Organisation
കനിവ് സുവര്‍ണ രാവ് മെയ് 27 ന്; അറുപതോളം പേരെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കും
മെയ് 27 വെള്ളിയാഴച വൈകീട്ട് അല്‍കോബാര്‍ നെസ്റ്റോ ഓഡിറ്റോറിയത്തിലാണ് സുവര്‍ണ രാവ് നടക്കുക.
ദമാം | സാംസ്‌കാരിക-ജീവകാരുണ്യ രംഗത്ത് കിഴക്കന്‍ പ്രവിശ്യയില്‍ തനതു മുദ്ര പതിപ്പിച്ച കനിവ് സാംസ്‌കാരിക വേദി കൊവിഡ് മഹാമാരിക്കാലത്തെ അതിജീവന വഴികളില്‍ കരുത്തും കാവലുമായി നിന്നവരെ ആദരിക്കുന്നതിനായി സുവര്‍ണ രാവ് 2022 എന്ന പേരില്‍ പുരസ്‌കാര സമര്‍പ്പണ പരിപാടി സംഘടിപ്പിക്കുന്നു. മെയ് 27 വെള്ളിയാഴച വൈകീട്ട് അല്‍കോബാര്‍ നെസ്റ്റോ ഓഡിറ്റോറിയത്തിലാണ് സുവര്‍ണ രാവ് നടക്കുക. മൂന്ന് വിഭാഗങ്ങളിലായി 60 ഓളം പേരാണ് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങുന്നത്. പ്രതീക്ഷകളുടെ പ്രകാശം ആതുര സേവന രംഗത്തു നല്‍കിയ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും പാരാമെഡിക്കല്‍ പ്രവര്‍ത്തകര്‍ക്കുമായി കനിവ് സുവര്‍ണ ജ്യോതി പുരസ്‌കാരവും ചടുലമായ നേതൃത്വത്തിലൂടെ സാമൂഹിക ഇടപെടലുകള്‍ നടത്തിയവര്‍ക്ക് കനിവ് സുവര്‍ണ ജ്യോതിസ് പുരസ്‌കാരവും മാധ്യമ-സാംസ്‌കാരിക രംഗങ്ങളിലെ അക്ഷരസ്‌നേഹികള്‍ക്ക് കനിവ് സുവര്‍ണ ജ്യോതിര്‍മയം പുരസ്‌കാരവും നല്‍കി ആദരിക്കും.
സാമൂഹിക രംഗത്തു നിന്ന് നാസ് വക്കം, ഷാജി മതിലകം, മഞ്ചു മണിക്കുട്ടന്‍, ആതുര ശുശ്രൂഷാ രംഗത്തെ ഡോ: സന്തോഷ് മാധവന്‍, ഡോ: ബെനോ പോലചിറക്കല്‍, ഡോ: പ്രമോദ് മാത്യു, ഡോ: ബിജു വര്‍ഗീസ്, മാധ്യമ സാംസ്‌കാരിക രംഗത്തു നിന്നു സാജിദ് ആറാട്ടുപുഴ, മുജീബ് കളത്തില്‍, ആല്‍ബില്‍ ജോസഫ്, തുടങ്ങി അമ്പതോളം നഴ്‌സിംഗ് പാരാമെഡിക്കല്‍ പ്രവര്‍ത്തകരെയാണ് പുരസ്‌കാരം നല്‍കി ആദരിക്കുക.
പുരസ്‌കാര സമര്‍പ്പണത്തോടനുബന്ധിച്ച് കിഴക്കന്‍ പ്രവിശ്യയിലെ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന വിവിധ കലാവിരുന്നും അരങ്ങേറും. കനിവ് കലാ പ്രവര്‍ത്തകരുടെ ഗാനസന്ധ്യയും ചിരി അരങ്ങും നടക്കും. സാംസ്‌കാരിക സമ്മേളനത്തില്‍ കിഴക്കന്‍ പ്രവിശ്യയിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ സന്തോഷ് ചങ്ങനാശ്ശേരി, ബിജു ബേബി, ഷാജി പത്തിച്ചിറ, ബിനോ കോശി, ഷിജു ജോണ്‍ കലയപുരം, തോമസ് ഉതിമൂട്, ജോണ്‍ രാജു, ജോബി ജോര്‍ജ് സംബന്ധിച്ചു.