National
കൊലപാതക കേസില്‍ കന്നഡ നടന്‍ ദര്‍ശന് ഇടക്കാല ജാമ്യം
ഡോക്ടര്‍മാരുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് വിലയിരുത്തിയശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്
ബെംഗളൂരു | കൊലപാതക കേസില്‍ ജയിലില്‍ കഴിയുന്ന കന്നഡ സിനിമാ താരം ദര്‍ശന്‍ തൂഗുദീപയ്ക്ക് കര്‍ണാടക ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ശസ്ത്രക്രിയ ആവശ്യത്തിനായി ആറാഴ്ചത്തേക്കാണ് ജസ്റ്റിസ് എസ് വിശ്വജിത് ഷെട്ടി ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഡോക്ടര്‍മാരുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് വിലയിരുത്തിയശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്.ഇരുകാലുകള്‍ക്കും മരവിപ്പ് അനുഭവപ്പെടുന്നുവെന്നും മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ ചെയ്യണമെന്നുമാണ് ദര്‍ശന്റെ ആവശ്യം. ചെലവുകള്‍ സ്വയം വഹിച്ചോളാമെന്നും ദര്‍ശന്‍ അറിയിച്ചിട്ടുണ്ട്.
അതേ സമയം എത്ര ദിവസം ആശുപത്രിവാസം വേണമെന്നുള്ള വിവരങ്ങള്‍ ജാമ്യ ഹരജിയില്‍ ഇല്ലെന്ന് വ്യക്തമാക്കി പ്രോസിക്യൂഷന്‍ എതിര്‍ത്തു. സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്താമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
ദര്‍ശനുമായി അടുപ്പമുള്ള നടി പവിത്രയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരില്‍ ചിത്രദുര്‍ഗ സ്വദേശിയായ രേണുകസ്വാമി എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് ദര്‍ശനെ പ്രതി ചേര്‍ത്തിരിക്കുന്നത്. ദര്‍ശന്റെ ആരാധകനാണ് കൊല്ലപ്പെട്ട രേണുകാസ്വാമി.