Kerala
കണ്ടല സഹകരണ ബേങ്ക് തട്ടിപ്പ്; പ്രതി ഭാസുരാംഗന് നെഞ്ചുവേദന, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ജയിലിലെ ഡോക്ടര്‍ ഉള്‍പ്പെടെ പരിശോധിച്ചശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനിടെ, ഭാസുരാംഗന്റെ തിരുവനന്തപുരം മാറനെല്ലൂരിലെ വീട്ടില്‍ ഇഡി പരിശോധന തുടങ്ങി.

കൊച്ചി| തിരുവനന്തപുരത്തെ കണ്ടല സഹകരണ ബേങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ സിപിഐ മുന്‍ ജില്ല കൗണ്‍സില്‍ അംഗവും മുന്‍ ബേങ്ക് പ്രസിഡന്റുമായ ഭാസുരാംഗനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഭാസുരാംഗനെ പ്രവേശിപ്പിച്ചത്. ഇന്നലെ പ്രതിഭാഗം ഭാസുരാംഗന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കോടതിയെ അറിയിച്ചിരുന്നു.
പ്രതിക്ക് ശാരീരിക അവശതകള്‍ ഉണ്ടെങ്കില്‍ ജയില്‍ സൂപ്രണ്ടിനോട് ചികിത്സ ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ചാണ് ഭാസുരാംഗനെ കോടതി റിമാന്‍ഡ് ചെയ്തത്. ഭാസുരാംഗന്റെ ആരോഗ്യസ്ഥിതി ചൂണ്ടികാണിച്ച് റിമാന്‍ഡ് ഒഴിവാക്കാനായിരുന്നു പ്രതിഭാഗം ശ്രമിച്ചിരുന്നത്. എന്നാല്‍, ഇതിനെ ഇഡി എതിര്‍ത്തിരുന്നു. ഇന്ന് രാവിലെ പത്തോടെയാണ് എറണാകുളം ജയിലില്‍വെച്ച് ഭാസുരാംഗന്റെ ആരോഗ്യനില മോശമായത്.
തുടര്‍ന്ന് ജയിലിലെ ഡോക്ടര്‍ ഉള്‍പ്പെടെ പരിശോധിച്ചശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനിടെ, ഭാസുരാംഗന്റെ തിരുവനന്തപുരം മാറനെല്ലൂരിലെ വീട്ടില്‍ ഇഡി പരിശോധന തുടങ്ങി. ഇന്ന് ഉച്ചയോടെയാണ് വീട്ടില്‍ പരിശോധന ആരംഭിച്ചത്. നേരത്തെ പരിശോധന പൂര്‍ത്തിയാക്കി ഈ വീട് ഇഡി സീല്‍ ചെയ്തിരുന്നു.
കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യം കൈകാര്യം ചെയ്യുന്ന കോടതി ഇന്നലെയാണ് കേസില്‍ അറസ്റ്റിലായ ഭാസുരാംഗനെയും മകന്‍ അഖില്‍ ജിത്തിനെയും അടുത്തമാസം അഞ്ചുവരെ റിമാന്‍ഡ് ചെയ്തത്. പ്രതികള്‍ അന്വേഷവുമായി സഹകരിക്കുന്നില്ലെന്നാണ് ഇഡി കോടതിയെ അറിയിച്ചിരുന്നത്. ഭാസുരാംഗന്‍ പ്രതിയായ കണ്ടല ബേങ്ക് തട്ടിപ്പ് കേസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ നിര്‍ണായക വിവരങ്ങളും ഇന്നലെ പുറത്തുവന്നിരുന്നു. കണ്ടലയിലേത് സംഘടിത കുറ്റകൃത്യമാണെന്നും മുഴുവന്‍ നിക്ഷേപങ്ങളെ കുറിച്ചും ആസ്തികളെക്കുറിച്ചും ഭാസുരാംഗന്‍ വെളിപ്പെടുത്തുന്നില്ലെന്നുമാണ് ഇഡി റിമാന്‍ഡ് റിപ്പോട്ടിലുളളത്.
തട്ടിപ്പിലൂടെ ലഭിച്ച പണം എന്ത് ചെയ്‌തെന്നറിയാന്‍ കൂടുതല്‍ രേഖകള്‍ കണ്ടെടുക്കേണ്ടതുണ്ട്. പല ഇടപാടുകളും നടത്തിയിട്ടുള്ളത് ബെനാമി പേരുകളിലാണ്. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരുടെ നിസ്സഹകരണം മൂലം ബേങ്കുകളില്‍ നിന്നും മുഴുവന്‍ രേഖകള്‍ ലഭിച്ചിട്ടില്ലെന്നും റിമാന്റ് റിപ്പോര്‍ട്ടിലുണ്ട്. മകന്‍ അഖില്‍ജിത്തിന്റെ മൊഴിയിലാണ് പല സാമ്പത്തിക ഇടപാടുകളെ കുറിച്ചുളള വിവരങ്ങളുളളത്.