാല്‍ ഏത് സസ്യങ്ങളും വിളയിക്കാനാകുമെന്ന് അദ്ദേഹം തെളിയിച്ചിരിക്കുന്നു. സസ്യങ്ങളുടെ ഇല മണ്ണില്‍ വീണു പൊടിഞ്ഞാണ് ഇവ ഉണ്ടാകുന്നത്.

വെറും കാടല്ല വേണ്ടത്. മൈക്രോ ക്ലൈമറ്റ് ഒരേക്കറെങ്കിലും ഉള്ളവര്‍ പത്ത് സെന്റില്‍ കാട് ഉണ്ടാക്കണം. അതാണ് അഗ്രോ ഇക്കോളജിക്കല്‍ ഡിസൈന്‍.
ഇത്തരത്തില്‍ നഷ്ടപ്പെട്ട കാലാവസ്ഥയെ നമുക്കു തിരികെ കൊണ്ടു വരാനാകും. നാച്വറല്‍ ഇക്കോ സിസ്റ്റത്തിനു മാത്രമേ ശരിയായ കാലാവസ്ഥയെ തിരികെ കൊണ്ടു വരാനാകു. പ്രകൃതിയെക്കുറിച്ചും ജൈവകൃഷിയെക്കുറിച്ചും വിദ്യാര്‍ഥികളില്‍ കൂടുതല്‍ അവബോധം വളര്‍ത്തുക എന്ന ആശയം ഇദ്ദേഹം മുന്നോട്ടു വെക്കുകയും എം ജി യൂനിവേഴ്സിറ്റി അഗീകരിക്കുകയും ഓര്‍ഗാനിക് ഫാമിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സും ഡിപ്ലോമ കോഴ്സും 2011 മുതല്‍ അവിടെ ആരംഭിക്കുകയും ചെയ്തു. അവിടെ ക്ലാസ്സെടുക്കുന്നതില്‍ പ്രധാനി കെ വി ദയാലാണ്.
ഭാവിയില്‍ വയനാടിന്റെ വന്യ ചാരുതയും കോടമഞ്ഞും രൂപപ്പെടാനിരിക്കുന്ന ഈ നിര്‍മിത വനത്തിന്റെ സൗന്ദര്യം കാണാനും ഇത്തരം വിഷയങ്ങളെക്കുറിച്ചു ചോദിച്ചറിയാനും പഠിക്കാനും ഇവിടെ ദിവസേന നിരവധി പേരാണ് എത്താറുള്ളത്. അദ്ദേഹത്തിന്റെ മേല്‍ നോട്ടത്തില്‍ നിരവധി പരിസ്ഥിതി ക്ലബ്ബുകളും പ്രവര്‍ത്തിച്ചു വരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹം ഈ വിഷയത്തില്‍ ക്ലാസ്സുകള്‍ എടുത്തുകൊണ്ടിരിക്കുന്നു. ഓണ്‍ ലൈന്‍ ക്ലാസും മുടക്കമില്ലാതെ തുടരുന്നു. ഇതിന്റെയെല്ലാം ഫലമായിരുന്നു സര്‍ക്കാറിന്റെ 2006ലെ വനമിത്ര പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയത്.
.

Latest