Kerala
കാഞ്ഞിരപ്പള്ളി ഇരട്ടക്കൊല; പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവ്
2022 മാര്‍ച്ച് 7നാണ് കൊലപാതകം നടത്തിയത്.
കോട്ടയം | കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലക്കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവ് വിധിച്ച് കോടതി. സഹോദരനെയും മാതൃസഹോദരനെയും വെടിവെച്ചു കൊന്ന കേസില്‍ കരിമ്പാനയില്‍ ജോര്‍ജ് കുര്യനാണ് കോടതി ഇരട്ട ജീവപര്യന്തം തടവ് വിധിച്ചത്.20 ലക്ഷം പിഴയും ഒടുക്കണം. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
പിഴത്തുക കൊല്ലപ്പെട്ട രഞ്ജു കുര്യന്റെ കുടുംബത്തിന് നല്‍കണമെന്നും കോടതി വിധിയില്‍ നിര്‍ദേശിച്ചു. 2022 മാര്‍ച്ച് 7നാണ് കൊലപാതകം നടത്തിയത്. നിരപരാധി ആണെന്നും പ്രായം പരിഗണിച്ച് ഇളവുകള്‍ നല്‍കണമെന്നും ആയിരുന്നു പ്രതിഭാഗത്തിന്റെ വാദം. അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിച്ച് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷനും വാദിച്ചു.
സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് സഹോദരന്‍ കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ രഞ്ജു കുര്യന്‍
മാതൃസഹോദരന്‍ കൂട്ടിക്കല്‍ പൊട്ടംകുളം മാത്യു സ്‌കറിയ (പൂച്ചക്കല്ലില്‍ രാജു -78) എന്നിവരെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു പ്രതി.ജോര്‍ജ് കുര്യന്‍ കുറ്റക്കാരനാണെന്ന് വ്യാഴാഴ്ച കോടതി കണ്ടെത്തിയിരുന്നു.
പ്രതിക്കെതിരെ പൊലീസ് ചുമത്തിയ വകുപ്പുകളെല്ലാം പ്രോസിക്യൂഷന്‍ കോടതിയില്‍ തെളിയിച്ചു. കൊലപാതകം, വീട്ടില്‍ കയറി ആക്രമിക്കല്‍, ആയുധം കൈയ്യില്‍ വയ്ക്കല്‍, സാക്ഷികളെ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയവയാണ് ചുമത്തിയത്. 138 സാക്ഷികളെയും 96 രേഖകളേയും പ്രൊസിക്യൂഷന്‍ ഹാജരാക്കി.