Connect with us

Ongoing News

മൂക്കുകുത്തി വീണ് കംഗാരുക്കള്‍; ദക്ഷിണാഫ്രിക്കക്ക് വമ്പന്‍ ജയം

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെടുത്തു. മറുപടി ബാറ്റിങില്‍ 177ല്‍ എത്തുമ്പോഴേക്കും ആസ്‌ത്രേലിയയുടെ മുഴുവന്‍ വിക്കറ്റുകളും വീണു.

Published

|

Last Updated

ലക്‌നൗ | ലോകകപ്പില്‍ ആസ്‌ത്രേലിയക്കെതിരെ വമ്പന്‍ ജയം നേടി ദക്ഷിണാഫ്രിക്ക. 134 റണ്‍സിനാണ് കംഗാരുക്കളെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെടുത്തു. മറുപടി ബാറ്റിങില്‍ 177ല്‍ എത്തുമ്പോഴേക്കും ആസ്‌ത്രേലിയയുടെ മുഴുവന്‍ വിക്കറ്റുകളും വീണു.

74 പന്തില്‍ 46 റണ്‍സെടുത്ത മാമസ് ലബുഷാനെ, മിഷേല്‍ സ്റ്റാര്‍ക് (51ല്‍ 27), പാറ്റ് കമ്മിന്‍സ് (21ല്‍ 22) എന്നിവര്‍ മാത്രമാണ് കംഗാരുക്കള്‍ക്കായി താരതമ്യേന നന്നായി ബാറ്റ് ചെയ്തത്. ആസ്‌ത്രേലിയയുടെ അഞ്ച് ബാറ്റര്‍മാരാണ് രണ്ടക്കം കാണാനാകാതെ കൂടാരം കയറിയത്. എട്ട് ഓവറില്‍ 33 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത കഗിസോ റബാഡ, രണ്ട് വീതം വിക്കറ്റെടുത്ത മാര്‍കോ ജാന്‍സന്‍, കേശവ് മഹാരാജ്, തബ്രായിസ് ഷംസി എന്നിവരാണ് ആസ്‌ത്രേലിയയെ 177ല്‍ ഒതുക്കിയത്. ലുംഗി നിങ്കിഡി ഒരു വിക്കറ്റ് സ്വന്തമാക്കി.

സെഞ്ച്വറി നേടിയ ക്വിന്റണ്‍ ഡി കോക്കിന്റെ ഉജ്ജ്വല ബാറ്റിങാണ് ദക്ഷിണാഫ്രിക്കക്ക് വന്‍ സ്‌കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. 106 പന്ത് നേരിട്ട കോക്ക് 109 റണ്‍സെടുത്ത ശേഷമാണ് പുറത്തായത്. 56 റണ്‍സ് നേടിയ എയ്ഡന്‍ മക്രം, ടെംബ ബവുമ (35), ഹെന്റിക് ക്ലാസന്‍ (29), റാസി വാന്‍ ഡെര്‍ ഡസ്സന്‍ (26), മാര്‍കോ ജാന്‍സന്‍ (26) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. ആസ്‌ത്രേലിയന്‍ ബോളര്‍മാരില്‍ മിഷേല്‍ സ്റ്റാര്‍കും ഗ്ലെന്‍ മാക്‌സ്വെലും രണ്ട് വീതവും ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റും കൊയ്തു.

Latest