Kerala
കഞ്ചിക്കോട് ബ്രൂവറി; സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം നില്‍ക്കാന്‍ ജെ ഡി എസ്
ജല ചൂഷണം ഉണ്ടാകില്ലെന്ന സര്‍ക്കാരിന്റെയും മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെയും ഉറപ്പ് അംഗീകരിച്ച് നേതൃയോഗം പദ്ധതിയെ പിന്തുണക്കാന്‍ തീരുമാനിച്ചു
തിരുവനന്തപുരം | കഞ്ചിക്കോട് ബ്രൂവറി ആരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം നില്‍ക്കാന്‍ ജനതാദള്‍ എസ് (ജെ ഡി എസ്) തീരുമാനിച്ചു. ജല ചൂഷണം ഉണ്ടാകില്ലെന്ന സര്‍ക്കാരിന്റെയും മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെയും ഉറപ്പ് അംഗീകരിച്ച് നേതൃയോഗം പദ്ധതിയെ പിന്തുണക്കാന്‍ തീരുമാനിച്ചു.
സംസ്ഥാനത്തിന്റെ വികസന താല്‍പര്യം പരിഗണിച്ച് സര്‍ക്കാരിനെ പിന്തുണയ്ക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. പാലക്കാട് ജില്ലാ നേതൃത്വവും ഇതിനോട് യോജിച്ചു. ഇതോടെയാണ് മദ്യനിര്‍മാണശാല വിവാദത്തില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്.
ജല ചൂഷണം പോലുള്ള പാരിസ്ഥിതിക വിഷയങ്ങളില്‍ നിലപാട് ഉയര്‍ത്തിപ്പിടിച്ച ചരിത്രം മറക്കരുതെന്ന് ചൂണ്ടിക്കാട്ടി ജനതാദള്‍ എസില്‍ ബ്രൂവറിക്കെതിരെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു.
പാലക്കാട് ജില്ലാ ഘടകം അടക്കം ഈ നിലപാടിലായിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ന് നടന്ന സംസ്ഥാന നേതൃയോഗത്തില്‍ ബ്രൂവറി വിഷയം ചര്‍ച്ചചെയ്യണമെന്ന് ആവശ്യമുയര്‍ന്നു. കൊക്കക്കോള കമ്പനിയുടെ ജലചൂഷണത്തിനെതിരെ സമരം ചെയ്ത ജെ ഡി എസ് എങ്ങനെ ബ്രുവറിയെ പിന്തുണയ്ക്കുമെന്നായിരുന്നു മന്ത്രി കെ കൃഷ്ണന്‍കുട്ടിക്ക് നേരെ ഉയര്‍ന്ന ചോദ്യം. എന്നാല്‍ കോള കമ്പനിയെപ്പോലെ ഭൂഗര്‍ഭജലമൂറ്റില്ലെന്നും മഴവെള്ള സംഭരണിയില്‍ നിന്നുള്ള വെള്ളമാകും പദ്ധതി ഉപയോഗപ്പെടുത്തുകയെന്നും മന്ത്രി കൃഷ്ണന്‍കുട്ടി വിശദീകരിച്ചു.