National
കനയ്യ കുമാറും ജിഗ്‌നേഷ് മേവാനിയും ഇന്ന് കോണ്‍ഗ്രസില്‍ ചേരും
കനയ്യയെ പിന്തിരിപ്പിക്കാന്‍ അവസാന നിമിഷവും സി പി ഐ ശ്രമം
ന്യൂഡല്‍ഹി | ദേശീയ രാഷ്ട്രീയത്തിലെ സി പി ഐ യുവമുഖം കനയ്യ കുമാറും ഗുജറാത്ത് എം എല്‍ എ ജിഗ്‌നേഷ് മേവാനിയും ഇന്ന് കോണ്‍ഗ്രസില്‍ ചേരും. പാര്‍ട്ടിവിടുന്നതില്‍ നിന്ന് കനയ്യകുമാറിനെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ അവസാന നിമിഷവും സി പി ഐ നടത്തുന്നുണ്ട്. എന്നാല്‍ അദ്ദേഹം തന്നോടൊപ്പം കോണ്‍ഗ്രസിലെത്തുമെന്ന് ജിഗ്നേഷ് മേവാനി മാധ്യമങ്ങളോട് വ്യക്തമായിട്ടുണ്ട്.
ഭഗത് സിംഗ് ജന്മദിനമായ ഇന്ന് എ ഐ സി സി ആസ്ഥാനത്ത് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാകും രാജ്യത്തെ രണ്ട് പ്രമുഖ യുവനേതാക്കളുടെ കോണ്‍ഗ്രസ് പ്രവേശം. അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം ജിഗ്‌നേഷ് മേവാനിക്ക് വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്. ഹാര്‍ദ്ദിക് പട്ടേലിനൊപ്പം ജിഗ്‌നേഷ് കൂടി എത്തുന്നതോടെ ദളിത് വോട്ടുകള്‍ കൂടി ചേര്‍ത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ നേട്ടമുണ്ടാക്കാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.
ഇരുനേതാക്കളും ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ അവസാന നിമിഷവും പ്രതികരണത്തിന് കനയ്യകുമാര്‍ തയ്യാറായിട്ടില്ല. കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ ചൊവ്വാഴ്ച വാര്‍ത്താ സമ്മേളനം വിളിച്ച് നിഷേധിക്കാന്‍ സി പിെ എ നേതൃത്വം ആവശ്യപ്പെട്ടെങ്കിലും കനയ്യ അതിന് തയ്യാറായില്ല. ദേശീയ എക്സിക്യുട്ടിവ് അംഗമായ ശേഷം പാര്‍ട്ടി ആസ്ഥാനത്ത് തങ്ങാറുള്ള കനയ്യ ഞായറാഴ്ച മുതല്‍ ഡല്‍ഹിയിലുണ്ടെങ്കിലും അജോയ് ഭവനില്‍ എത്തിയിട്ടില്ല.