Connect with us

Kerala

കണ്ണൂർ വിമാനത്താവളം: യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന

കഴിഞ്ഞമാസം മാത്രം 57,811 യാത്രക്കാർ

Published

|

Last Updated

മട്ടന്നൂർ | കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെയാണ് യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായത്. കഴിഞ്ഞമാസം മാത്രം 57,811 യാത്രക്കാരാണ് കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തത്. ഇതിൽ 36,423 അന്താരാഷ്ട്ര യാത്രക്കാരും 21,388 ആഭ്യന്തര യാത്രക്കാരും ഉൾപ്പെടും.

കൊവിഡ് പശ്ചാത്തലത്തിൽ വിദേശങ്ങളിലേക്കുള്ള വിമാന യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഏറെ ദിവസങ്ങൾക്കുശേഷം ആയിരുന്നു ഇത് നീക്കം ചെയ്തത്. ഇതോടൊപ്പം കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിനുള്ള വിമാന സർവീസ് ആരംഭിച്ചതും നിരവധി യാത്രക്കാർ വിമാനത്താവളത്തെ ആശ്രയിക്കാൻ കാരണമായി. മലബാറിലെ മിക്ക പ്രവാസികളും നിലവിൽ കണ്ണൂർ വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നത്. നേരത്തേ, കരിപ്പൂർ, മംഗലാപുരം വിമാനത്താവളങ്ങളെ ആശ്രയിച്ചിരുന്നവരാണ് ഇപ്പോൾ കണ്ണൂരിൽ വന്നിറങ്ങുന്നത്. കൂടാതെ ആഭ്യന്തര സർവീസുകളുടെ എണ്ണം വർധിച്ചതും കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ കാരണമായി. അതേസമയം, വിമാനത്താവളത്തിൽ കാർഗോ സർവീസിനുള്ള ട്രയൽ റണ്ണിംഗ് ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. കാർഗോ വിഭാഗത്തിലേക്ക് നിയമിച്ച കസ്റ്റംസ് ഉദ്യോഗസ്ഥർ കഴിഞ്ഞയാഴ്ച വിമാനത്താവളത്തിലെത്തി ചാർജെടുത്തതോടെയാണ് ട്രയൽ റണ്ണിംഗിന് വേണ്ടിയുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. ഏതാനും ദിവസങ്ങൾകൊണ്ട് ട്രയൽ റൺ പൂർത്തിയാക്കി അടുത്ത മാസം ആദ്യത്തോടെ കാർഗോ സർവീസ് തുടങ്ങാനുള്ള ശ്രമത്തിലാണ് അധികൃതർ.

1,200 ചതുരശ്ര മീറ്റർ വിസ്തീർണവും 12,000 ടൺ ചരക്ക് കൈകാര്യം ചെയ്യാൻ ശേഷിയുമുള്ള കാർഗോ കോംപ്ലക്‌സും വിമാനത്താവളത്തിൽ സജ്ജമായിട്ടുണ്ട്. ഇതിന്റെ പ്രവർത്തനം തുടങ്ങുന്നതോടെ നിലവിലുള്ള എണ്ണത്തേക്കാൾ കൂടുതൽ യാത്രക്കാർ കണ്ണൂരിനെ ആശ്രയിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

അന്താരാഷ്ട്ര ചരക്കുനീക്കം തുടങ്ങുന്ന സാഹചര്യത്തിൽ ചരക്കുകൾ മാത്രം വഹിക്കുന്ന കാർഗോ വിമാനങ്ങൾ കണ്ണൂരിൽ എത്തിക്കാനുള്ള നീക്കവും അധികൃതർ തുടങ്ങിയിട്ടുണ്ട്. ഇതിനായി വിമാന കമ്പനികളുമായി കിയാൽ അധികൃതർ ഏതാനും ദിവസം മുമ്പ് ചർച്ച നടത്തിയിരുന്നു. കാർഷിക, കൈത്തറി ഉത്പന്നങ്ങൾ വിമാനത്താവളം വഴി കയറ്റി അയക്കാൻ സാധിച്ചാൽ മലബാറിന്റെ കാർഷിക വ്യവസായിക വളർച്ചക്ക് ഇത് കൂടുതൽ സഹായകമാകും.

Latest