National
കനൗജ് അപകടം; എല്ലാവരും സുരക്ഷിതർ
28 തൊഴിലാളികളെ പുറത്തെത്തിച്ചത് 16 മണിക്കൂറിന് ശേഷം
കനൗജ് | ഉത്തർ പ്രദേശിലെ കനൗജ് റെയിൽവേ സ്റ്റേഷനിൽ നിർമാണത്തിലിരിക്കെ തകർന്ന കെട്ടിടത്തിനുള്ളിൽ അകപ്പെട്ട 28 തൊഴിലാളികളെയും രക്ഷപ്പെടുത്തി. 16 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം ഇന്നലെ രാവിലെ അവസാനിച്ചു. സുരക്ഷിതമായി പുറത്തെത്തിച്ച മുഴുവൻ പേരെയും ആശുപത്രിയിലേക്ക് മാറ്റി.
ശനിയാഴ്ച ഉച്ചയോടെയാണ് കനൗജ് റെയിൽവേ സ്റ്റേഷൻ കോന്പൗണ്ടിലെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണത്. ഇതോടെ 28 തൊഴിലാളികൾ അതിനകത്ത് അകപ്പെട്ടു. ദേശീയ- സംസ്ഥാന ദുരന്ത നിവാരണ സേനയിലെയും റെയിൽവേയിലെയും ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള രക്ഷാസംഘങ്ങൾ രാത്രിയിലും നിർത്താതെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും തൊഴിലാളികളെ സുരക്ഷിതമായി പുറത്തെടുക്കാനുമുള്ള ശ്രമം തുടർന്നു. ജില്ലാ കലക്ടർ ശുഭ്രാന്ത് കുമാർ ശുക്ൽ ഇന്നലെ പുലർച്ചെ സ്ഥലം സന്ദർശിച്ചു. പിന്നീടാണ് ദാരുണമായ സംഭവത്തിൽ ആളപായമുണ്ടായിട്ടില്ലെന്ന് അദ്ദേഹം സ്ഥിരീകരിച്ചത്.
അതിനിടെ, സൈറ്റിൽ നിന്നുള്ള സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കോൺക്രീറ്റിനെ താങ്ങിനിർത്താൻ ഉപയോഗിക്കുന്ന താത്കാലിക തൂൺ ശരിയാക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്. തകർച്ചയുടെ കാരണം അന്വേഷിക്കാൻ നോർത്ത് ഈസ്റ്റേൺ റെയിൽവേ (എൻ ഇ ആർ) മൂന്നംഗ സമിതിക്ക് രൂപം നൽകി. സമിതിയിൽ പ്ലാനിംഗ് ആൻഡ് ഡിസൈൻ ചീഫ് എൻജിനീയർ, അഡീഷനൽ ഡിവിഷനൽ റെയിൽവേ മാനേജർ (ഇസത്‌നഗർ), റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സ് ചീഫ് സെക്യൂരിറ്റി കമ്മീഷണർ എന്നിവർ ഉൾപ്പെടും.
റെയിൽവേ സ്റ്റേഷൻ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള അമൃത് (അടൽ മിഷൻ ഫോർ റിജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ) പദ്ധതിയുടെ ഭാഗമായാണ് കനൗജിൽ നിർമാണം നടക്കുന്നത്. പരുക്കേറ്റ തൊഴിലാളികൾക്ക് എൻ ഇ ആർ അധികൃതർ ധനസഹായം പ്രഖ്യാപിച്ചു. നിസ്സാര പരുക്കുള്ളവർക്ക് 50,000 രൂപയും ഗുരുതര പരുക്കുള്ളവർക്ക് 2.5 ലക്ഷം രൂപ വരെയും ലഭിക്കും.